വൈഭവ് സൂര്യവംശിയെ പോലുള്ള ജെന്‍ സീ പിള്ളേര്‍ വരവറിയിക്കുന്ന ഇക്കാലത്ത് ഓസ്ട്രേലിയയില്‍ നിന്ന് ഉസൈന്‍ ബോള്‍ട്ടിനെ വെല്ലാന്‍ ഒരു കൗമാരവിസ്മയം. ബോള്‍ട്ടിന്‍റെ യൂത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത ഈ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ ലോക അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ടീമിലേക്ക് ഓസ്ട്രേലിയ തിരഞ്ഞെടുത്തു.
പേര് ഗ്വോട്ട് ഗ്വോട്ട് വയസ് 17. ഓസ്ട്രേലിയന്‍ സ്കൂള്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ നൂറുമീറ്റര്‍ ഓടിത്തീര്‍ത്തത് 10.4 സെക്കന്‍ഡില്‍. ഇരുന്നൂറ് മീറ്റര്‍ ഫിനിഷ് ചെയ്യാന്‍ വേണ്ടിവന്നത് 20.04 സെക്കന്‍ഡ്. 56 വര്‍ഷത്തെ ഓസ്ട്രേലിയന്‍ റെക്കോര്‍ഡ് തകര്‍ത്ത ഗ്വോട്ട് 16–ാം വയസില്‍ ബോള്‍ട്ട് കുറിച്ച സമയവും മറികടന്നു. പാന്‍ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ ബോള്‍ കുറിച്ച 20.13 സെക്കന്‍റിന് സമയമാണ് ഗ്വോട്ട് പഴങ്കഥയാക്കിയത്.
സ്കൂള്‍ മീറ്റില്‍ കുതിച്ചുപാഞ്ഞ പയ്യനെ ഇപ്പോള്‍ ഓസ്ട്രേലിയ ലോകചാംപ്യന്‍ഷിപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. ഒളിംപിക്സ് ചാംപ്യന്‍ നോഹ ലൈല്‍സിനൊപ്പം ഫ്ലോറിഡയില്‍ പരിശീനത്തിന് തയ്യാറെടുക്കുകയാണ് ഗൗട്ട്. ക്വീന്‍സ്‍ ലാന്‍ഡിലെ ഇപ്സ്വിച്ച് ഗ്രാമര്‍ സ്കൂളിലെ പതിനൊന്നാം ഗ്രേഡ് വിദ്യാര്‍ഥിയാണ് ഗൗട്ട്. സുഡാനിലെ സംഘര്‍ഷ കാലത്ത്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരാണ് ഗ്വോട്ടിന്‍റെ മാതാപിതാക്കള്‍.