ഇന്ത്യയുടെ ട്വന്‍റി 20 ക്യാപ്റ്റനായി സഞ്ജു സാംസണെ, കോച്ച് ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചെന്ന് സൂചന. സൂര്യ ഒഴിഞ്ഞ സ്ഥാനത്തേക്ക് ഗംഭീറിന്‍റെ ഫസ്റ്റ് ചോയിസ് സഞ്ജു തന്നെയെന്ന് മാനേജ്മെന്‍റിനോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വന്‍റി 20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനവും ഐപിഎലിലെ ഫോമുമാണ് സഞ്ജുവിനെ തുണച്ചതെന്നും എന്നാല്‍ സിലക്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. സഞ്ജുവിനെക്കാള്‍ ഇഷാന്‍ കിഷനാണോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടീമിന് ഗുണം ചെയ്യുകയെന്ന അഭിപ്രായം സിലക്ടര്‍മാര്‍ പങ്കുവച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും മുംബൈ താരം തിലക് വര്‍മയ്ക്കുമാണ് സിലക്ടര്‍മാര്‍ പ്രാധാന്യം നല്‍കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ക്യാപ്റ്റനെന്ന നിലയിലുള്ള ശ്രേയസിന്‍റെ മികവ് ഗംഭീറിന് വ്യക്തമായി അറിയാവുന്നതാണെന്നും മുന്‍താരങ്ങളും വിലയിരുത്തുന്നു. മതിയായ അംഗീകാരം തനിക്ക് ലഭിച്ചിട്ടില്ലെന്ന് ശ്രേയസ് തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. മുഖ്യ സിലക്ടറായ അജിത് അഗാര്‍ക്കറാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.
2024 ല്‍ രോഹിത് ശര്‍മ വിരമിച്ചതോടെയാണ് സൂര്യകുമാര്‍ യാദവ് ട്വന്‍റി20 ക്യാപ്റ്റനായത്. ജൂണ്‍ 26 മുതലാണ് ഇന്ത്യയുടെ അടുത്ത ട്വന്‍റി 20 പര്യടനം നടക്കുക. അയര്‍ലന്‍ഡിനെതിരെ രണ്ട് മല്‍സരങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. വൈകാതെ ടീം പ്രഖ്യാപനമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കും തുടക്കമാകും. സിംബാംബ്വെയ്ക്കെതിരെയാണ് പിന്നീടുള്ള മല്‍സരം.
ഐപിഎലിലും ഫോം വീണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് സൂര്യകുമാര്‍ യാദവിന്‍റെ ട്വന്‍റി 20 ക്യാപ്റ്റന്‍സി തെറിച്ചത്. അഞ്ചുവട്ടം ചാംപ്യന്‍മാരായ മുംബൈ സീസണില്‍ ഒന്‍പതാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. 13 ഇന്നിങ്സുകളില്‍ നിന്ന് 270 റണ്‍സ് മാത്രമാണ് സൂര്യയ്ക്ക് നേടാന്‍ കഴിഞ്ഞത്. ട്വന്‍റി 20 ലോകകപ്പിലും സൂര്യകുമാറിന്‍റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല.