cockatoo-emblem
  • 2032-ലെ ബ്രിസ്ബെയ്ൻ ഒളിംപിക്സിന്‍റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. കംഗാരുവിനെ പിന്തള്ളി ഓസ്‌ട്രേലിയൻ പക്ഷിയായ പിങ്ക് കൊക്കറ്റൂവാണ് ചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ ലോഗോ സോഷ്യൽ മീഡിയ വഴി നേരത്തെ അബദ്ധത്തിൽ ചോർന്നിരുന്നെങ്കിലും അതിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

സോഷ്യല്‍ മീഡിയ പേജില്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്ത് പുറത്തായ ഒളിംപിക് ചിഹ്നം ഔദ്യോഗികമായി പ്രകാശനം ചെയ്ത് ബ്രിസ്ബെയ്ന്‍ ഒളിംപിക്സ് സംഘാടകര്‍. ഓസ്‌ട്രേലിയൻ പക്ഷിയായ പിങ്ക് കൊക്കറ്റൂവിന്റെ തലയിലെ ശിഖയാണ് 2032 ഒളിംപിക്സിന്‍റെ ചിഹ്നം. ഒളിംപിക് ദീപശിഖയെ അനുസ്മരിപ്പിക്കുന്ന ആകൃതിയിലും ആതിഥേയ സംസ്ഥാനമായ ക്വീൻസ്‌ലാൻഡിന്‍റെ രൂപഘടനയിലുമാണ് ചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കംഗാരുവിനെയും കോലയെയും ബിൻ ചിക്കനെയുമെല്ലാം മറികടന്നാണ് 2032 ഒളിംപിക്‌സിന്റെയും പാരാലിംപിക്‌സിന്റെയും ഔദ്യോഗിക ചിഹ്നമായി (എംബ്ലം) കൊക്കറ്റൂ തെരഞ്ഞെടുക്കപ്പെട്ടത്. 

brisbane-olympic-logo

ആദ്യം പ്ലാന്‍ ചെയ്ത എംബ്ലം പ്രകാശനച്ചടങ്ങിനുശേഷം റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന എക്സ്പ്ലെയിനര്‍ വിഡിയോ വെള്ളിയാഴ്ച രാത്രി സംഘാടകരുടെ യൂട്യൂബ് ചാനലില്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. അല്‍പനേരം മാത്രമേ വിഡിയോ 'പബ്ലിക്' ആയിരുന്നുള്ളുവെങ്കിലും അതില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ടുകള്‍ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തുടര്‍ന്ന് സംഘാടകര്‍ക്ക് വാര്‍ത്താസമ്മേളനം വിളിച്ച് സംഗതി വിശദീകരിക്കേണ്ടിയും വന്നു.

അപ്രതീക്ഷിതമായ ഈ ചോർച്ച 'ഉര്‍വശീ ശാപം ഉപകാരം' എന്നതുപോലെയായി എന്നാണ് സംഘാടകരുടെ അനുഭവം. 'അവിശ്വസനീയമായ പബ്ലിസിറ്റിയാണ് ആ ചോര്‍ച്ച വഴി ലഭിച്ചത്' – ബ്രിസ്‌ബേൻ 2032 വൈസ് പ്രസിഡന്റ് ടിം മാൻഡറും ചീഫ് മാർക്കറ്റിംഗ് ഓഫീസർ ബ്രെന്റ് ഹില്ലും പറഞ്ഞു. 

കൊക്കറ്റൂ ചിഹ്നം ബ്രിസ്ബെയ്ന്‍ നഗരത്തിന്റെയും ജീവിതരീതിയുടെയും ആഘോഷമാണെന്ന് മേയർ അഡ്രിയാൻ ഷ്രിന്നർ പറഞ്ഞു. 'ജനങ്ങൾ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ബ്രിസ്‌ബെയ്നെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഊർജ്ജസ്വലവും പരസ്പരബന്ധിതവും സൗഹൃദവും കുസൃതിയും വികൃതിയുമെല്ലാം നിറഞ്ഞതുമായ ഒന്ന്...' ഷ്രിന്നർ പറഞ്ഞു. ഓസ്ട്രേലിയയുടെ ലൈഫ്സ്റ്റൈല്‍ ക്യാപ്പിറ്റല്‍ എന്നറിയപ്പെടുന്ന ബ്രിസ്ബെയ്നില്‍ ഒളിംപിക്സ് വിരുന്നെത്താന്‍ ഇനി ആറുവര്‍ഷം മാത്രമാണ് ബാക്കി.

pink-cockatoo

തദ്ദേശീയ സാംസ്കാരത്തിന്‍റെ സന്ദേശവാഹകരായും മനുഷ്യരെ നാടുമായും ആചാരങ്ങളുമായും ബന്ധിപ്പിക്കുന്നവരായുമാണ് ഓസ്ട്രേലിയയില്‍ കൊക്കറ്റൂകളെ കാണുന്നത്. ഗെയിംസ് മാസ്കറ്റിൽ നിന്ന് വേറിട്ടുനിൽക്കുന്നതാണ് ഒളിംപിക് ചിഹ്നം. മാസ്കറ്റ് ഒളിംപിക്സിനോടടുത്ത സമയത്തായിരിക്കും പുറത്തുവിടുക.

ഒളിംപിക്‌സും പാരാലിംപിക്‌സും ബ്രിസ്‌ബേൻ കേന്ദ്രീകരിച്ചായിരിക്കുമെങ്കിലും ഗോൾഡ് കോസ്റ്റ്, സൺഷൈൻ കോസ്റ്റ് എന്നിവയുൾപ്പെടെ ക്വീന്‍സ്‌ലാന്‍ഡ് സംസ്ഥാനത്തെ മറ്റ് നഗരങ്ങളും മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഇത് മൂന്നാം തവണയാണ് ഓസ്ട്രേലിയ ഒളിംപിക്സിന് ആതിഥേയരാകുന്നത്. 1956-ൽ മെൽബണും 2000-ൽ സിഡ്‌നിയും ലോകകായികമേളയ്ക്ക് വേദിയൊരുക്കിയിട്ടുണ്ട്.

Brisbane 2032 Olympics Emblem Revealed: Pink Cockatoo Chosen Over Kangaroo:

Organizers of the Brisbane 2032 Olympic and Paralympic Games have officially unveiled their official emblem featuring the vibrant crest of the native pink cockatoo. The design combines the silhouette of an Olympic flame with the geographic shape of Queensland, edging out iconic contenders like the kangaroo and koala. While the reveal was accidentally leaked via an unlisted YouTube explainer video on Friday, organizers embraced the incident, calling the resulting viral publicity a blessing in disguise. Marking Australia's third Olympic hosting after Melbourne 1956 and Sydney 2000, events will take place across Brisbane, the Gold Coast, and the Sunshine Coast.