ഞായറാഴ്ചയാണ് ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടത്. ക്രിക്കറ്റിനെ മതമായി കാണുന്ന രാജ്യത്ത് ഓരോ ആരാധകന്‍റേയും മനം നിറച്ച നിമിഷം. ഇപ്പോഴിതാ ലോകകപ്പ് ട്രോഫി ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഇന്ത്യന്‍ കായികചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നാണ് ഹര്‍മന്‍ ശരീരത്തിലും പതിപ്പിച്ചത്.
ഇടതു കൈയിൽ ലോകകപ്പ് ട്രോഫി, ടാറ്റൂ ചെയ്തതിന്റെ ചിത്രം ഹർമൻപ്രീത് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. കൈമുട്ടിന് മുകളിലായാണ് താരം ട്രോഫിയുടെ ചിത്രം ടാറ്റൂ ചെയ്തത്. ‘‘എന്റെ ശരീരത്തിലും ഹൃദയത്തിലും എന്നെന്നേക്കുമായി കൊത്തിവച്ചിരിക്കുന്നു, ആദ്യ ദിവസം മുതല്‍ നിനക്കായി കാത്തിരുന്നു, ഇനി എല്ലാ ദിവസവും രാവിലെ ഞാന്‍ നിന്നെ കാണും’’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
2017ൽ ലോകകപ്പ് ഫൈനൽ തോറ്റ ഇന്ത്യൻ ടീമിലും ഹർമൻപ്രീത് അംഗമായിരുന്നു. ലോകകപ്പ് നേടിയതിന് പിന്നാലെ ഉത്സലഹരിയിലാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍. ട്രോഫിയുമായി വിജയം പലതരത്തില്‍ ആഘോഷിക്കുന്ന ചിത്രങ്ങളും വിഡിയോകളും താരങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. രണ്ടുതവണ കൈവിട്ട കിരീടമാണ് ഇന്ത്യ ഇത്തവണ നേടിയത്. വിജയത്തിനു പിന്നാലെ ഹർമൻപ്രീത് ഉൾപ്പെടെയുള്ള എല്ലാ താരങ്ങളും സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ലോകകപ്പ് നേട്ടം പല രീതിയിൽ ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളും റീലുകളുമാണ് താരങ്ങൾ പങ്കുവച്ചത്.