ബോളിവുഡ് താരം സൽമാൻ ഖാനെ പുകഴ്ത്തിയതാണ് നടൻ ടൈഗർ ഷ്റോഫിനെതിരായ ആക്രമണത്തിന് കാരണമായതെന്ന് ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ ഒരാളുടെ വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥരോടാണ് അറസ്റ്റിലായ പ്രതികളിലൊരാൾ ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച മുംബൈയിലെ ജുഹുവിൽ ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെയാണ് ടൈഗർ ഷ്റോഫിന്റെ കാറിനു നേരെ വെടിവയ്പുണ്ടായത്. രണ്ട് അക്രമികൾ താരത്തിന്റെ ബിഎംഡബ്ല്യു കാറിനു നേരെ വെടിയുതിർത്തശേഷം മൂന്നാമനൊപ്പം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. താരത്തിന്റെ ഡ്രൈവർക്കും വഴിയാത്രക്കാരനും പരുക്കേറ്റു. പിന്നാലെ ലോറൻസ് ബിഷ്‌ണോയ് സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് പൊലീസ് പിടികൂടി.

സൽമാനെ പുകഴ്ത്തിയത് വിനയായോ?

2022ൽ ഒരു സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ സിനിമാ ലോകത്തെ ഏക ടൈഗർ സൽമാൻ ഖാൻ മാത്രമാണെന്ന് ടൈഗർ ഷ്റോഫ് പറഞ്ഞിരുന്നു. ഈ പരാമർശമാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴിയെന്നാണ് റിപ്പോർട്ട്. സൽമാൻ ഖാനുമായി അടുപ്പമുള്ളവരെ മുൻപും ലോറൻസ് ബിഷ്‌ണോയ് സംഘം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

1998ൽ രാജസ്ഥാനിൽ സിനിമാ ചിത്രീകരണത്തിനിടെ സൽമാൻ ഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസുമായി ബന്ധപ്പെട്ടാണ് സംഘത്തിന്റെ വൈരാഗ്യം ഉടലെടുത്തത്. ബിഷ്‌ണോയ് സമുദായം കൃഷ്ണമൃഗത്തെ പവിത്രമായാണ് കണക്കാക്കുന്നത്. ഇതിന്റെ പേരിൽ സൽമാൻ ഖാൻ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും സംഘം നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു.

അന്വേഷണവിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നിരീക്ഷിച്ചു

പൊലീസ് അന്വേഷണത്തിന്‍റെ പുരോഗതി പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെ നിരീക്ഷിച്ചിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവർക്ക് ചോർന്നുകിട്ടിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയായ റേഹൻ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്.

ഇന്‍റര്‍നെറ്റ് കോളുകൾ വഴിയാണ് അന്വേഷണവിവരങ്ങൾ കൈമാറിയിരുന്നതെന്നാണ് പൊലീസിന്‍റെ സംശയം. രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്ക് അന്ധേരിയിൽ കണ്ടെത്തിയതും പ്രതികൾ ട്രെയിനിൽ യാത്ര ചെയ്യുന്നതുമുൾപ്പെടെയുള്ള വിവരങ്ങൾ സന്ദേശങ്ങളിലൂടെ ഇവർക്ക് ലഭിച്ചിരുന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്. പൊലീസ് പിടിയിലാകാതിരിക്കാൻ ബൈക്ക്, ട്രെയിൻ, ക്യാബ് എന്നിവ മാറിമാറി ഉപയോഗിച്ചായിരുന്നു രക്ഷപ്പെടാനുള്ള ശ്രമം. ഒടുവിൽ മുംബൈ പൊലീസിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോട്ടയിൽവച്ച് പ്രതികളെ പിടികൂടുകയായിരുന്നു.

സാധാരണ ഫോൺ കോൾ നിർണായകമായി

പൊലീസിനെ വെട്ടിക്കാനായി പ്രതികൾ മൊബൈൽ ഫോണുകളും ഇന്‍റര്‍നെറ്റ് കണക്ഷനുകളും ഓഫാക്കിയിരുന്നു. ഗൂഢാലോചനയുടെ വിവിധ ഘട്ടങ്ങളിൽ ആശയവിനിമയത്തിനായി ഇന്‍റര്‍നെറ്റ് അധിഷ്ഠിത വോയ്സ് ഓവർ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോൾ (VoIP) കോളുകളാണ് ഉപയോഗിച്ചതെന്നാണ് അന്വേഷണവിവരം.

എന്നാൽ, പ്രതികൾ നടത്തിയ ഒരു സാധാരണ ഫോൺ കോൾ അന്വേഷണത്തിൽ നിർണായകമായി. മുംബൈയിലെ ബോറിവലിയിൽനിന്ന് സൂറത്തിലേക്ക് പോകാൻ ഇവർ സ്വകാര്യ ക്യാബ് ബുക്ക് ചെയ്തിരുന്നു. വെടിവയ്പിനുശേഷം അന്ധേരിയിൽനിന്ന് ലോക്കൽ ട്രെയിനിൽ ബോറിവലിയിലെത്തിയ സംഘം അവിടെനിന്ന് ക്യാബിൽ സൂറത്തിലേക്ക് യാത്ര ചെയ്തു.

ക്യാബ് ഡ്രൈവറുടെ ഫോണിലേക്ക് വന്ന ഒരു കോൾ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മുംബൈ പൊലീസിന്റെ ആന്‍റി എക്സ്റ്റോർഷൻ സെൽ സൂറത്തിലെത്തി. പ്രതികളെ സൂറത്ത് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയതായി ക്യാബ് ഡ്രൈവർ മൊഴി നൽകി. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും റിസർവേഷൻ ചാർട്ടുകളും പരിശോധിച്ചപ്പോൾ പ്രതികൾ ജയ്പൂരിലേക്കുള്ള ട്രെയിനിൽ കയറിയതായി കണ്ടെത്തി. തുടർന്ന് കോട്ടയിലെത്തിയ അന്വേഷണസംഘം പ്രതികളെ പിടികൂടുകയായിരുന്നു.

ആയുധങ്ങൾ എത്തിച്ചുനൽകിയ രണ്ട് സ്ത്രീകളും അറസ്റ്റിൽ

ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ എത്തിച്ചുനൽകിയതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തിൽനിന്ന് രണ്ട് തോക്കുകളും പത്ത് ജീവനുള്ള വെടിയുണ്ടകളും മുംബൈ ക്രൈംബ്രാഞ്ച് കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്.

ടൈഗർ ഷ്റോഫിന്‍റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയില്ല

ഒക്ടോബർ 18ന് കാറിനു നേരെയുണ്ടായ വെടിവയ്പിനുശേഷം ടൈഗർ ഷ്റോഫ് കടുത്ത മാനസിക വിഷമത്തിലാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ താൻ ഞെട്ടിപ്പോയെന്നും ആരുമായും ശത്രുതയില്ലെന്നും താരം പൊലീസിനോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്നോ എന്തിനാണ് വെടിയുതിർത്തതെന്നോ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് വിവരം. സംഭവത്തെത്തുടർന്നുള്ള മാനസിക വിഷമം കാരണം താരത്തിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു.

Tiger Shroff Car Firing Linked to Salman Khan Praise:

Tiger Shroff car firing incident linked to Lawrence Bishnoi gang reveals that praising Salman Khan triggered the attack. Mumbai police successfully arrested the suspects involved in the shooting after a detailed investigation