hardik-pandya-ex-wife-gift

വിവാഹമോചനത്തിന് ശേഷവും തന്റെ മുൻഭാര്യ നടാഷ സ്റ്റാൻകോവിച്ചിനോടും മകൻ അഗസ്ത്യയോടും തനിക്കുള്ള കരുതൽ വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന കറുത്ത ലാൻഡ് റോവർ ഡിഫൻഡർ എസ്‌യുവിയാണ് ഹാർദിക് ഇരുവര്‍ക്കുമായി സമ്മാനിച്ചത്. പുത്തൻ ആഡംബര വാഹനത്തിന് മുന്നിൽ നടാഷയും മകൻ അഗസ്ത്യയും നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലായി. 

മുംബൈയിലെ പ്രമുഖ ഡീലർഷിപ്പായ നവ്നിത് മോട്ടോഴ്സാണ് ഈ ആഡംബര വാഹനം കൈമാറിയ വിവരം പുറത്തുവിട്ടത്. ‘ഡിഫൻഡർ വാങ്ങാൻ വീണ്ടും ഹാർദിക് പാണ്ഡ്യ‌ നവ്‌നിത് മോട്ടോഴ്‌സിനെ തിരഞ്ഞെടുത്തു. വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ബന്ധം. ലാൻഡ് റോവർ ഡിഫൻഡർ മുംബൈയിലെത്തിച്ചു. അഗസ്ത്യ പാണ്ഡ്യയ്ക്കും നടാഷ സ്റ്റാൻകോവിച്ചിനും സമ്മാനിച്ചു' എന്ന അടിക്കുറിപ്പോടയൊണ് വിഡിയോയും ചിത്രങ്ങളും പങ്കുവച്ചത്.  ഹാർദിക്കിന്റെ ഈ വലിയ മനസിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ആരാധകർ.

2024 ജൂലൈയിൽ ഔദ്യോഗികമായി വേർപിരിഞ്ഞെങ്കിലും മകൻ അഗസ്ത്യയുടെ വളർച്ചയിൽ തുല്യ പങ്കാളികളായി തുടരുമെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് മകന്റെയും മുൻഭാര്യയുടെയും സുരക്ഷയും സൗകര്യവും മുൻനിർത്തി ഹാർദിക് ഈ വമ്പൻ സമ്മാനം നൽകിയത്. 2020 മേയിൽ വിവാഹിതരായ ഹാർദിക്കും സെർബിയൻ മോഡലായ നടാഷയും നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് പിരിഞ്ഞത്. കസ്റ്റമൈസ് ചെയ്ത മാറ്റങ്ങൾ വരുത്തിയ ഈ വാഹനത്തിന് 3 മുതൽ 4 കോടി രൂപ വരെയാണ് വിപണിയിൽ വില കണക്കാക്കുന്നത്.

ജീവിതത്തിൽ പുതിയ വഴിത്തിരിവുകളിലൂടെയാണ് ഇരുവരും ഇപ്പോൾ കടന്നുപോകുന്നത്. മോഡലായ മഹിക ശർമയുമായുള്ള തന്റെ പുതിയ പ്രണയം ഹാർദിക് കഴിഞ്ഞ വർഷം പരസ്യമാക്കിയിരുന്നു. മഹികയുടെ 25-ാം ജന്മദിനത്തിന് ഹാർദിക് പങ്കുവെച്ച വിഡിയോ വലിയ ചർച്ചയായിരുന്നു. അതേസമയം, നടാഷ മുംബൈയിൽ തന്റെ കരിയറിലും ഫിറ്റ്‌നസിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറുകയാണ്. പുതിയൊരു ബന്ധത്തിനായി തന്റെ മനസ് തുറന്നിട്ടിരിക്കുകയാണെന്ന് നടാഷ അടുത്തിടെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. വ്യക്തിജീവിതത്തിൽ പുതിയ പങ്കാളികളെ കണ്ടെത്തുമ്പോഴും പഴയ ബന്ധങ്ങളിലെ കടമകൾ വിസ്മരിക്കാത്ത ഹാർദിക്കിന്റെ ശൈലി മാതൃകാപരമാണെന്നാണ് ആരാധകരുടെ നിലപാട്.

ENGLISH SUMMARY:

Indian cricketer Hardik Pandya wins hearts by gifting a luxury Land Rover Defender worth ₹4 crore to his ex-wife Natasa Stankovic and son Agastya, showcasing their commitment to co-parenting after divorce.