പോഡിയത്തിൽ ഒരു കായികതാരം നിൽക്കുന്നു. കഴുത്തിൽ മെഡൽ, മുന്നിൽ ദേശീയപതാക, പിന്നിൽ ദേശീയഗാനം മുഴങ്ങുന്നു. കാണുന്നവർക്ക് അത് വിജയത്തിന്‍റെ  ആഹ്ളാദ നിമിഷങ്ങള്‍ . എന്നാൽ ആ നിമിഷത്തിലേയ്ക്ക് എത്താൻ ഒരു കായികതാരം പിന്നിടുന്നത് എത്ര വർഷങ്ങളാണ്... വിയർപ്പിന്‍റെയും  വേദനയുടെയും പരാജയങ്ങളുടെയും പ്രതീക്ഷകളുടെയും വർഷങ്ങൾ.

ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് 2026 മെഡൽ ജേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ഒരു വാചകം ആ യാഥാർഥ്യത്തെ ഏറ്റവും മനോഹരമായി വരച്ചുകാട്ടിയിരിക്കുന്നു.“ഓരോ തുള്ളി കണ്ണീരിൽ നിന്നും സ്വർണമെഡലുകൾ പിറക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്.”

ഒളിമ്പിക് വെള്ളിമെഡൽ ജേതാവായ മീരാബായ് ചാനുവിനോടായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഈ വാക്കുകൾ. ഗ്ലാസ്ഗോയിൽ സ്വർണം നേടിയ ശേഷം പോഡിയത്തിൽ നിന്നപ്പോൾ നിയന്ത്രിക്കാനാകാതെ ഒഴുകിയ കണ്ണുനീരിന്‍റെ കഥ മീരാബായ് പങ്കുവെച്ചതിനു പിന്നാലെയായിരുന്നു ഈ പ്രതികരണം.

ഒരു സ്വർണമെഡലിലേയ്ക്കുള്ള യാത്ര

ഗ്ലാസ്ഗോയിലെ സ്വർണമെഡലിന് പിന്നിൽ മീരാബായിക്ക് പറയാനുള്ളത് ഒരു വിജയകഥ മാത്രമല്ല, അതൊരു പോരാട്ടത്തിന്‍റെ യാത്ര കൂടിയാണ്. പാരീസ് ഒളിമ്പിക്സിൽ വെറും ഒരു കിലോഗ്രാം വ്യത്യാസത്തിൽ മെഡൽ നഷ്ടപ്പെട്ട വേദന ഇന്നും അവരുടെ മനസ്സിലുണ്ട്. അതിനുശേഷം തുടർച്ചയായ പരിക്കുകളും ശാരീരിക ബുദ്ധിമുട്ടുകളും, ആത്മവിശ്വാസത്തെ പരീക്ഷിച്ച നിമിഷങ്ങളും നിറഞ്ഞതായിരുന്നു അടുത്ത നാല് വർഷം.

 

എന്നാൽ ഒരു കായികതാരത്തിന്‍റെ ജീവിതത്തിൽ തോൽവി അവസാനമല്ല. പരാജയത്തിന് ശേഷം വീണ്ടും പരിശീലനത്തിലേയ്ക്ക് മടങ്ങുക, പരിക്കുകളിൽ നിന്ന് മുക്തി നേടുക, ശരീരത്തെ വീണ്ടും മത്സരത്തിന് സജ്ജമാക്കുക, ഇതെല്ലാം മീരാബായ് ചെയ്തു. സ്വർണ നേട്ടത്തിന് ശേഷം ആ പോഡിയത്തിൽ നിൽക്കുമ്പോൾ കഴിഞ്ഞ വർഷങ്ങളിലെ ആ വേദനകളെല്ലാമാണ് ആ കണ്ണീരിലൂടെ പുറത്ത് വന്നത്.

