pellegrino-matarazzo-coaching-journey

TOPICS COVERED

കൊളംബിയ സർവകലാശാലയിൽ ഗണിതശാസ്ത്രം പഠിക്കുകയും, പിന്നീട് ഡീഗോ മറഡോണ നാപ്പോളിക്ക് വേണ്ടി കളിക്കുന്നത് കണ്ട് ആരാധകനായി മാറുകയും ചെയ്ത ഒരു അമേരിക്കക്കാരന്‍, ഇന്ന് ബാസ്ക് പ്രവിശ്യയിലെ സ്പാനിഷ് ക്ലബ് റയൽ സോസിദാദിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. അത്‌ലറ്റിക്കോ മഡ്രിഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് പെല്ലെഗ്രിനോ മാറ്ററാസോ പരിശീലിപ്പിച്ച റയല്‍ സോസിദാദ് ക്ലബ് ചരിത്രത്തിലെ  നാലാം കോപ്പ ഡെൽ റേ കിരീടം നേടിയത്.

പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകാൻ അമേരിക്ക വിടുകയും പിന്നീട് ജർമനിയിൽ മാനേജരായി മാറുകയും ചെയ്ത മാറ്ററാസോയുടെ  കരിയറിലെ ആദ്യത്തെ പ്രധാന കിരീടമാണിത്. ലാ ലീഗയില്‍ തരംതാഴ്ത്തൽ ഭീഷണിയിലായിരുന്ന സോസിദാദിനെ കോപ്പ ഡെൽ റേ കിരീടം ചൂടാൻ പ്രാപ്തനാക്കിയത് മാറ്ററാസോയുടെ തന്ത്രങ്ങളാണ്.  ഡിസംബറിൽ ചുമതലയേൽക്കുമ്പോൾ, തരംതാഴ്ത്തൽ മേഖലയിൽ നിന്ന് വെറും രണ്ട് പോയിന്റ് മാത്രം മുകളിലായിരുന്നു സോസിദാദ്. അവിടെ നിന്ന് ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയും കോപ്പ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തതിനെ അവിശ്വസനീയമായ യാത്ര എന്നാണ് ന്യൂജഴ്‌സിക്കാരനായ മാറ്ററാസോ  വിശേഷിപ്പിച്ചത്. 

ജോലിക്കായി അമേരിക്കയിലേക്ക് കുടിയേറിയ ഇറ്റാലിയൻ ദമ്പതികളുടെ മകനാണ് മാറ്റരാസോ. അമേരിക്കയിലെ കുട്ടിക്കാലത്ത് ഫുട്ബോളിന് വലിയ പ്രചാരമില്ലായിരുന്നെങ്കിലും,  ടെലിവിഷനില്‍ മറഡോണ ഇറ്റാലിയന്‍ ക്ലബ് നാപ്പോളിക്കായി കളിക്കുന്നത് കണ്ടാണ് ആരാധകനായി മാറിയത്. ജർമനിയിൽ ഫ്രഫഷണല്‍ ഫുട്ബോള്‍ കളിക്കാരനാകാന്‍ ശ്രമിക്കുന്നതിനു മുൻപ് കൊളംബിയ സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. പരിശീലകന്റെ ജോലി അക്കങ്ങളെക്കുറിച്ചല്ല, മനുഷ്യരെക്കുറിച്ചുള്ളതാണെന്ന് അറിയാമെങ്കിലും ഈ ബിരുദം ഒരു കോച്ച് എന്ന നിലയിൽ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയും

ഫുട്ബോള്‍ ഭ്രാന്ത് തലയ്ക്കുപിടിച്ചതോടെ അമേരിക്കയില്‍ നിന്ന് ഇറ്റലിയിലേക്ക് എത്തി.  ഏജന്റുമാര്‍ പറ്റിച്ചതോടെ അമേരിക്കയിലേക്ക് മടങ്ങേണ്ടി വന്നു. തുടർന്നാണ് ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരം ജർമനിയിലേക്ക് പോയത്. ജർമനിയിലെ നാലാം ഡിവിഷനിൽ കളി തുടങ്ങിയ മാറ്റരാസോ പിന്നീട് നൂറംബർഗിന്റെ റിസർവ്, യൂത്ത് ടീമുകളുടെ പരിശീലകനായി. 2018ൽ ഹോഫൻഹൈമിൽ ജൂലിയൻ നഗൽസ്മാന്റെ സഹപരിശീലകനായിരുന്നു. 2019 ഡിസംബറിൽ സ്റ്റുട്ട്ഗർട്ടിന്റെ പരിശീലകനായി ചുമതലയേറ്റു. ആദ്യ ശ്രമത്തിൽത്തന്നെ ക്ലബ്ബിനെ ബുന്ദസ്‌ലിഗയിലേക്ക് തിരികെ എത്തിച്ചു.  ജര്‍മനിയില്‍ തന്ത്രങ്ങള്‍ പിഴച്ചുതുടങ്ങിയതോടെയാണ് സ്പെയിനില്‍ എത്തിയത്. 

ENGLISH SUMMARY:

Pellegrino Matarazzo's incredible journey from a mathematics student at Colombia University to a successful coach has culminated in Real Sociedad's fourth Copa del Rey title. His tactical prowess transformed a team threatened with relegation into champions, marking his first major trophy as a professional football manager.