കിഴക്കൻ ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി എത്തിച്ച വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം. 25 പേർ വെന്തുമരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Also Read: കിം ജോങ് ഉന്നിന്റെ പിൻഗാമി മകൾ തന്നെയോ? കിമ്മിന് മകനുണ്ടോയെന്ന് അന്വേഷിച്ച് ദക്ഷിണ കൊറിയ
കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള പ്രധാന തുറമുഖ നഗരമായ ക്വിങ്ദാവോയിലെ കപ്പൽശാലയിലാണ് സംഭവം. ലൈബീരിയൻ പതാക വഹിച്ച 'ഓഷ്യൻ മെലഡി' (Ocean Melody) എന്ന ചരക്കുകപ്പലിലാണ് തീപിടിത്തമുണ്ടായത്. ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിങ് കോർപ്പറേഷന്റെ കീഴിലുള്ള ബെയ്ഹായ് ഷിപ്പ് ബിൽഡിങ് യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ പ്രാദേശിക സമയം രാവിലെ 11:15-ഓടെയാണ് തീ ആളിപ്പടർന്നത്.
തീപിടിത്തം ഉണ്ടായ സമയത്ത് കപ്പല്‍ ജീവനക്കാരും അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികളുമുൾപ്പെടെ 42 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടയുടൻ രക്ഷാപ്രവർത്തകർ 12 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. മൂന്ന് മണിക്കൂറിലധികം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.
Also Read: ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന പ്രധാനമന്ത്രി; വർഷത്തിൽ 27 കോടി
സംഭവത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ദുഃഖം രേഖപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ ഊർജിതമാക്കാനും രക്ഷാപ്രവർത്തനങ്ങൾക്ക് പൂർണ സജ്ജീകരണങ്ങൾ ഒരുക്കാനും അദ്ദേഹം നിർദേശിച്ചു. രാജ്യത്തെ മുഴുവൻ തൊഴിൽശാലകളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്നും തീപിടിത്ത സാധ്യതകൾ പൂർണമായി ഒഴിവാക്കണമെന്നും ഷി ഉത്തരവിട്ടു.
അപകടകാരണം വ്യക്തമായിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.