“നമ്മുടെ പതാക ഉയരുകയും ദേശീയഗാനം മുഴങ്ങുകയും ചെയ്യുന്ന നിമിഷത്തിൽ കണ്ണുനീർ തനിയെ വരും,” എന്നായിരുന്നു മീരാബായിയുടെ വാക്കുകൾ. ആ കണ്ണുനീർ പരാജയത്തിന്‍റേതായിരുന്നില്ല. മറിച്ച്, പരാജയങ്ങളെ അതിജീവിച്ച് നേടിയ വിജയത്തിന്‍റെ കണ്ണുനീര് തന്നെയായിരുന്നു. വിജയം ഒരാളുടേതല്ല... ഒരു കായികതാരം മെഡൽ നേടുമ്പോൾ ആ വിജയം സാധാരണയായി ആ താരത്തിന്‍റെ പേരിലാണ് രേഖപ്പെടുത്തപ്പെടുന്നത്. എന്നാൽ അതിന് പിന്നിൽ ഒരു വലിയ കൂട്ടായ്മയുണ്ട്.

മാതാപിതാക്കളുടെ ത്യാഗം, കുടുംബത്തിന്‍റെ സാമ്പത്തികവും മാനസികവുമായ പിന്തുണ, പരിശീലകരുടെ കഠിനാധ്വാനം, സുഹൃത്തുക്കളുടെ പ്രോത്സാഹനം ഇവയുടെയെല്ലാം ആകെത്തുകയായിട്ടാണ് ഒരു ചാമ്പ്യൻ രൂപപ്പെടുന്നത്. 'നിങ്ങളുടെ ഈ നേട്ടം നിങ്ങളുടെ മാത്രം നേട്ടമല്ല. നിങ്ങളുടെ വിജയം വരുംതലമുറകൾക്ക് വലിയൊരു പ്രചോദനമാണ്.' മോദി പ്രശംസയറിച്ചത് ഇങ്ങനെയായിരുന്നു. ഒരു മെഡൽ നേടുന്ന നിമിഷം അവസാനിച്ചാലും അതിന്റെ സ്വാധീനം അവിടെ അവസാനിക്കുന്നില്ല. ഒരു കുട്ടി ആ വിജയം കാണുന്നു. ഒരു പുതിയ സ്വപ്നം കാണുന്നു. അടുത്ത തലമുറയിലെ ഒരു കായികതാരമാണ് അവിടെ ജനിക്കുന്നത്.

ഗ്ലാസ്ഗോയിൽ ഇന്ത്യ നേടിയ വിജയം ചെറിയൊരു നേട്ടമല്ല. 2022ലെ ബർമിംഗ്ഹാം ഗെയിംസിനെ അപേക്ഷിച്ച് ഇത്തവണ ഇന്ത്യയുടെ സംഘവും മത്സര ഇനങ്ങളുടെ എണ്ണവും കുറവായിരുന്നു. ബർമിംഗ്ഹാമിൽ ഇന്ത്യ 210 താരങ്ങളെ അയച്ചപ്പോൾ ഗ്ലാസ്ഗോയിൽ 122 താരങ്ങളാണ് മത്സരിച്ചത്. 2022ൽ ഇന്ത്യ നേടിയ 61 മെഡലുകളിൽ 30 എണ്ണം ഗ്ലാസ്ഗോയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത കായിക ഇനങ്ങളിലായിരുന്നു. എന്നിട്ടും ഇന്ത്യ 13 സ്വർണം, 17 വെള്ളി, 9 വെങ്കലം ഉൾപ്പെടെ 39 മെഡലുകളുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 38 ഇന്ത്യൻ താരങ്ങൾ മെഡൽ നേടി. ദീർഘദൂര ഓട്ടതാരം ഗുൽവീർ സിംഗ് മാത്രമാണ് രണ്ട് മെഡലുകൾ സ്വന്തമാക്കിയത്. സംഖ്യകൾക്കപ്പുറം, ഈ നേട്ടം ഇന്ത്യൻ കായികതാരങ്ങളുടെ കഴിവിന്റെയും പരിമിതികളെ മറികടക്കാനുള്ള മനക്കരുത്തിന്റെയും തെളിവുതന്നെയാണ്.

ഒരു മെഡലിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആയിരം ത്യാഗങ്ങൾ | athlete-victory-journey:

Athlete journeys are filled with years of sweat, pain, and hope, culminating in joyous moments of victory. This inspiring narrative highlights the dedication of athletes who overcome challenges to achieve their dreams, exemplified by the success of Indian sportspersons.