khawaja-aus
  • ലോകത്തെ ഞെട്ടിക്കുകയും ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ നാണംകെടുത്തുകയും ചെയ്ത 'ചുരണ്ടല്‍' ആദ്യം കണ്ടതും ശ്രദ്ധിച്ചതും പകര്‍ത്താന്‍ നിര്‍ദേശിച്ചതും ഫാനി ഡിവില്ലിയേഴ്സ് ആയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടിവി ചാനലിന്റെ കമന്‍റേറായാണ് താരം അന്ന് അവിടെയുണ്ടായിരുന്നത്

ക്രിക്കറ്റില്‍ താന്‍ കണ്ടതിലേറ്റവും വലിയ ഒറ്റുകാരന്‍ ഉസ്മാന്‍ ഖവാജയെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഫാനി ഡിവില്ലിയേഴ്സ്. എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അദ്ദേഹം പ്രതികരിച്ചത്. 'അരനൂറ്റാണ്ടോളമായി ഈ കളിയുമായുള്ള ബന്ധത്തില്‍ പറഞ്ഞാല്‍ ക്രിക്കറ്റില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ വഞ്ചകനാണ്, ഒറ്റുകാരനാണ് ഉസ്മാന്‍ ഖവാജ. മനുഷ്യന് ചിന്തിക്കാന്‍ പറ്റുന്ന പെരുമാറ്റത്തിന്റെ എല്ലാ സഭ്യതയും അയാള്‍ ലംഘിച്ചു. സഹതാരങ്ങളെയാണ് വിറ്റുകളഞ്ഞത്. ഇത് ശരിയോ തെറ്റോ എന്നതല്ല. തെറ്റ് നേരത്തേ തന്നെ സംഭവിച്ചു. അത് ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്‍റെ ഭാഗവുമായി. അങ്ങനെ സംഭവിച്ചത് തീര്‍ത്തും ദൗര്‍ഭാഗ്യകരമായ ഒന്നാണ്. കഴിഞ്ഞുപോയതെല്ലാം വീണ്ടും ഓര്‍മിപ്പിച്ചു. ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ നാണക്കേടിലൂടെ വീണ്ടും കൊണ്ടുപോയി. ബന്ധങ്ങള്‍  തകര്‍ത്തു. ടീമിനുള്ളിലുണ്ടായിരുന്ന ഒത്തൊരുമയെ ഒറ്റി'- അദ്ദേഹം പറഞ്ഞു. 

ലോകത്തെ ഞെട്ടിക്കുകയും ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ നാണംകെടുത്തുകയും ചെയ്ത 'ചുരണ്ടല്‍' ആദ്യം കണ്ടതും ശ്രദ്ധിച്ചതും പകര്‍ത്താന്‍ നിര്‍ദേശിച്ചതും ഫാനി ഡിവില്ലിയേഴ്സ് ആയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടിവി ചാനലിന്റെ കമന്‍റേറായാണ് താരം അന്ന് അവിടെയുണ്ടായിരുന്നത്. 'കീപ്പർ ടിം പെയ്ൻ ബാൻക്രോഫ്റ്റിനു പന്തു നൽകിയപ്പോൾ തന്നെ എന്തോ അസ്വാഭാവികത എനിക്ക് തോന്നി. കൈയ്ക്കുള്ളിൽ എന്തോ ഒളിപ്പിച്ച് പന്ത് തിരുമ്മുന്നതായി കണ്ടതോടെ ക്യാമറമാൻമാരോട് സംഭവം ഷൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. പന്തുമായി സഹതാരങ്ങളിൽ നിന്നും അകന്നു നടക്കുകയായിരുന്നു ബാൻക്രോഫ്റ്റ്. കൃത്രിമം കാട്ടുകയാണെന്നു മനസ്സിലായതോടെ ഒന്നിലധികം ക്യാമറകൾ ബാൻക്രോഫ്റ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു'–ഡിവില്ലിയേഴ്സ് പിന്നീട് വെളിപ്പെടുത്തി.

