കളിക്കളത്തിലെ ശാന്ത സ്വഭാവത്തിന്‍റെ പേരിൽ പതിച്ചുകിട്ടിയ 'ക്യാപ്റ്റൻ കൂൾ' എന്ന വിശേഷണം ട്രേഡ്മാർക്ക് ചെയ്യാനുള്ള എം.എസ്. ധോണിയുടെ അപേക്ഷ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ധോണിയുടെ അപേക്ഷ ട്രേഡ്മാർക്ക് റജിസ്ട്രി ഓഫ് ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. കായിക പരിശീലനം, കായിക പരിശീലന സൗകര്യങ്ങളും സേവനങ്ങളും നൽകൽ എന്നിവയുമായി ബന്ധപ്പെട്ട വിഭാഗങ്ങൾ പ്രകാരമാണ് ട്രേഡ്മാർക്ക് ഫയൽ ചെയ്തത്.
120 ദിവസത്തിനുള്ളിൽ ഏതെങ്കിലും മൂന്നാം കക്ഷി എതിർപ്പോ അവകാശവാദമോ ഉന്നയിച്ചില്ലെങ്കിൽ ട്രേഡ്മാർക്ക് അനുവദിക്കപ്പെടുകയും ചെയ്യും. അതിനുശേഷം ഏതൊക്കെ രൂപത്തിലായിരിക്കും ‘കൂൾ’ എന്ന ട്രേഡ്മാർക്ക് ഇനി ബ്രാൻഡ് ചെയ്പ്പെടുക എന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും സെലിബ്രിറ്റികൾ അവരുടെ പേരുകളും അപരനാമങ്ങളും വിലപിടിപ്പുള്ള ബ്രാൻഡുകളാക്കി മാറ്റുന്നത് ഒരു പുതിയ കാര്യമല്ല.
ലോകമെങ്ങും ആരാധകരുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുള്ള CR7 എന്ന ബ്രാൻഡിന് കോടികളുടെ വിലയുണ്ട്. അടിവസ്ത്രങ്ങൾ മുതൽ ഹോട്ടലുകൾ വരെ ഈ ബ്രാൻഡിലൂടെ വിറ്റഴിക്കപ്പെടുന്നു. റൊണാൾഡോയുടെ പേരിൻറെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളും ജെഴ്സി നമ്പറും ചേർന്നതാണ് CR7 എന്ന വിശേഷണം. ആഡംബര ഫാഷൻ ലൈനുകൾ മുതൽ ഫിറ്റ്നസ് സെന്ററുകൾ, ഹോട്ടലുകൾ, സോഷ്യൽ മീഡിയ ആധിപത്യം വരെ ലോകത്തിലെ ഏറ്റവും ലാഭകരമായ ബിസിനസ് ബ്രാൻഡായി CR7 നെ മാറ്റി.
എക്കാലത്തെയും മികച്ച സ്പ്രിന്‍ററായ ഉസൈൻ ബോൾട്ട് അറിയപ്പെട്ടിരുന്നത് ‘ലൈറ്റനിങ് ബോൾട്ട്’ എന്ന അപരനാമത്തിൽ ആയിരുന്നു. കളിക്കളത്തിൽ മിന്നൽവേഗത്തിൽ ബോൾട്ട് തീർത്ത മായാജാലമാണ് അദ്ദേഹത്തെ ആ വിളിപ്പേരിൻറെ സ്വന്തക്കാരനാക്കിയത്. പരുക്കിനെത്തുടർന്ന് കളിക്കളത്തിൽനിന്ന് മാറിനിന്ന ശേഷം 2008 ഒളിംപിക് ഗെയിംസിൽ കൂടുതൽ കരുത്തോടെ തിരിച്ചുവന്ന് സ്വർണം നേടിയ ബോൾട്ടിനെയാണ് ലോകം കണ്ടത്. ബോൾട്ടിന്റെ വ്യാപാരമുദ്രയിൽ കായികം മുതൽ ജീവിതശൈലി വരെ എല്ലാം ഉൾപ്പെടുന്നു.
ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജെയിംസിനെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത് ‘കിംഗ് ജെയിംസ്’ എന്നാണ്. താരത്തിന്‍റെ കോർട്ടിലെ ആധിപത്യവും വ്യക്തി പ്രഭാവവുമാണ് ആ ട്രേഡ്മാർക്കിനെ പ്രബലമാക്കുന്നത്. സ്പോർട്സ് ഉപകരണങ്ങൾ മുതൽ എല്ലാ മേഖലകളിലും ഈ ബ്രാൻഡ് സ്വാധീനം ചെലുത്തുന്നു.
ബാസ്കറ്റ് ബോൾ താരമായിരുന്ന മൈക്കൽ ജോർദാന്‍റെ പേരിൽ അറിയപ്പെടുന്ന പ്രശസ്ത ബ്രാൻഡാണ് ‘എയർ ജോർദാൻ’. നൈക്കി നിർമ്മിക്കുന്ന ഒരു തരം ബാസ്കറ്റ്ബോൾ ഷൂ ബ്രാൻഡായാണ് ഈ പേര് ലോകമെങ്ങും അറിയപ്പെടുന്നത്.1984ൽ ചിക്കാഗോ ബുൾസിനൊപ്പമുള്ള സമയത്ത് മൈക്കൽ ജോർദാനുവേണ്ടിയാണ് ആദ്യത്തെ എയർ ജോർദാൻ ഷൂ നിർമ്മിച്ചത് പിന്നീട് 1985 ഏപ്രിൽ 1 ന് അവ പൊതുജനങ്ങൾക്കായി പുറത്തിറക്കി. എന്നാൽ ജോർദാൻ ബ്രാൻഡ് മൈക്കൽ ജോർദാൻ പൂർണമായും സ്വന്തമാക്കിയിട്ടില്ല.
കിങ് കോലി എന്നറിയപ്പെടുന്ന വിരാട് കോലി, കിങ് ഖാൻ എന്ന വിളിപ്പേരുള്ള ഷാരൂഖ് ഖാൻ, ദി വാൾ എന്ന പേരിൽ വിളിക്കപ്പെടുന്ന രാഹുൽ ദ്രാവിഡ്, മാസ്റ്റർ ബ്ലാസ്റ്റർ എന്നറിയപ്പെടുന്ന സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ – ആരാധകരുടെ നാവിലും പിന്നെ വ്യാപാര മുദ്രകളിലും പതിഞ്ഞ വിളിപ്പേരുകൾ അങ്ങനെയങ്ങനെ..