ഉത്തേജക മരുന്നുപയോഗിച്ചെന്ന കുറ്റത്തിന് ട്രാക്കില്‍ നിന്ന് മാറ്റിനിര്‍ത്തിയ ചൈനീസ് ലോങ് ജംപ് താരം വാങ് ജിയാനൻ തെറ്റുകാരനല്ലെന്ന് അന്വേഷണ സംഘം. ചൈന ആന്‍റി ഡോപിങ് ഏജന്‍സി നടത്തിയ പരിശോധനയില്‍ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. 2023ലെ ലോക ചാംപ്യന്‍ഷിപ്പില്‍ വാങ് ലോങ് ജംപില്‍ സ്വര്‍ണം നേടിയിരുന്നു.
29 കാരനായ വാങ് 2015-ൽ ബീജിംഗിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ലോങ് ജംപില്‍ വെങ്കലം നേടിയിരുന്നു. 2022 ജൂലൈയിൽ ഓറിഗണിലെ യൂജിനിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലേതായിരുന്നു വാങ്ങിന്‍റെ തിളങ്ങുന്ന പ്രകടനം . 8.36 മീറ്റർ ചാടിയ വാങ് ലോകചാംപ്യന്‍ഷിപ്പില്‍ ലോംങ് ജംപില്‍ സ്വർണം നേടുന്ന ആദ്യ ഏഷ്യൻ പുരുഷ അത്ലറ്റായി 2023ല്‍ പക്ഷേ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2024 ഒളിമ്പിക്സിൽ വീണ്ടും നിരാശപ്പെടുത്തി . വാങ് ഫിനിഷ് ചെയ്തത് എട്ടാം സ്ഥാനത്ത്. തുടര്‍ച്ചയായുള്ള മോശം പ്രകടനത്തേക്കള്‍ വലിയ ദുരന്തമായിരുന്നു വാങ്ങിനെ പിന്നീട് വേട്ടയാടിയത്. രണ്ടുവര്‍ഷത്തിന് ശേഷം ചൈനീസ് ഉത്തേജക വിരുദ്ധ ഏജൻസി (CHINADA) നടത്തിയ മത്സരത്തിന് പുറത്തുള്ള പരിശോധനയിൽ അദ്ദേഹം ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.
പരിശോധനയില്‍ വാങിന്‍റെ ശരീരത്തില്‍ ടെർബ്യൂട്ടാലിൻ എന്ന മരുന്നിന്‍റെ അംശം കണ്ടെത്തിയെന്ന് അത്‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് വ്യക്തമാക്കി. ആസ്മ കാരണം ശ്വാസതടസ്സം അനുഭവിക്കുന്ന രോഗികളെ ചികിത്സിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണിത്. സംഭവം താരത്തിന്‍റെ കരിയറിനെയും വിശ്വാസ്യതയെയും സാരമായി ബാധിക്കുകയും ചെയ്തു. പിന്നാലെ വിഷയം അന്വേഷിക്കാന്‍ ചൈന ആന്‍റി ഡോപിങ് ഏജന്‍സിയെ(CHINADA) അത്ലെറ്റിക്സ് ഇന്‍റഗ്രിറ്റി യൂണിറ്റ്(എഐയു) ചുമതലപ്പെടുത്തി.
വാങ് ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ഇവർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. വാങ് അറിയാതെയാണ് അന്ന് ഉത്തേജക ഔഷധം അദ്ദേഹത്തിന്‍റെ ശരീരത്തില്‍ കടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആശുപത്രിയില്‍ കുടുംബാംഗത്തിന്‍റെ ചികില്‍സയ്ക്കായി പോയതായിരുന്നു സംഭവങ്ങളുടെ തുടക്കം. കുടുംബാംഗം ആവി പിടിക്കുന്നതിനിടെ അന്തരീക്ഷത്തിലേക്ക് വ്യാപിച്ച ടെർബ്യൂട്ടാലിൻ മരുന്ന് കണികകൾ വാങ് ശ്വസിക്കുകയായിരുന്നു. ഇതോടെയാണ് വാങ്ങിന്‍റെ ശരീരത്തില്‍ ടെർബ്യൂട്ടാലിൻ കടന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും ഔട്ട്‌പേഷ്യന്റ് രേഖകളും തങ്ങൾക്ക് ലഭിച്ചുവെന്നും അവ പരിശോധിച്ച് ബോധ്യപ്പെട്ടുവെന്നും AIU അറിയിച്ചു. വാങ് തെറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന് ഉപരോധങ്ങൾ ഏര്‍പ്പെടുത്തരുതെന്നും ഏജന്‍സി ശുപാര്‍ശ ചെയ്തു.