മാസങ്ങളായി കളത്തിലിറങ്ങാനാകാതെ നിരാശയിലായിരുന്നു കൗമാരതാരം ബ്രയാന്‍ മഡ്ജോ. ചാംപ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജിക്കെതിരെ ഗോളടിച്ച് ഗംഭീര അരങ്ങേറ്റം കുറിച്ചു. സൂപ്പര്‍ കപ്പില്‍ ഗോള്‍ നേടുന്ന പ്രായംകുറഞ്ഞ താരമായി മഡ്ജോ.
പതിനെട്ടു വയസ്സിൽ താഴെയുള്ള കളിക്കാർക്ക് രാജ്യാന്തര ക്ലബ് മാറ്റത്തിന് വിലക്കുണ്ട്. ജനുവരിയിൽ ഫ്രഞ്ച് ക്ലബ് മെറ്റ്സിൽ നിന്ന് ടീമിലെത്തിയ പതിനേഴുകാരനുവേണ്ടി ആസ്റ്റന്‍ വില്ല നടത്തിയ നിയമപോരാട്ടം താരത്തിന് നേട്ടമായി. കായിക തർക്ക പരിഹാര കോടതിയിൽനിന്ന് അനുകൂല വിധി നേടിയ ശേഷമാണ് വില്ല താരത്തെ റജിസ്റ്റർ ചെയ്യാനുള്ള ഫിഫയുടെ വിലക്ക് മറികടന്നത്. മഡ്ജോ ലണ്ടനിലാണ് ജനിച്ചതെന്നതിനാൽ ഈ നിയമത്തിൽനിന്ന് ഇളവ് നൽകണമെന്നായിരുന്നു ക്ലബ്ബിന്റെ വാദം.
ഏകദേശം 106 കോടി രൂപയ്ക്കായിരുന്നു കൈമാറ്റം. പിഎസ്ജിക്കെതിരായ മത്സരത്തില്‍ കോച്ച് ഉനായ് എമറി അർപ്പിച്ച വിശ്വാസത്തിന് ഗോളടിച്ച് 17കാരന്‍ മറുപടി നല്‍കി. ആദ്യപകുതിയിൽ താരത്തിനു ലഭിച്ച മൂന്ന് അവസരങ്ങളിൽ ഏറ്റവും കടുപ്പമേറിയതായിരുന്നു റെഡ് ബുൾ അറീനയിലെ ആ ഗോൾ. വില്യൻ പാച്ചോയെ തടഞ്ഞുനിർത്തി, ജോൺ മക്ഗിൻ നൽകിയ ക്രോസ് ഒരു മനോഹരമായ വോളിയിലൂടെ മഡ്ജോ വലയിലെത്തിച്ചു. കഠിനാധ്വാനം ചെയ്യാനും കളിയിൽ ഉയർന്ന നിലവാരം പുലർത്താനുമുള്ള കഴിവും അവൻ പ്രകടിപ്പിച്ചതുകൊണ്ടാണ് ടീമിൽ അവസരം നൽകിയതെന്ന് പരിശീലകൻ എമറി പറഞ്ഞു. കരുത്തും മികച്ച ടെക്നിക്കുമുള്ള സെന്റർ ഫോർവേഡായ മാഡ്ജോയുടെ ശൈലിയെ റൊമേലു ലുക്കാക്കുവിനോടാണ് പലരും ഉപമിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇംഗ്ലണ്ട് നിരയില്‍ ഹാരി കെയ്ന്റെ സഥാനത്തേക്ക് മഡ്ജോ എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.