lamine-yamal

TOPICS COVERED

സ്പാനിഷ് ഫുട്ബോള്‍ ആരാധകരുടെ മുസ്‍ലിം വിരുദ്ധ മുദ്രാവാക്യത്തെ അപലപിച്ച് സ്പാനിഷ് താരം ലമീന്‍ യമാല്‍. സ്പെയിനിന്റെ കായിക പ്രതിച്ഛായക്ക് കളങ്കം ചാര്‍ത്തിയ സംഭവമെന്ന് യമാല്‍ പറഞ്ഞു. സ്പെയിന്‍–ഈജിപ്ത് സൗഹൃദമല്‍സരത്തിനിടെ ആയിരുന്നു സംഭവം.  

 

ബാര്‍സിലോനയില്‍ നടന്ന സൗഹൃദമല്‍സരത്തിനിടെയുള്ള ആരാധകരുടെ പെരുമാറ്റത്തെ സ്പാനിഷ് സർക്കാരും ഫുട്ബോൾ ഫെഡറേഷനും അപലപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആരാധകരുടെ മുദ്രാവാക്യങ്ങള്‍ അനാദരവും അസഹനീയവുമെന്ന് ലമീന്‍ യമാൽ പറഞ്ഞു. വ്യക്തിപരമായി തന്നെ ലക്ഷ്യം വെച്ചുള്ളതല്ലെങ്കിലും കളിക്കളത്തിൽ ഒരു മതത്തെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വാക്കുകള്‍ നിങ്ങളുടെ അജ്ഞതയും വംശീയ മനോഭാവവും വെളിവാക്കുന്നവെന്ന് യമാല്‍ കുറിച്ചു. 

 

ഫുട്ബോൾ ആസ്വദിക്കാനും ആഹ്ലാദിക്കാനുമുള്ളതാണ്. അല്ലാതെ കളിക്കാരുടെ  വ്യക്തിത്വത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ അനാദരിക്കാനുള്ളതല്ലെന്നും താരം വ്യക്തമാക്കി. സ്പെയിന്‍ പരിശീലകന്‍ ലൂയിസ് ദെ ലാ ഫുന്റയും ആരാധകരുടെ മുദ്രാവാക്യം വിളിയെ അപലപിച്ചു. 

 

നിന്ദ്യമായ വംശീയ നടപടി' എന്നാണ് ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ സംഭവത്തെ വിശേഷിപ്പിച്ചത്.  വംശീയാധിക്ഷേപത്തെ അപലപിച്ച് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ, സ്പാനിഷ് കായിക മന്ത്രാലയം,രംഗത്തെത്തിയത് ഏറെ വിലമതിക്കുന്നതായി ഇഎഫ്എ കൂട്ടിച്ചേർത്തു. ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ ഇത്തരം അധിക്ഷേപകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫിഫ മുന്‍കൈ എടുക്കണമെന്ന ആവശ്യവും ശക്തമായി. 

ENGLISH SUMMARY:

Lamine Yamal Condemns Anti-Muslim Chants During Spain vs Egypt Match; Calls it a Stain on Spanish Sports