vaibhav-suryavanshi

ഐപിഎല്ലിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയം പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയാണ്. ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ റൺവേട്ടക്കാരന്‍. ടൂർണമെന്റിലെ 'മോസ്റ്റ് വാല്യുബിൾ പ്ലെയർ'! 237.30 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റിൽ 72 സിക്‌സറുകൾ ഉൾപ്പെടെ 776 റൺസാണ് ഈ ഇടങ്കയ്യൻ ബാറ്റർ അടിച്ചുകൂട്ടിയത്. ഈ മികച്ച പ്രകടനത്തോടെ ടൂർണമെന്റിലെ 'സൂപ്പർ സ്‌ട്രൈക്കർ' പുരസ്‌കാരവും വൈഭവ് സ്വന്തമാക്കി. സമ്മാനമായി ഒരു ടാറ്റാ സിയറ എസ്‌യുവി കാറും ലഭിച്ചു.

എന്നാൽ പതിനെട്ട് വയസ്സ് തികയാത്ത വൈഭവിന് ഈ കാറോടിക്കാൻ 2029 വരെ കാത്തിരിക്കേണ്ടി വരും. കാരണം ഔദ്യോഗിക രേഖകൾ പ്രകാരം 2011 മാർച്ച് 27-നാണ് വൈഭവ് ജനിച്ചത്. എന്നാല്‍ വൈഭവിന്റെ പ്രായത്തെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചര്‍ച്ച സജീവമാണ്. 2023-ൽ നൽകിയ ഒരു അഭിമുഖത്തിൽ ആ വർഷം സെപ്റ്റംബറിൽ തനിക്ക് 14 വയസ്സ് തികയുമെന്ന് വൈഭവ് പറഞ്ഞിരുന്നു. അതുവെച്ച് നോക്കിയാൽ താരത്തിന് ഇപ്പോൾ 16 വയസ്സുണ്ടാകണം. കൂടാതെ, പ്രശസ്ത ക്രിക്കറ്റ് എഴുത്തുകാരൻ ഗിഡിയൻ ഹേഗ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, പ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് 19 വയസ്സായെന്നാണ് വൈഭവ് കഴിഞ്ഞ വർഷം മറുപടി നൽകിയത്.

എന്നാൽ ഈ ആരോപണങ്ങളെല്ലാം വൈഭവിന്റെ പിതാവ് സഞ്ജീവ് നിഷേധിക്കുന്നുണ്ട്. ‘അവന് എട്ടര വയസ്സുള്ളപ്പോൾ തന്നെ ബിസിസിഐയുടെ ബോൺ ടെസ്റ്റിന് വിധേയനാക്കിയിരുന്നു. അവൻ ഇതിനകം തന്നെ ഇന്ത്യൻ അണ്ടർ-19 ടീമിനായി കളിച്ചതാണ്. ഞങ്ങൾക്ക് ആരെയും ഭയമില്ല, വേണമെങ്കിൽ വീണ്ടും പ്രായം തെളിയിക്കാനുള്ള പരിശോധനയ്ക്ക് അവൻ തയ്യാറാണ്’– എന്നാണ് സഞ്ജീവ് പിടിഐയോട് പറഞ്ഞത്. 

ഇന്ത്യൻ ജൂനിയർ ക്രിക്കറ്റിൽ പ്രായം കുറച്ചുകാണിക്കുന്നത് വലിയൊരു പ്രശ്നമാണെന്ന് മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുറഞ്ഞ പ്രായത്തിലുള്ള കുട്ടികളുമായി മത്സരിക്കാൻ പ്രായക്കൂടുതലുള്ള കളിക്കാരെ ഇറക്കുന്നത് അർഹരായ പല യുവതാരങ്ങളുടെയും അവസരങ്ങൾ നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു.

പ്രായത്തെക്കുറിച്ചുള്ള തർക്കങ്ങൾ നിലനിൽക്കുമ്പോഴും, ലോകത്തെ ഏറ്റവും മികച്ച ബൗളർമാർക്കെതിരെ തന്റെ ബാറ്റിങ് മികവ് തെളിയിക്കാൻ വൈഭവിന് സാധിച്ചിട്ടുണ്ട്. 2024-ൽ ഓസ്‌ട്രേലിയൻ അണ്ടർ-19 ടീമിനെതിരെയുള്ള യൂത്ത് ടെസ്റ്റിൽ വെറും 58 പന്തിൽ വൈഭവ് സെഞ്ചറി നേടിയിരുന്നു. ഈ വർഷത്തെ അണ്ടർ-19 ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും വൈഭവ് ആണ്. ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ 15 സിക്‌സറുകൾ ഉൾപ്പെടെ 80 പന്തിൽ 175 റൺസാണ് താരം അടിച്ചുകൂട്ടിയത്. കഴിഞ്ഞ വർഷം ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 38 പന്തിൽ നിന്നാണ് വൈഭവ് സെഞ്ചറി തികച്ചത്.

ENGLISH SUMMARY:

Fifteen-year-old batting sensation Vaibhav Suryavanshi has become the talk of the cricketing world following a record-breaking IPL season where he secured the Most Valuable Player award. The dynamic left-hander amassed seven hundred and seventy-six runs at an astonishing strike rate of 237.30, earning a Tata Sierra SUV as a reward. However, his historic feat has been hit by age-fudging allegations on social media, driven by past interviews and reports from cricket writer Gideon Haigh that suggest inconsistencies in his official birth records. Outrightly rejecting these claims, Vaibhav’s father Sanjeev stated to PTI that his son underwent official BCCI bone density testing at a young age and is structurally ready for any re-examination. Amidst this background chatter, the young prodigy continues to silence critics on the field, maintaining an incredible track record that includes a fifty-eight-ball blitz century against the Australia Under-19 team.