Image credit: PTI (Left),  instagram/smriti_mandhana (Right)

Image credit: PTI (Left), instagram/smriti_mandhana (Right)

അപ്രതീക്ഷിതമായി ഉപേക്ഷിച്ച വിവാഹച്ചടങ്ങിന് ശേഷം വനിതാ സൂപ്പര്‍താരം സ്മൃതി മന്ഥന സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. കോള്‍ഗേറ്റിന്‍റെ പ്രമോഷനല്‍ വിഡിയോ പങ്കുവച്ചാണ് താരം സമൂഹമാധ്യമങ്ങളില്‍ സജീവമായത്. വിഡിയോ സ്മൃതിയുടെ വിവാഹ നിശ്ചയത്തിന് മുന്‍പ് ഷൂട്ട് ചെയ്തതാണോ പിന്നീട് ചിത്രീകരിച്ചതാണോ എന്നതില്‍ വ്യക്തതയില്ല. പക്ഷേ ആരാധകരുടെ ശ്രദ്ധയത്രയും സ്മൃതിയുടെ കൈകളിലേക്കായിരുന്നു. വിരലില്‍  പലാഷ് അണിയിച്ച മോതിരം  കാണാനില്ല. ഇതോട സമൂഹ മാധ്യമങ്ങളില്‍ പലതരം ചര്‍ച്ചകളാണ് . അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്മൃതിയുടെ വിഡിയോയെന്നും പലാഷിന്‍റെ ചതി തന്നെ കാരണമെന്നും ചിലര്‍ കുറിച്ചു. മറ്റൊരു വിവാഹ തീയതി ഇതുവരെ പ്രഖ്യാപിക്കാത്തതും മോതിരം കാണാത്തതുമെല്ലാം വിവാഹം ഉപേക്ഷിച്ചെന്ന വാദത്തിന് ബലം പകരുന്നുവെന്നും ആളുകള്‍ പറയുന്നു. 

നവംബര്‍ 23ന് സാംഗ്ലിയില്‍ വച്ചാണ് പലാഷിന്‍റെയും സ്മൃതിയുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ വിവാഹം മാറ്റിവച്ചതായി കുടുംബം അറിയിക്കുകയായിരുന്നു. പിന്നാലെ പലാഷും ആശുപത്രിയില്‍ ചികില്‍സ തേടി.

സ്വകാര്യത മാനിക്കണമെന്നും വിഷമകരമായ സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പലാഷിന്‍റെ സഹോദരി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം പലാഷും മേരി ഡി കോത്തെയെന്ന യുവതിയുമായുള്ള ചാറ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ഒരു മാസം മാത്രമേ പലാഷുമായി ബന്ധമുണ്ടായിട്ടുള്ളൂവെന്നും തന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇതിനൊപ്പം തന്നെ വിവാഹത്തിനെത്തിയ കൊറിയോഗ്രാഫറുമായി ബന്ധപ്പെട്ടും പലാഷിന്‍റെ പേരുയര്‍ന്നു. പലാഷ് ചതിച്ചത് അവസാന നിമിഷമാണ് പുറത്തറിഞ്ഞതെന്നും ഇതോടെയാണ് വിവാഹം മാറ്റിവച്ചതെന്നും സമൂഹമാധ്യമത്തില്‍ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. അതേസമയം, ഇരു കുടുംബങ്ങളും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. വിവാഹം മാറ്റി വച്ചതിന് പിന്നാലെ വിവാഹവുമായും വിവാഹ നിശ്ചയവുമായും ബന്ധപ്പെട്ട ഫൊട്ടോകളെല്ലാം സ്മൃതി സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കി. സുഹൃത്തുക്കളും ചിത്രങ്ങള്‍ നീക്കുകയും പലാഷിനെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. വനിതാ ലോകകപ്പ് ഫൈനല്‍ നടന്ന ഡി.വൈ.പാട്ടീല്‍സ്റ്റേഡിയത്തില്‍ വച്ചാണ്  പലാഷിന്‍റെയും സ്മൃതിയുടെയും വിവാഹ നിശ്ചയം നടന്നത്.

ഡിസംബര്‍ 21ന് ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പരയ്ക്കായി തയാറെടുക്കുകയാണ് സ്മൃതിയിപ്പോള്‍. വിശാഖപട്ടണത്തും തിരുവനന്തപുരത്തുമായാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പര നടക്കുക. ഇതിന് പിന്നാലെ നടക്കുന്ന വനിതാ ഐപിഎലിലും താരം പങ്കെടുക്കും. ആര്‍സിബിയുടെ ക്യാപ്റ്റനാണ് നിലവില്‍ സ്മൃതി. ജനുവരി ഒന്‍പതിന് നവി മുംബൈയിലാണ് മല്‍സരങ്ങള്‍ക്ക് തുടക്കമാകുക. 

ENGLISH SUMMARY:

Cricketer Smriti Mandhana has appeared in a promotional video after her wedding ceremony with Palash Muchhal was unexpectedly postponed due to her father's health crisis. However, fans keenly noticed that the engagement ring given by Palash was missing from her hand, fueling intense speculation that the marriage has been called off. The lack of a new wedding date and the removal of all proposal and engagement photos by Smriti and her friends lend credence to rumors that the real reason for the postponement was Palash's alleged infidelity, which surfaced on social media. The couple’s families have yet to officially comment on the status of the relationship. Smriti is currently preparing for the T20 series against Sri Lanka starting December 21 and the upcoming Women's IPL where she captains RCB