jinson-johnson

TOPICS COVERED

അത്‍ലറ്റിക്സില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഒളിംപ്യന്‍ ജിന്‍സന്‍ ജോണ്‍സന്‍. 1500 മീറ്ററില്‍ ദേശിയ റെക്കോര്‍ഡിന് ഉടമയായ ജിന്‍സന്‍, 2018 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിമെഡലും സ്വന്തമാക്കിയിട്ടുണ്ട്. 2016 റിയോ ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്‍സന്‍ അര്‍ജുന അവാര്‍ഡ് ജേതാവാണ്. 

സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് ജിന്‍സന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2007 ല്‍ കൊല്‍ക്കത്തയിലെ നാഷണല്‍ സ്കൂള്‍ മീറ്റില്‍ നിന്നായിരുന്നു ജിന്‍സന്‍റെ തുടക്കം. 2018 ലെ ദേശിയ അന്തര്‍ സംസ്ഥാന അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ 42 വര്‍ഷം പഴക്കമുള്ള ദേശിയ റെക്കോര്‍ഡ് തകര്‍ത്തു. ഇതേ വര്‍ഷം തന്നെ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 1500 മീറ്ററില്‍ 23 വര്‍ഷം പഴക്കമുള്ള ദേശിയ റെക്കോര്‍ഡും മറികടന്നു. 

ഒളിംപിക്സിലും വേള്‍ഡ് അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും പങ്കെടുത്തു. 2018 ഏഷ്യന്‍ ഗെയിംസിലാണ് 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടുന്നത്. 2019 ലുണ്ടായ പരുക്കാണ് ജിന്‍സന്‍റെ കരിയറിനെ ബാധിക്കുന്നത്. മൂന്നു വര്‍ഷം നീണ്ട തിരിച്ചുവരവിന് ശേഷം 2023 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടി. ഇതാണ് ജിന്‍സന്റെ കരിയറിലെ അവസാന ദേശിയ, രാജ്യാന്തര മത്സരം.

ENGLISH SUMMARY:

Jinson Johnson, the celebrated Indian athlete, has announced his retirement from athletics. Johnson, a national record holder in the 1500m and an Asian Games gold medalist, concluded his career after a remarkable journey.