fred-kerley-enhanced-games

TOPICS COVERED

ഉത്തേജക മരുന്ന് ഉപയോഗിച്ച് കായികതാരങ്ങള്‍ക്ക് കളത്തിലിറങ്ങാന്‍ കഴിഞ്ഞാലോ ? അത്തരമൊരു മല്‍സരമാണ് അടുത്തവര്‍ഷം അമേരിക്കയില്‍ നടക്കാന്‍ പോകുന്ന എന്‍ഹാന്‍സ്ഡ് ഗെയിംസ്. ഒളിംപിക്സിലെ ഇരട്ടമെഡല്‍ ജേതാവ് ഫ്രെഡ് കെർലി എന്‍ഹാന്‍ഡ്സ് ഗെയിംസുമായി കരാറിലെത്തിയതോടെ ഞെട്ടിയിരിക്കുകയാണ് കായികലോകം. വമ്പന്‍  സമ്മാനത്തുകയാകണം 30കാരനായ കെര്‍ലിയെ എന്‍ഹാന്‍സ്ഡ് ഗെയിംസിലേക്ക് ആകര്‍ഷിച്ചത്.

മുഴുവന്‍ ഊര്‍ജവും പുറത്തെടുത്ത് ലോകത്തിലെ വേഗമേറിയ മനുഷ്യനാവുകയാണ് ലക്ഷ്യമെന്ന് കെര്‍ലി പറയുന്നു.  നിലവില്‍ ഉത്തേജകം ഉപയോഗിച്ചതിന് വിലക്ക് നേരിടുകയാണ് കെര്‍ലി. ടോക്കിയോയില്‍ നടക്കുന്ന ലോക അത്്ലറ്റിക്സ് മീറ്റിലും വിലക്കുകാരണം കെര്‍ലിക്ക് പങ്കെടുക്കാനായിട്ടില്ല. 

ഓസ്ട്രേലിയക്കാരന്റെ ഐഡിയ 

ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ചിട്ടുള്ള ഏത് മരുന്നും എന്‍ഹാന്‍സ്ഡ് ഗെയിംസില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് ഉപയോഗിക്കാം. പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താം.. ഇതെല്ലാം കഴിഞ്ഞ് പിടിക്കപ്പെടുമോ.... മെഡല്‍ നഷ്ടമാകുമോ.... എന്നുള്ള പേടിയും വേണ്ട. കൊക്കെയ്ന്‍, ഹെറോയിന്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിബന്ധനയുമുണ്ട്. ഓസ്ട്രേലിയന്‍ വ്യവസായി  ആരണ്‍ ഡിസോസയ്ക്ക് തോന്നിയ ഐഡിയയാണ്  എന്‍ഹാന്‍സ്ഡ് ഗെയിംസെന്ന മള്‍ട്ടി സ്പോര്‍ട്ട്സ് ഇവന്റ്.

സ്വന്തം ശരീരത്തിന്റെ പൂര്‍ണ അവകാശം അത്്ലീറ്റുകള്‍ക്കാണെന്നും രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയില്‍ മുഴുവന്‍ അഴിമതിക്കാരാണെന്നുമാണ് ആരണ്‍ സിഡോസയുടെ വാദം. കായിക താരങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കാന്‍ കൂടിയാണ് എന്‍ഹാന്‍സ്ഡ് ഗെയിംസിന് തുടക്കമിട്ടതെന്നാണ് ആരണ്‍ പറയുന്നത്. 2022ലാണ് എന്‍ഹാന്‍ഡ് ഗെയിംസ് നടത്താന്‍ നീക്കം തുടങ്ങുന്നത്. ഏതായാലും വമ്പന്‍ താരങ്ങള്‍ ഒപ്പം ചേര്‍ക്കാന്‍ ഈ വര്‍ഷം കഴിഞ്ഞു. അടുത്തവര്‍ഷം ലൊസാഞ്ചലസിലായിരിക്കും ആദ്യ എന്‍ഹാന്‍സ്ഡ് ഗെയിംസ്.

ബോള്‍ട്ടിനെ പിന്നിലാക്കിയാല്‍ എട്ടുകോടി 

ഒളിംപിക്സ് നൂറുമീറ്ററില്‍ വെള്ളിയും വെങ്കലവും നേടിയിട്ടുള്ള താരമാണ് ഫ്രെഡ് കെര്‍ലി.  ഉത്തേജകം ഉപയോഗിച്ചതിന് നിലവില്‍ വിലക്ക് നേരിടുകയാണ് കെര്‍ലി. 100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലുള്ള റെക്കോര്‍ഡ് തകര്‍ത്താല്‍ കെര്‍ലിക്ക് ബോണസായി ലഭിക്കുക എട്ടരകോടി രൂപയോളം. സമ്മാനത്തുകയ്ക്ക് പുറമേയാണിത്.

ട്രാക്ക് ആന്‍ഡ് ഫീല്‍ഡിന് പുറമേ വെയിറ്റ് ലിഫ്റ്റിങ്, സ്വിമ്മിങ്, ജിംനാസ്റ്റിക്സ്, ഗുസ്തി തുടങ്ങിയ ഇനങ്ങളാണ് ഗെയിംസിലുണ്ടാകുക. കായികമേഖലയെ നശിപ്പിക്കുന്നതാണ് എന്‍ഹാന്‍സ്ഡ് ഗെയിംസെന്ന വിമര്‍ശനത്തിനിടെ പ്രൈസ് മണിയാണ് പ്രധാന ആകര്‍ഷണം. ജേതാക്കള്‍ക്ക് രണ്ടുകോടി രൂപയാണ് സമ്മാനത്തുക. 100 മീറ്റര്‍ ഒഴികെയുള്ള ഇനങ്ങളില്‍ ലോകറെക്കോര്‍ഡിന് രണ്ടുകോടി രൂപ ബോണസായും നല്‍കും 

വിലക്കുമായി വേള്‍ഡ് അക്വാട്ടിക്സ് ഫെഡറേഷന്‍

എന്‍ഹാന്‍സ്ഡ് ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് അക്വാട്ടിക്സ് സംഘടന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. അക്വാട്ടിക്സ് ഫെഡറേഷന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട് എന്‍ഹാന്‍സ്ഡ് ഗെയിംസ്. ആറുതവണ ഒളിംപിക്സ് ചാംപ്യനായ ഓസ്ട്രേലിയയുടെ 27കാരന്‍ കൈല്‍ ചാമേഴ്സുമായി കരാറിലെത്താന്‍ എന്‍ഹാന്‍സ്ഡ് ഗെയിംസ് ശ്രമിച്ചിരുന്നു. ജീവിതം മാറ്റിമറിക്കുന്ന തുകയാണ് അവര്‍ വാഗ്ദാനം ചെയ്തതെന്നും താനത് നിരസിച്ചുവെന്നും കൈല്‍ പറയുന്നു. 

ENGLISH SUMMARY:

Enhanced Games is an upcoming multi-sport event where athletes are allowed to use performance-enhancing drugs. This event aims to offer athletes greater freedom and compensation, sparking controversy within the sports world.