Image: Predictive history, youtube
തന്‍റെ സ്വന്തം യുട്യൂബ് ചാനലിലൂടെ പ്രവചനങ്ങളും നിരീക്ഷണങ്ങളും നടത്തുന്ന പ്രൊഫസർ ജിയാങ് സ്യൂക്ക് യുഎസ്–ഇറാന്‍ യുദ്ധത്തെക്കുറിച്ച് നടത്തിയ പ്രവചനം വൈറലാകുന്നു. 2024ല്‍ ഒരു ഓണ്‍ലൈന്‍ ക്ലാസിനിടെ നടത്തിയ പ്രഫസറുടെ വാക്കുകളാണ് അമേരിക്കയേയും ചെറുതായെങ്കിലും ഒന്ന് ഭയപ്പെടുത്തുന്നത്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായി യുദ്ധത്തിനു പോകുമെന്നും തോറ്റമ്പുമെന്നുമാണ് ജിയാങ് സ്യൂക്കിന്‍ പ്രവചിച്ചത്.
2024ല്‍ തന്നെ മൂന്ന് വലിയ പ്രവചനങ്ങളാണ് സ്യൂക്കിന്‍ നടത്തിയത്, ട്രംപ് വീണ്ടും അധികാരത്തിലെത്തും, ഇറാനിലേക്ക് പോയി യുദ്ധം നടത്തും, യുദ്ധത്തില്‍ പരാജയപ്പെട്ട് ട്രംപ് പിന്‍മാറും. ആദ്യത്തെ രണ്ട് പ്രവചനങ്ങളും സത്യമായതോടെ ചൈനയ്ക്ക് പ്രിയങ്കരനാണ് ഈ സോഷ്യല്‍മീഡിയ താരം. മാത്രമല്ല മൂന്നാമത്തെ പ്രവചനത്തിനായുള്ള കാത്തിരിപ്പിലാണ് ചൈന.
യേല്‍ സര്‍വകലാശാലയില്‍ നിന്നും ഫിലോസഫിയിലും ചരിത്രത്തിലും ബിരുദം നേടിയ സ്യൂക്കിന്‍ ചൈനയുടെ വിദ്യാഭ്യാസ പരിഷ്ക്കരണ പദ്ധതിയിലും പ്രധാന പങ്കാളിയായിരുന്നു. ‘പ്രെഡിക്റ്റീവ് ഹിസ്റ്ററി’എന്ന പേരിലാണ് അദ്ദേഹം യുട്യൂബ് ചാനല്‍ നടത്തുന്നത്. ലോകസംഭവങ്ങളെ ചരിത്രത്തിന്റേയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടേയും ആവര്‍ത്തനങ്ങളുടേയും അടിസ്ഥാനത്തിലാണ് ഇദ്ദേഹം പ്രവചനത്തിന് വിധേയമാക്കുന്നത്.
അമേരിക്കയുടെ പരാജയത്തിനു കാരണമായി പല കാര്യങ്ങളാണ് സ്യൂക്കിന്‍ മുന്നോട്ട് വയ്ക്കുന്നത്. ഇറാന്റെ മലനിരകള്‍, ഭൂപ്രകൃതി എന്നിവ അമേരിക്കയെ പോലൊരു വിദേശ സൈന്യത്തിന് കടുത്ത വെല്ലുവിളിയാകുമെന്നും, ചരിത്രത്തില്‍ ഏഥന്‍സിന് സംഭവിച്ചതുപോലൊരു പരാജയം( Sicilian Expedition) നേരിടേണ്ടി വരുമെന്നും സ്യൂക്കിന്‍ പറയുന്നു. അടുത്തിടെ ഒരു വാര്‍ത്താധിഷ്ഠിത അഭിപ്രായ സര്‍വേയിലും സ്യൂക്കിന്‍ പങ്കെടുത്തിരുന്നു. സര്‍വേയിലും ഇറാന്റെ സമ്പൂര്‍ണ ആധിപത്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചിരുന്നത്.
ഇറാന്‍ 20 വര്‍ഷക്കാലമായി കാത്തിരിക്കുന്ന യുദ്ധമാണെന്നും കഴിഞ്ഞ വര്‍ഷത്തെ 12ദിവസത്തെ ആക്രമണപ്രത്യാക്രമണത്തിലൂടെ ഇറാന് ഇസ്രയേലിന്റേയും അമേരിക്കയുടേയും ആക്രമണരീതി ബോധ്യപ്പെട്ടുവെന്നും സ്യൂക്കിന്‍ വാദിക്കുന്നു. മാത്രമല്ല ഇറാന്റെ പ്രോക്സി ഗ്രൂപ്പുകളായ ഹൂതിയും, ഹിസ്ബുല്ലയും, ഹമാസും അമേരിക്കൻ അധിനിവേശത്തെയും ആക്രമണത്തേയും ദുർബലപ്പെടുത്താനുള്ള തന്ത്രങ്ങൾ സ്വായത്തമാക്കിയിട്ടുണ്ടെന്നും പ്രഫസര്‍ നിരീക്ഷിക്കുന്നു.
അതേസമയം തന്നെ ഈ യുദ്ധം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്നും ലോകക്രമത്തെ മാറ്റിമറിയ്ക്കുമെന്നും സ്യൂക്കിന്‍ വാദിക്കുന്നു. ഏതായാലും ഇതുവരെ പ്രവചിച്ച കാര്യങ്ങളെല്ലാം ഫലിച്ച സ്ഥിതിക്ക് അമേരിക്കയുടെ തോല്‍വി കൂടി കാണാമെന്ന പ്രതീക്ഷയിലാണ് സ്യൂക്കിന്‍ ഫോളോവേഴ്സ്.