തിരിച്ചടികളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സാത്വിക്–ചിരാഗ് സഖ്യം. ചൈനയില്‍ വച്ച് നടന്ന ഫൈനലില്‍ ചൈനീസ് എതിരാളികള്‍ക്കെതിരെ നേടിയ ജയം ഇരട്ടി മധുരമാണ്. ഒന്നില്‍ പിഴച്ചാല്‍ മൂന്നെന്നാണ്. എന്നാല്‍ സാത്വിക് സായ്‍രാജിനും ചിരാഗ് ഷെട്ടിക്കും ചൈന മാസ്റ്റേഴ്സില്‍ പിഴച്ചത് രണ്ട് വട്ടമാണ്. 2023 ലും 2025 ലും പോരാടിയെത്തിയവര്‍ ഫൈനലില്‍ വീണു. ഇത്തവണയും വിധി മറിച്ചാകില്ലെന്നായിരുന്നു ഷെന്‍സനില്‍ ആദ്യ ഗെയിം പൂര്‍ത്തിയായപ്പോള്‍ കാണികളും ചൈനീസ് താരങ്ങളും പ്രതീക്ഷിച്ചത്.
11–21 എന്ന നിലയില്‍ ഹെ ജിറ്റിങ്, റെന്‍ സിയാങ്ഗ്യൂ സഖ്യം അനായാസം ഗെയിം സ്വന്തമാക്കി. എന്നാല്‍ പിന്നീട് കണ്ടത് പുരുഷ ഡബിള്‍സിലെ മിന്നും കംബാക്ക് ആയിരുന്നു. തുടക്കത്തിലെ പിഴവുകളെല്ലാം തിരുത്തി ചൈനയുടെ വെല്ലുവിളികളെ തകര്‍ത്ത് രണ്ട് ഗെയിമും സ്വന്തമാക്കി. ഒരു മണിക്കൂറും 10 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ ഒടുവില്‍ അവര്‍ കിരീടമുയര്‍ത്തി.
ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ ജോഡി ചൈന മാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. ലോക അഞ്ചാം നമ്പര്‍ ജോഡിയായ ഇന്ത്യന്‍ താരങ്ങളുടെ ഈ വര്‍ഷത്തെ രണ്ടാം കിരീടമാണിത്. നേരത്തേ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം നേടിയിരുന്നു. എന്നാല്‍ തായ്‍ലന്‍ഡ് ഓപ്പണ്‍ ഫൈനലില്‍ സഖ്യം പരാജയപ്പെട്ടിരുന്നു. അടുത്ത മാസം ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് ഇനി ഇന്ത്യന്‍ ജോഡിക്ക് മുന്നിലുള്ളത്.