Untitled design - 1

അര്‍ജന്റീന–ഇംഗ്ലണ്ട് സെമി പോരിന് മുന്നേ കളത്തിന് പുറത്ത് റഫറിയിങ് വിവാദം ചൂടുപിടിക്കുകയാണ്. ലോകകപ്പില്‍ റഫറിമാരുടെ തീരുമാനങ്ങളിലെ നിഷ്പക്ഷതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ പുതിയ റഫറിയിങ് ചട്ടം എരിതീയിൽ എണ്ണയൊഴിക്കുന്നു എന്നാണ് വാദം. എന്തായാലും ഈ ലോകകപ്പ് പില്‍ക്കാലത്ത് ഓര്‍മിക്കപ്പെടുക ‘VAR’ ലോകകപ്പ് എന്നാവും. 

 

സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ ഫൈനലിൽ, അഭിനയിച്ച് വീണതിന് സ്വിസ് താരം ബ്രീൽ എംബോളോയെ പുതിയ വാർ നിയമപ്രകാരം രണ്ടാം മഞ്ഞക്കാർഡ് നൽകി പുറത്താക്കിയതോടെയാണ് വിവാദം ആളിക്കത്തിയത്.  

VAR അടിസ്ഥാനപരമായ തീരുമാനങ്ങളെത്തന്നെ  തിരുത്തിയെഴുതുന്ന 'റീ-റഫറിയിങ്' ആണെന്ന്  ഫിഫ മുന്‍ റഫറിയും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററുമായ ക്രിസ്റ്റീന ഉങ്കൽ  വിമർശിച്ചു. ഇതോടെ, വലിയ തോതിൽ പരീക്ഷിക്കപ്പെടാത്ത ഒരു നിയമം കായികലോകത്തെ ഏറ്റവും വലിയ വേദിയിൽ പൊതുചർച്ചയ്ക്ക് വഴിയൊരുക്കി. തുടക്കത്തിലേ ഇത് പ്രയോഗിക്കാൻ പാടില്ലായിരുന്നു.  ഇതിന്റെ സാധ്യതകൾ വളരെ വിശാലമെന്നും ഫിഫ മുൻ റഫറി ക്രിസ്റ്റീന പറഞ്ഞു.   

 

ആവേശം കുറയ്ക്കും,  കളിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും,  ശ്രദ്ധ കളിക്കാരിൽ നിന്ന് റഫറിമാരിലേക്ക് മാറും. ഇതാണ് VAR നെക്കുറിച്ചുള്ള വലിയ പരാതി. 

സ്ലോ മോഷൻ ദൃശ്യങ്ങൾ ഉപയോഗിച്ച് സംശയാസ്പദമായ ഫൗളുകളും ഓഫ്സൈഡുകളും അമിതമായി വിശകലനം ചെയ്യുന്നത് കളിയുടെ രസം കെടുത്തും. വല കുലുങ്ങുന്ന നിമിഷം തന്നെ മനസ്സു നിറഞ്ഞ് ആഘോഷിക്കാൻ ഇപ്പോൾ ആരാധകർക്ക് കഴിയുന്നില്ല. നേരിയ ഓഫ്സൈഡുകളോ സംശയകരമായ ഫൗളുകളോ ഒഫീഷ്യലുകൾ പുനഃപരിശോധിക്കുമ്പോൾ തങ്ങളുടെ ആർപ്പുവിളികൾ അടക്കിപ്പിടിക്കാൻ അവർ നിർബന്ധിതരാകുന്നു. 

ഓട്ടമേറ്റഡും സെമി ഓട്ടമേറ്റഡുമായ ഓഫ്‌സൈഡ് സാങ്കേതികവിദ്യ വന്നതോടെ, കളിക്കാരന്റെ കാൽവിരലോ ഷർട്ടിന്റെ കൈയോ മില്ലിമീറ്ററിന്റെ നേരിയ അംശത്തിനു മുന്നിലായതിന്റെ പേരിൽ ഗോളുകൾ വ്യാപകമായി നിഷേധിക്കപ്പെടുകയാണ്. ഇത് ഓഫ്‌സൈഡ് നിയമത്തിന്റെ യഥാർഥ അന്തസത്തയ്ക്ക് വിരുദ്ധമെന്ന് വിമർശകർ വാദിക്കുന്നു. 

കളിക്കളത്തിലെ വ്യക്തവും പ്രത്യക്ഷവുമായ പിഴവുകൾ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിഡിയോ അസിസ്റ്റന്റ് റഫറി അഥവ (വാർ) സംവിധാനം കൊണ്ടുവന്നതെങ്കിലും, അതിസൂക്ഷ്മ പരിശോധനയിലേക്ക് കടന്നിരിക്കുന്ന വാര്‍.  ഒരു ടാക്കിളിന്റെയോ ഹാൻഡ്‌ബോളിന്റെയോ ദൃശ്യങ്ങൾ വേഗം കുറച്ച്  കാണുമ്പോൾ പലപ്പോഴും അതിന്റെ യഥാർഥ സാഹചര്യം വളച്ചൊടിക്കപ്പെടുന്നു. മാത്രമല്ല, ഒരേ ദൃശ്യം കണ്ടു കൊണ്ടുതന്നെ വ്യത്യസ്ത റഫറിമാർക്ക് പലപ്പോഴും വ്യത്യസ്ത നിഗമനങ്ങളിൽ എത്താനും സാധിക്കുന്നു.

കൃത്യത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഫുട്ബോളിന്റെ മാനുഷിക ഭാവവും സ്വാഭാവികതയും ഇല്ലാതാക്കുന്നുവെന്ന് ഫുട്ബോള്‍ വിദഗ്ധരും പരിശീലകരും ആരാധകരും ഒരുപോലെ പരാതിപ്പെടുന്നു.  

 

ENGLISH SUMMARY:

VAR controversy is heating up before the Argentina-England semi-final, with debates about the neutrality of referee decisions in the World Cup. The new VAR rule is being criticized for its potential to diminish the excitement and flow of the game.