സല്‍മാന്‍ ഖാന്‍ (ഇടത്ത്), Image Credit: PTI

  • പതിനെട്ടാം വയസില്‍ പിതാവ് ഡെങ്കു ബാധിച്ച് മരിച്ചതോടെ കുടുംബത്തിന്‍റെ ഉത്തരവാദിത്തം സല്‍മാന്‍റെ ചുമലിലായി. സൈന്യത്തില്‍ ചേരുകയെന്ന സ്വപ്നം മനസിലൊളിപ്പിച്ച്, സഹോദരങ്ങളുടെ വിശപ്പകറ്റാന്‍ സല്‍മാന്‍ ഡല്‍ഹിക്ക് പോയി. രാപ്പകല്‍ ഊബര്‍ ഡ്രൈവറായി

പുതിയ ചരിത്രം കുറിച്ചാണ് തുഴച്ചിലില്‍ ഇന്ത്യ മെഡല്‍ നേടിയത്. ആ നേട്ടത്തിന് കാരണക്കാരാവട്ടെ സല്‍മാന്‍ ഖാനും സത്നം സിങ്ങും. പോഡിയത്തില്‍ കയറി വെങ്കല മെഡലേറ്റുവാങ്ങുമ്പോള്‍ സല്‍മാന്‍ ഖാന്‍റെ മനസിലൂടെ ഒരുവേള പഴയകാര്യങ്ങള്‍ ഓടിയെത്തിയിട്ടുണ്ടാകും. കാലം കാത്തുവച്ച സമ്മാനമെന്ന് ഈ മെഡല്‍ നേട്ടത്തെ വിളിക്കാനാണ് സല്‍മാനും ഇഷ്ടം. 

ഉത്തര്‍പ്രദേശിലെ അമേഠിയിലെ  പൂരേ ധിംഗായിലാണ് സല്‍മാന്‍ ജനിച്ചത്. മൂന്ന് സഹോദരന്‍മാരും രണ്ട് സഹോദരിമാരും അച്ഛനും അമ്മയും അടങ്ങുന്നതായിരുന്നു കുടുംബം. മൂത്തയാളായിരുന്നു സല്‍മാന്‍. പതിനെട്ടാം വയസില്‍ പിതാവ് ഡെങ്കു ബാധിച്ച് മരിച്ചതോടെ കുടുംബത്തിന്‍റെ ഉത്തരവാദിത്തം സല്‍മാന്‍റെ ചുമലിലായി. സൈന്യത്തില്‍ ചേരുകയെന്ന സ്വപ്നം മനസിലൊളിപ്പിച്ച്, സഹോദരങ്ങളുടെ വിശപ്പകറ്റാന്‍ സല്‍മാന്‍ ഡല്‍ഹിക്ക് പോയി. രാപ്പകല്‍ ഊബര്‍ ഡ്രൈവറായി. 

വിധി പക്ഷേ സല്‍മാനൊപ്പമായിരുന്നു. ഈ പൊക്കവും വണ്ണവും സൈന്യത്തില്‍ ചേരാന്‍ നല്ലതാണെന്നും റിക്രൂട്ട്മെന്‍റില്‍ പങ്കെടുക്കാനുള്ള ഒരുക്കം തുടങ്ങണമെന്നും കൂട്ടുകാരന്‍ പ്രോല്‍സാഹിപ്പിച്ചതോടെ പരിശീലനം ആരംഭിച്ചു. നാലുമാസത്തെ പരിശ്രമത്തിനൊടുവില്‍ ശരീരക്ഷമത പരീക്ഷയും മെഡിക്കലും എഴുത്തുപരീക്ഷയും പാസായി. 2018 സെപ്റ്റംബറില്‍ സല്‍മാന്‍ ബോംബെ എന്‍ജിനീയര്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. 

സൈന്യത്തില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തുഴച്ചിലില്‍ പരിശീലനം ആരംഭിച്ചത്. പരിശീലകരായ സത്യവാനും സതീഷ് സിറാത്തും പ്രഭാത് മിശ്രയുമാണ് സല്‍മാനില്‍ ഒരു കായികതാരമുണ്ടെന്ന് കണ്ടെത്തിയത്. ആദ്യം വിസമ്മതിച്ചുവെങ്കിലും ഒടുവില്‍ സല്‍മാന്‍ തുഴ കയ്യിലെടുത്തു. തുഴച്ചിലില്‍ പ്രതിഭ തെളിയിച്ചുവെങ്കിലും രണ്ടുവട്ടം കായികരംഗം ഉപേക്ഷിക്കാന്‍ സല്‍മാന്‍ തീരുമാനിച്ചു. പക്ഷേ കോച്ചുമാര്‍ സല്‍മാനെ വിടാന്‍ ഒരുക്കമായിരുന്നില്ല. 2022 ലെ  നാഷനല്‍ ഗെയിംസില്‍ സല്‍മാന്‍ സ്വര്‍ണമെഡല്‍ നേടി. അതേ വര്‍ഷം തന്നെ ഇന്‍ഡോര്‍ നാഷനല്‍ ചാംപ്യന്‍ഷിപ്പിലും സ്വര്‍ണം സ്വന്തമാക്കി. സീനിയര്‍ നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ 2023 ല്‍ വെള്ളിയും ഓപ്പണ്‍ സ്പ്രിന്‍റ് നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടി. പിന്നെയും എണ്ണം പറഞ്ഞ നേട്ടങ്ങള്‍. ഒടുവിലിതാ ഏഷ്യന്‍ ഗെയിംസിലും മെഡല്‍. 

ENGLISH SUMMARY:

Indian rowers Salman Khan and Satnam Singh scripted history by winning the bronze medal in the men's double sculls event at the Asian Games. For 28-year-old Salman Khan, hailing from Pure Dhinge in Amethi, Uttar Pradesh, the podium finish marks an emotional journey of grit and resilience. After losing his father to dengue at age 18, Salman took on the responsibility of supporting his family of seven by moving to Delhi to work long hours as an Uber driver. Encouraged by a friend, he cleared the fitness and medical exams to join the Bombay Engineer Group of the Indian Army in September 2018. His coaches identified his rowing talent, and despite considering quitting the sport twice, Salman persevered—ultimately winning gold at the 2022 National Games and multiple national championships before achieving glory on the international stage at the Asian Games