ജർമൻ ബുന്ദസ്‌ലിഗ ക്ലബ് യൂണിയൻ ബെർലിൻ പരിശീലകയായി മേരി ലൂയിസ് എറ്റ. പരിശീലകനായ സ്റ്റെഫൻ ബോംഗാർട്ടിനെ പുറത്താക്കിയതിനെ തുടർന്നാണ് എറ്റയെ ഈ സീസൺ അവസാനം വരെ ഇടക്കാല പരിശീലകയായി നിയമിച്ചത്. ഇതോടെ, ജർമൻ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ബുണ്ടസ്‌ലിഗയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ മുഖ്യപരിശീലകയാകും 34-കാരിയായ എറ്റ.
ക്ലബ്ബിന്റെ അണ്ടർ 19 പുരുഷ ടീമിനെ പരിശീലിപ്പിച്ചിരുന്ന എറ്റ, അടുത്ത സീസണിൽ യൂണിയന്റെ വനിതാ ടീമിന്റെ ചുമതലയേൽക്കാൻ ഈ മാസം ആദ്യം ധാരണയിലെത്തിയിരുന്നു. 2023-ൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലും ബുണ്ടസ്‌ലിഗയിലും ആദ്യത്തെ വനിതാ സഹപരിശീലക എന്ന ചരിത്രം കുറിച്ച വ്യക്തിയാണ് എറ്റ.
18 ടീമുകളുള്ള ലീഗിൽ, ഹൈഡൻഹൈമിനോടേറ്റ തോൽവിയോടെ യൂണിയൻ 11-ാം സ്ഥാനത്താണ്. അഞ്ച് മല്‍സരങ്ങള്‍ ശേഷിക്കെ, തരംതാഴ്ത്തൽ മേഖലയിലുള്ള സെന്റ് പോളിയെക്കാൾ ഏഴ് പോയിന്റ് മാത്രം മുന്നിലാണ് ടീം. ലീഗിൽ നിലനിൽക്കാൻ പോരാടുന്ന വോൾഫ്സ്ബർഗിനെതിരെയാണ് അടുത്തയാഴ്ച യൂണിയന്റെ അടുത്ത മത്സരം.