കാബോ വെര്‍ദെ ഗോള്‍ കീപ്പര്‍ വോസീഞ്ഞയുടെ പ്രശസ്തി അങ്ങ് കടലാഴങ്ങളില്‍ വരെ. കരീബിയൻ കടലിൽ നിന്ന് മുമ്പ് കണ്ടെത്തിയിട്ടില്ലാത്ത ചെറിയ ചുവന്ന കടലൊച്ചിന് വോസീഞ്ഞയെന്ന പേരിട്ടു ശാസ്ത്രജ്ഞര്‍.
ലോകകപ്പ് വേദിയിൽ കാബോ വെര്‍ദയുടെ ഗോള്‍കീപ്പര്‍ വോസീഞ്ഞ മാസ്മരിക പ്രകടനം കാഴ്ചവച്ച നാളുകളിലായിരുന്നു പുതിയ കടലൊച്ചിനെ കണ്ടെത്തിയത്. ഇതാണ് ഫുട്ബോളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരു പേര് നൽകാൻ സ്പാനിഷ് ജീവശാസ്ത്രജ്ഞനായ ഓർടിയയെ പ്രേരിപ്പിച്ചത്.
കാബോ വെര്‍ദയുടെ ഗോള്‍കീപ്പര്‍ വോസിഞ്ഞ എന്ന ജോസിമാര്‍ ഡയസിനോടുള്ള ആദരസൂചകമായിട്ടാണ് ചുവന്ന കടലൊച്ചിന് അല്‍ഡിസ വോസിഞ്ഞ എന്ന പേര് നല്‍കിയത്.
‘ചെമ്പട' എന്നറിയപ്പെടുന്ന സ്പെയിനിനെതിരെ ഗോള്‍പോസ്റ്റിന് മുന്നില്‍ ഉജ്വല പ്രകടനം നടത്തിയ വോസിഞ്ഞയോടുള്ള ബഹുമാനാർഥമാണ് ഈ പേര് നൽകിയത്. സ്പാനിഷ് ജീവശാസ്ത്രജ്ഞനായ ഓർടിയയുടെ ഈ തീരുമാനത്തിന് പിന്നിൽ വ്യക്തിപരമായ ഒരു ഘടകം കൂടിയുണ്ട്. കാബോ വെര്‍ദ ദ്വീപസമൂഹവുമായും അവിടുത്തെ സമുദ്ര ആവാസവ്യവസ്ഥയുമായും ഈ ശാസ്ത്രജ്ഞന് ദീർഘകാലത്തെ ബന്ധമുണ്ട്. ഒർട്ടിയ തന്റെ കണ്ടുപിടിത്തങ്ങളിലൊന്നിനെ ഫുട്ബോളുമായി ബന്ധിപ്പിക്കുന്നത് ഇത് ആദ്യമായല്ല.
സ്പാനിഷ് ജീവശാസ്ത്രജ്ഞനായ ഓര്‍ടിയ താൻ ആരാധിക്കുന്ന ഫുട്ബോൾ താരങ്ങളുടെ പേരുകൾ കണ്ടെത്തുന്ന ജീവിവർഗങ്ങൾക്കിടാറുണ്ട്. മുൻ സ്പാനിഷ് സ്ട്രൈക്കർ ക്വിനിയുടെ പേരും , കോസ്റ്ററിക്കയിൽ കണ്ടെത്തിയ മറ്റൊന്നിന് മുൻ കോസ്റ്ററിക്കൻ ഗോൾകീപ്പർ കെയ്‌ലർ നവാസിനോടുള്ള ആദരസൂചകമായും പേരിട്ടു. കടല്‍ ഒച്ചിന് 'അൽഡിസ വോസിഞ്ഞ' എന്ന് പേരിട്ടതോടെ, വോസിഞ്ഞയുടെ പേര് ഇനി ഫുട്ബോളിനും അപ്പുറം വേറിട്ട രീതിയിൽ ഓർമിക്കപ്പെടും.