fifa-shakira

Image Credit : Youtube/Instagram

ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പങ്കുവച്ച് കൊളംബിയന്‍ ഗായിക ഷക്കീറ. 'ഡായ് ഡായ്' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും വിഡിയോയില്‍ അഭിനയിച്ചിരിക്കുന്നതും ഷക്കീറ തന്നെ. ഒരു മിനിറ്റ് ദൈര്‍ഘ്യമുളള വിഡിയോ ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവച്ചത്. കാറ്റി പെറി അടക്കമുളള പ്രമുഖര്‍ വിഡിയോയ്ക്ക് താഴെ കമന്‍റുകളുമായെത്തി.

ഫിഫ ലോകപ്പിന്‍റെ ഔദ്യോഗിക ഗാനത്തില്‍ ഇത് രണ്ടാം തവണയാണ് ഷക്കീറ ഭാഗമാകുന്നത്. 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് മല്‍സരത്തിന്‍റെ ഔദ്യോഗിക ഗാനമായ 'വക്കാ വക്കാ ആലപിച്ചതും' വിഡിയോയില്‍ അഭിനയിച്ചതും ഷക്കീറ തന്നെയായിരുന്നു. ഏതൊരു ഫുട്ബോള്‍ ആരാധകനെയും ആവേശം കൊളളിക്കുന്ന ഗാനമായിരുന്നു വക്കാ വക്കാ. ഫിഫയുടെ ഔദ്യോഗിക ഗാനങ്ങളുടെ പട്ടികയില്‍ ഏറ്റവുമധികം ഹിറ്റായതും തരംഗം തീര്‍ത്തതും വക്കാ വക്കാ തന്നെ. 2026ലെ ഫിഫയുടെ ഔദ്യോഗിക ഗാനത്തിന്‍റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ ലോകം തിരഞ്ഞത് ആ വാക്കിന്‍റെ അര്‍ഥമാണ്. 

ഇറ്റാലിയന്‍ വാക്കായ 'ഡായ്' സൂചിപ്പിക്കുന്നത് പ്രചോദനം (മോട്ടിവേറ്റ്) എന്നാണ്. പ്രോല്‍സാഹിപ്പിക്കുക എന്നും ഈ വാക്കിന് അര്‍ഥമുണ്ട്. ഡായ് ഡായ് എന്നിങ്ങനെ രണ്ടുവട്ടം ഈ വാക്ക് ഉച്ചരിക്കുന്നതിലൂടെ അതിയായ ആവേശം പകരുകയാണ് ചെയ്യുന്നത്. ഇംഗ്ലീഷില്‍ 'Come on'! 'Let's go' (വരൂ..നമുക്ക് പോകാം) എന്നൊരു അര്‍ഥവും ഈ ഡായ് ഡായ് എന്ന ഇറ്റാലിയന്‍ വാക്ക് മുന്നോട്ടുവയ്ക്കുന്നുണ്ട്. ബ്രസീലിലെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിലാണ് ഡായ് ഡായ് എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ലോകകപ്പിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ ജഴ്സിയണിഞ്ഞവർക്കൊപ്പം ഷക്കീറ പന്തുതട്ടുന്നതും നൃത്തം ചെയ്യുന്നതുമാണ് വിഡിയോയിലുളളത്.

നൈജീരീയൻ ഗായകൻ ബുർണ ബോയും ഡായ് ഡായ് എന്നു തുടങ്ങുന്ന ഗാനത്തിൽ ഷക്കീറയ്ക്കൊപ്പമുണ്ട്. 2006, 2010, 2014 ലോകകപ്പുകളിൽ ഉപയോഗിച്ച മാച്ച് ബോളുകളും ഗാനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ 3 ലോകകപ്പുകളിലും ഷക്കീറ സംഗീതപരിപാടികൾ അവതരിപ്പിച്ചിരുന്നു. ഡായ് ഡായ് ഗാനത്തിന്‍റെ ഔദ്യോഗിക റിലീസ് മേയ് 14നു നടക്കും. യുഎസും മെക്സിക്കോയും കാനഡയും സംയുക്തമായാണ് ഇത്തവണത്തെ ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്.

ENGLISH SUMMARY:

Shakira has released the official song for the FIFA World Cup, titled 'Dai Dai', which she also stars in the music video. This marks her second collaboration on an official FIFA World Cup anthem, following the iconic 'Waka Waka'.