വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ അർധ സെഞ്ചറി നേടി റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യൻ താരം സ്മൃതി മന്ഥന. 66 പന്തുകൾ നേരിട്ട് മൂന്നു സിക്സറുകളുടേയും ഒൻപതു ഫോറുകളുടേയും അകമ്പടിയോടെ 80 റൺസെടുത്താണു ഇന്ത്യൻ ഓപ്പണർ പുറത്തായത്. തകർപ്പൻ പ്രകടനത്തോടെ ഒരു കൂട്ടം റെക്കോർഡുകളും സ്വന്തം പേരിൽ തിരുത്തിക്കുറിച്ചാണ് സ്മൃതി ഡഗ്ഔട്ടിലെത്തിയത്.
2025 ൽ താരത്തിന്‍റെ 18–ാം ഏകദിന മത്സരമായിരുന്നു ഓസ്ട്രേലിയയ്ക്കെതിരെ. ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് നേട്ടത്തിലെത്താൻ സ്മൃതിക്ക് 18 റൺസ് കൂടി മതിയായിരുന്നു. എട്ടാം ഓവറിലെ മൂന്നാം പന്തിൽ സോഫി മൊളിനുക്സിനെ സിക്സർ പറത്തിയാണ് സ്മൃതി റെക്കോർഡ്ബുക്കിൽ ഇടം പിടിച്ചത്. വനിതാ ഏകദിനത്തിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സ്മൃതി. വനിതാ ഏകദിനത്തിൽ 500 റൺസ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരവുമാണ് സ്മൃതി. കിം ഗാർത്തിനെ ലോങ് ഓണിനു മുകളിലൂടെ സിക്സർ കടത്തിയാണ് 29 വയസ്സുകാരി ഈ നേട്ടത്തിലെത്തിയത്.
ഏകദിനത്തിൽ 5000 റൺസ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരവും, വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരവും സ്മൃതിയാണ്. 112 ഇന്നിങ്സുകള്‍ (5569 പന്തുകൾ) ആണ് ഇന്ത്യന്‍ താരത്തിന് റെക്കോർഡിലെത്താൻ വേണ്ടിവന്നത്. വനിതാ ക്രിക്കറ്റിൽ 5000 റൺസ് കടന്ന ആദ്യ ഇന്ത്യന്‍ താരം മിഥാലി രാജാണ്.