എം എസ് ധോണി നല്‍കിയ മാനനഷ്ടക്കേസിലെ രേഖകൾ തർജമ ചെയ്യുന്നതിനായി 10 ലക്ഷം രൂപ കെട്ടിവയ്ക്കാൻ ധോണിയോട് തന്നെ നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. 2013ലെ ഐപിഎൽ വാതുവയ്പ് വിവാദവുമായി ബന്ധപ്പെട്ട്, അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ്, ധോണി കോടതിയെ സമീപിച്ചത്.
മുൻ ഐപിഎസ് ഓഫിസർ ജി. സമ്പത്ത്കുമാറിനെതിരെയാണ് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കിയത്. ഫെബ്രുവരി 11ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ജസ്റ്റിസ് ആർ.എൻ. മഞ്ജുളയുടെ നിർദേശം.
കേസുമായി ബന്ധപ്പെട്ട സിഡികളിലെ ഉള്ളടക്കം പകർത്തിയെഴുതുകയും തർജമ ചെയ്യുകയും ചെയ്യുന്ന ചുമതല ദ്വിഭാഷി ഏറ്റെടുത്തിട്ടുണ്ടെന്ന് ജഡ്ജി ഉത്തരവിൽ പറഞ്ഞു. ഇതൊരു വലിയ ജോലിയാണെന്നും പൂർത്തിയാക്കാൻ ഒരു ദ്വിഭാഷിയുടെയും ഒരു ടൈപ്പിസ്റ്റിന്റെയുമെങ്കിലും മൂന്നോ നാലോ മാസത്തെ സമയവും അധ്വാനവും വേണ്ടിവരുമെന്നും ദ്വിഭാഷിയിൽനിന്ന് മനസ്സിലാക്കിയതായി ജഡ്ജി പറഞ്ഞു. സാധാരണഗതിയിൽ ഒരു കേസിൽ, വാദിയാണ് ഈ ജോലികൾ ചെയ്ത് ഹർജിക്കൊപ്പം രേഖകൾ ഫയൽ ചെയ്യേണ്ടതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
2026 മാർച്ച് മൂന്നാം വാരത്തിനു മുൻപായി സിഡികളിലെ ഉള്ളടക്കം പകർത്തി പരിഭാഷപ്പെടുത്താൻ പരിഭാഷകനു നിർദേശം നൽകി. 10 ലക്ഷം രൂപ 2026 മാർച്ച് 12നകം ധോണി കോടതിയില്‍ കെട്ടിവയ്ക്കണം