Image: REUTERS/Hannah Mckay
ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി നടന്ന പ്രസ് കോൺഫറൻസിൽ, പത്തൊമ്പതാം വയസ്സിലും അസാധാരണ പക്വത പ്രകടിപ്പിച്ച് സ്പാനിഷ് കൗമാര താരം ലമീൻ യമാൽ. ഫ്രാൻസുമായുള്ള നിർണ്ണായക പോരാട്ടത്തിന് മുൻപ് നടന്ന വാർത്താസമ്മേളനത്തിൽ, തിളങ്ങുന്ന വജ്രമാല അണിഞ്ഞാണ് താരം എത്തിയത്. 19-ാം ജന്മദിനത്തോടനുബന്ധിച്ച് ആരെങ്കിലും സമ്മാനിച്ചതാണോ ഇതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരിയോടെയായിരുന്നു യമാലിന്‍റെ മറുപടി. ‘ഇതൊരു സമ്മാനമല്ല, ഇത് ഞാൻ എനിക്ക് തന്നെ വാങ്ങിയതാണ്. എനിക്കുള്ള എന്‍റെ സ്വന്തം ജന്മദിന സമ്മാനം’ ലമീൻ യമാൽ പറഞ്ഞു. ജൂലൈ 13നാണ് ലമീൻ യമാലിന്‍റെ ജന്മദിനം.
മൈതാനത്ത് ഫുൾബാക്കുകളെ കബളിപ്പിക്കുന്ന അതേ ലാഘവത്തോടെയാണ് വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളെയും യമാൽ നേരിട്ടത്. ഫ്രഞ്ച് ടീമിലെ കളിക്കാരെ കുറിച്ചുയര്‍ന്ന വംശീയ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാവരെയും ഒന്നിപ്പിക്കുന്ന ഫുട്ബോളിന്‍റെ മാന്ത്രികതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നായിരുന്നു യമാലിന്‍റെ മറുപടി. സ്പെയിനും ഫ്രാൻസും വൈവിധ്യമാർന്ന സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന രാജ്യങ്ങളാണെന്നും, ഫുട്ബോളിന്റെ യഥാർത്ഥ ലക്ഷ്യം ജനങ്ങളെ ഒന്നിപ്പിക്കുകയാണെന്നും യമാല്‍ പറഞ്ഞു. ഇത്തരം ചർച്ചകൾക്കല്ല ഫുട്ബോൾ പ്രാധാന്യം നൽകുന്നതെന്നും യമാൽ ഓർമ്മിപ്പിച്ചു.
തന്‍റെ ഇളയ സഹോദരൻ കെയ്‌ൻ ലോകകപ്പ് വേദികളിൽ വൈറലായതിനെക്കുറിച്ചും താരം സംസാരിച്ചു. ക്യാമറകൾ കാണുമ്പോൾ കുസൃതി കാണിക്കുന്ന സഹോദരനെ കാണുമ്പോള്‍ തന്‍റെ സന്തോഷം ഇരട്ടിക്കുന്നതായി യമാല്‍ പറഞ്ഞു. ലോകകപ്പിൽ ഒരു ഗോൾ മാത്രമാണ് നേടിയിട്ടുള്ളതെന്ന വിമർശനങ്ങളെ, ടീമിന്‍റെ ജയത്തിനാണ് മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി യമാല്‍ തള്ളി. യൂറോപ്യന്‍ ചാമ്പ്യൻമാര്‍ എന്ന നിലയിലുള്ള, സ്പെയിനിന്‍റെ സമ്മർദ്ദം തനിക്ക് ഒട്ടും അനുഭവപ്പെടുന്നില്ലെന്നും, ഫ്രാൻസിനെ നേരിടാൻ തങ്ങൾ പൂർണ്ണ സജ്ജരാണെന്നും യമാൽ ആത്മവിശ്വാസത്തോടെ പറഞ്ഞു. ലോകകപ്പ് ഫൈനലിൽ എത്തുക എന്നതാണ് തന്റെ ഏറ്റവും വലിയ ജന്മദിന സമ്മാനമെന്ന് പറഞ്ഞാണ് യമാല്‍ സംഭാഷണം അവസാനിപ്പിച്ചത്.