യുവേഫ സൂപ്പര്‍ കപ്പിനായി ഇന്ന് പിഎസ്ജിയും ആസ്റ്റന്‍ വില്ലയും നേര്‍ക്കുനേര്‍. ഫിഫ ലോകകപ്പിന് പ്രവേശനാനുമതി നിഷേധിക്കപ്പെട്ട സൊമാലിയന്‍ റഫറി ഒമര്‍ അര്‍ത്താനാണ് മല്‍സരം നിയന്ത്രിക്കുന്നത്. ഇതോടെ ഫിഫയ്ക്കെതിരായ യുവേഫയുടെ ശക്തിപ്രകടനം കൂടിയാകും സൂപ്പര്‍ കപ്പ്. ഓസ്ട്രിയയിലെ സാൽസ്ബർഗില്‍ രാത്രി 12.30നാണ് മല്‍സരം.
ലോകകപ്പ് ഫൈനൽ കഴിഞ്ഞ് മൂന്നാഴ്ച തികയും മുൻപ് പുതിയ യൂറോപ്യൻ ഫുട്ബോൾ സീസണിലെ ആദ്യ കിരീടത്തിനായി പാരിസ് സെന്‍റ് ജെർമെയ്നും ആസ്റ്റൻ വില്ലയും സൂപ്പർ കപ്പിൽ ഏറ്റുമുട്ടും. മല്‍സരം നിയന്ത്രിക്കുന്നത് ലോകകപ്പിനായി അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സൊമാലിയന്‍ റഫറി ഒമര്‍ അര്‍ത്താനും. ആദ്യമായാണ് സൂപ്പര്‍ കപ്പിലേക്ക് യൂറോപ്പുകാരനല്ലാത്ത ഒരു റഫറിയെത്തുന്നത്. ജിയാനി ഇൻഫാന്‍റിനോയുടെ സമീപകാല നടപടികളുടെ പശ്ചാത്തലത്തിൽ ലോക ഫുട്ബോളിലെ ഈ രണ്ട് അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള അകൽച്ച വർധിക്കുന്നതിനിടെയാണ് ഫിഫയെ കാഴ്ചക്കാരാക്കി യുവേഫയുടെ ഈ ശക്തിപ്രകടനം.
റയൽ മഡ്രിഡിനുശേഷം സൂപ്പർ കപ്പ് നിലനിർത്തുന്ന രണ്ടാമത്തെ ടീമാകാനാണ് പിഎസ്ജിയുടെ ശ്രമം. ലോകകപ്പിൽ കളിച്ച താരങ്ങളെല്ലാം ടീമിനൊപ്പം ചേര്‍ന്നു. പ്രധാന താരങ്ങളായ മോർഗൻ റോജേഴ്സ് ചെല്‍സിയിലേക്കും യൂറി ടിലെമാൻസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേയ്ക്ക് പോയതോടെ ആസ്റ്റന്‍ വില്ലയ്ക്ക് ഇത്തവണ പുതിയ മുഖമായിരിക്കും. സ്വിസ് ലോകകപ്പ് താരം യോഹാൻ മൻസാംബി, ബ്രസീലിയൻ മിഡ്ഫീൽഡർ ജാവോ ഗോമസ് എന്നിവർ ടീമിലെത്തി. കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് മൻസാംബി ഇന്ന് കളിക്കില്ല.