Image Credit: AP

Image Credit: AP

  • 'ഉസ്മാന്‍ സുഹൃത്താണ്. പക്ഷേ സുഹൃത്തുക്കള്‍ ഇങ്ങനെ മറ്റുള്ളവരുടെ ജീവനും സമൂഹത്തിലെ വിലയും വച്ച് കളിക്കില്ല. എന്നെ കുറിച്ചും ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ മറ്റുപലരുടെയും ജീവിതത്തെയും കുറിച്ച് ഉത്തരവാദിത്തരഹിതമായാണ് അദ്ദേഹം പുസ്തകത്തില്‍ എഴുതിവച്ചിരിക്കുന്നത്'

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉസ്മാന്‍ ഖവാജയുടെ വെളിപ്പെടുത്തലുകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്. ഖവാജയുടെ വെളിപ്പെടുത്തലുകളില്‍ തരിമ്പ് പോലും സത്യമില്ലെന്നും കമിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. 'ഞങ്ങള്‍ക്കെല്ലാം അറിയാമെന്ന് അദ്ദേഹം പറയുമ്പോള്‍ അതിനര്‍ഥം, പന്ത് ചുരണ്ടാന്‍ പോകുന്നുവെന്ന് ഞങ്ങളെല്ലാവരും അറിഞ്ഞുവെന്നല്ലേ, 100 ശതമാനം തെറ്റാണത്. സംഭവത്തില്‍ എനിക്കൊന്നും അറിയില്ലെന്ന് കഴിഞ്ഞ എട്ടുവര്‍ഷമായി ഞാന്‍ ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ഉസ്മാന്‍ പറഞ്ഞത് അവിടെ കൊണ്ട് അവസാനിക്കുന്നില്ലല്ലോ. കുറേക്കൂടി ഗുരുതരമാണ് ഉസ്മാന്‍റെ വെളിപ്പെടുത്തല്‍. ഞാനും മറ്റുള്ളവരുമാണ് പന്ത് ചുരണ്ടലിന്‍റെ സൂത്രധാരന്‍മാര്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് തീര്‍ത്തും അസംബന്ധമാണ്'- കമിന്‍സ് തുറന്നടിച്ചു. 

'ഉസ്മാന്‍ സുഹൃത്താണ്. പക്ഷേ സുഹൃത്തുക്കള്‍ ഇങ്ങനെ മറ്റുള്ളവരുടെ ജീവനും സമൂഹത്തിലെ വിലയും വച്ച് കളിക്കില്ല. എന്നെ കുറിച്ചും ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ മറ്റുപലരുടെയും ജീവിതത്തെയും കുറിച്ച് ഉത്തരവാദിത്തരഹിതമായാണ് അദ്ദേഹം പുസ്തകത്തില്‍ എഴുതിവച്ചിരിക്കുന്നത്. ഒരുപക്ഷേ അങ്ങനെയാവാം അദ്ദേഹം അദ്ദേഹത്തിന്‍റെ കഥ പറയുന്നത്. അത് പക്ഷേ ഒരുപാട് ജീവിതങ്ങളെയാണ് ദോഷകരമായി ബാധിച്ചത്'- കമിന്‍സ് കൂട്ടിച്ചേര്‍ത്തു.

സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടുമെന്ന വിവരം തങ്ങള്‍ക്ക് അറിഞ്ഞിരുന്നില്ലെന്ന് കമിന്‍സും മിച്ചല്‍ സ്റ്റാര്‍കും ജോഷ് ഹേസല്‍വുഡും നഥാന്‍ ലയോണുമെല്ലാം പരസ്യ പ്രസ്താവനയിലൂടെ 2021 ല്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം ഖവാജയെ പിന്തുണച്ച് ഡേവിഡ് വാര്‍ണര്‍ രംഗത്തെത്തിയിരുന്നു. വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ബാന്‍​ക്രോഫ്​റ്റ് എന്നിവര്‍ക്കാണ് പന്ത് ചുരണ്ടലില്‍ പങ്കുണ്ടായിരുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. നടപടിയുടെ ഭാഗമായി സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുകയും ടിം പെയ്നെ ക്യാപ്റ്റനാക്കുകയുമായിരുന്നു. 

അന്നത്തെ ഓസീസ് ടീം ക്യാപ്റ്റന്‍ ഡാരന്‍ ലേമാന്‍ ഖവാജയുടെ ആരോപണങ്ങള്‍ തള്ളി. അന്നത്തെ ബാറ്റിങ് കോച്ചായിരുന്ന ഗ്രേയം സ്മിത്തും ഖവാജയുടേത് വ്യാജ ആരോപണങ്ങളാണെന്ന് പ്രതികരിച്ചിരുന്നു. 'ഫീല്‍ഡില്‍ എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് ഒരറിവും ഉണ്ടായിരുന്നില്ല'- എന്നായിരുന്നു സ്റ്റാര്‍കിന്‍റെ പ്രതികരണം. ലിയോണും ഹേസല്‍വുഡും സ്മിത്തിനെയും ബാന്‍​ക്രോഫ്റ്റിനെയും പോലെ മൗനം തുടരുകയാണ്.

അതേസമയം, വിവാദത്തില്‍ പുനരന്വേഷണമില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. '2018 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരത്തില്‍ ഗ്രൗണ്ടിലുണ്ടായത് തീര്‍ത്തും ദൗര്‍ഭാഗ്യകരമായ കാര്യമാണ്. അംപയര്‍മാരോടും എതിരാളികളോടും ടീം പെരുമാറിയ രീതിയില്‍ എനിക്കും വിയോജിപ്പുണ്ട്. അങ്ങേയറ്റം ധാര്‍ഷ്ട്യത്തോടെയും മോശമായുമാണ് അന്ന് പെരുമാറിയത്. അത് ശരിയല്ലെന്ന് ഇപ്പോള്‍ മനസിലാകുന്നു. ഇന്ന് ഞാന്‍ ക്യാപ്റ്റനാണ്. അത്തരത്തിലുള്ള ഒരു സംഭവവും ഇന്നത്തെ ടീമില്‍ നിന്നുണ്ടാകാതെയിരിക്കാന്‍ ഞാന്‍ അങ്ങേയറ്റം ശ്രദ്ധിക്കാറുണ്ട്– കമിന്‍സ് വിശദീകരിച്ചു.

ENGLISH SUMMARY:

Australian captain Pat Cummins has strongly rejected Usman Khawaja's claims about the 2018 ball-tampering scandal, describing them as completely baseless. Cummins denied knowing about the plan to use sandpaper on the ball and accused Khawaja of making irresponsible allegations that could damage the reputations and lives of several Australian cricketers. Khawaja had suggested that senior team members, including Cummins, were involved in orchestrating the scandal, while David Warner has come out in support of Khawaja.