സംഭവിച്ചതെന്താണെന്ന് നമുക്ക് ആര്‍ക്കും അറിയില്ലെന്നെന്നും പക്ഷേ ആ കാര്യത്തിലേക്ക് വീണ്ടും ചര്‍ച്ച പോകുന്നത് ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറുമെന്നായിരുന്നു മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിന്റെ പ്രതികരണം. 'എങ്ങനെയെങ്കിലും തേഞ്ഞ് മാഞ്ഞ് പോകണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ആഗ്രഹിക്കുന്ന വിഷയമാണത്. ഒരിക്കല്‍ സംസാരിച്ച് വിഷയം അവസാനിപ്പിക്കാന്‍ കമിന്‍സ് ശ്രമിച്ചുവെങ്കിലും പിന്നീട് രണ്ടാഴ്ച കഴിഞ്ഞിട്ടും അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഓസീസ് ക്യാപ്റ്റന് നേരിടേണ്ടി വരുന്നു. ഒരിക്കലും നമുക്കിനി അതിലെ സത്യം പൂര്‍ണമായും അറിയാന്‍ കഴിയില്ല'-വോണ്‍ പറഞ്ഞു.

 ഖവാജ തുറന്ന് വിട്ട ഈ വിവാദത്തെ ആശ്രയിച്ചാകും പാറ്റ് കമിന്‍സിന്‍റെ ക്യാപ്റ്റനായുള്ള ഭാവിയെന്നായിരുന്നു മൈക്കല്‍ അതേര്‍ടന്റെ പ്രതികരണം. ജനങ്ങള്‍ എതിരായാല്‍ അത് ദോഷമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  അതേസമയം, പന്തിന്റെ എല്ലാ അവസ്ഥകളും രൂപമാറ്റങ്ങളും അറിയാന്‍ പ്രാപ്തരാണ് ഓസ്ട്രേലിയന്‍ ബോളര്‍മാര്‍ എന്നായിരുന്നു വസീം അക്രത്തിന്‍റെ പ്രതികരണം. 'ക്രിക്കറ്റ് പ്രേമിയെന്ന നിലയില്‍ നിങ്ങള്‍ക്ക് പന്ത് പരിശോധിക്കാനും ചുരണ്ടി നോക്കാനുമെല്ലാം തോന്നും. ഓരോന്ന് വച്ച് ഉരയ്ക്കുമ്പോഴും ഉണ്ടാകുന്ന പോറലുകള്‍ വ്യത്യസ്തമാണ്. നോക്കൂ, ഞാനാരുടെയും പക്ഷം പിടിക്കുകയല്ല. ഓസ്ട്രേലയക്കാരെ കുറിച്ച് പറ‍ഞ്ഞാല്‍ അവരുടെ തുറന്ന് പറച്ചില്‍ കൊണ്ടും കളിക്കളത്തിലെ കാര്‍ക്കശ്യം കൊണ്ടും ഗ്രൗണ്ടിന് പുറത്ത് അങ്ങേയറ്റത്തെ സത്യസന്ധത കൊണ്ടും പേരെടുത്തവരാണ്'- അക്രം പറഞ്ഞു. എന്നാല്‍ പൊലീസിനടുത്ത് പോയി കുറ്റം ഏറ്റു പറഞ്ഞാല്‍ നിരപരാധിയാവില്ലെന്നും ക്രിമിനല്‍ എന്ന പേര് അവിടെ തന്നെ കിടക്കുമെന്നുമായിരുന്നു മുന്‍ താരമായ ഡെയ്ല്‍ സ്റ്റെയിന്‍ എക്സില്‍ കുറിച്ചത്. 

ENGLISH SUMMARY:

Former South African cricketer Fanie de Villiers has described Usman Khawaja as the biggest cheat he has ever seen in cricket, reigniting the controversy surrounding Australia's 2018 ball-tampering scandal. In an interview with an FM radio channel, De Villiers accused Khawaja of betraying his teammates and damaging the unity within Australian cricket. He also revealed that he was the first to notice Cameron Bancroft's suspicious actions with the ball during the controversial Test match in South Africa and instructed cameramen to capture the incident. Meanwhile, former England captain Michael Vaughan, Michael Atherton, Wasim Akram and Dale Steyn also weighed in on the controversy, with differing views on its impact and the conduct of Australian cricket.