Image Credit: Manorama , PTI

Image Credit: Manorama , PTI

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരുക്കിൽ നിന്ന് മോചിതരായ സ്റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും ഓപ്പണർ ശുഭ്മൻ ഗില്ലും ടീമിൽ മടങ്ങിയെത്തി. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലെ സ്ഥാനം നിലനിർത്തി. ചൊവ്വാഴ്ചയാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.

ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ് പുറത്തുപോയ ശുഭ്മൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, കളിക്കുന്നതിന് മുൻപ് കായികക്ഷമത തെളിയിക്കേണ്ടിവരും. ഫിറ്റ്നസ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ ഗിൽ പ്ലെയിങ് ഇലവന്റെ ഭാഗമാകൂ എന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഹർദിക്കിന്റെ തിരിച്ചുവരവ് ടീമിന്റെ ഓൾറൗണ്ട് സന്തുലിതാവസ്ഥയ്ക്ക് കരുത്തേകുമെന്നാണ് വിലയിരുത്തൽ.

വിക്കറ്റ് കീപ്പർമാരായി സഞ്ജു സാംസണും ജിതേഷ് ശർമയുമാണ് ടീമിലുള്ളത്. സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് സഞ്ജു ടീമിലെ സ്ഥാനം ഉറപ്പിച്ചത്. അതേസമയം റിങ്കു സിങ്ങിന് ടീമിൽ ഇടം കണ്ടെത്താനായില്ല എന്നത് ശ്രദ്ധേയമായി.  

പേസ് ബൗളിംഗ് നിരയിൽ ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്ങ്, ഹർഷിത് റാണ എന്നിവർ ഇടംപിടിച്ചു. സ്പിൻ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യുന്നത് അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന സ്പിൻ ത്രയമാണ്. ലോകകപ്പിന് മുന്നോടിയായുള്ള ഈ പരമ്പര ടീം ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്.

ENGLISH SUMMARY:

Indian Cricket Team announced for the T20 series against South Africa. The team includes the return of Hardik Pandya and Shubman Gill, along with Sanju Samson as a wicket-keeper batsman.