പ്രതീകാത്മക ചിത്രം (Credit: Reuters)
ചൈനയില് നിന്നെത്തിച്ച വസ്തുക്കള് ഉപയോഗിച്ച് ഹൂതികള് അത്യാധുനിക ബാലിസ്റ്റിക് മിസൈലുകള് നിര്മിക്കുകയാണെന്നും അത് സൗദിയിലും ഇസ്രയേലില് എവിടെയും എത്താന് ശേഷിയുള്ളതാണെന്നും കോണ്ഫ്ലിക്റ്റ് ആമമന്റ് മന്റ് റിസര്ച്ച് റിപ്പോര്ട്ട് ചെയ്തതായി അസോസിയേറ്റഡ് പ്രസ് എഴുതുന്നു. ഹൂതി വിമതര്ക്കായി എത്തിച്ചതെന്ന് കരുതുന്ന മിസൈല് നിര്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കള് യെമനി അധികൃതര് കഴിഞ്ഞ ദിവസം പിടിച്ചെടുത്തതോടെയാണ് ചൈനീസ് ബന്ധം വെളിവായത്. ചൈനയില് നിര്മിച്ചതെന്ന് രേഖപ്പെടുത്തിയിരുന്ന സാമഗ്രികള് ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖമായ ഹൊദെയ്ദയയിലേക്ക് എത്തിയതായിരുന്നു.
2,000 കിലോ മീറ്റര് വരെ എത്താന് ശേഷിയുള്ള പ്രിസിഷന് ഗൈഡഡ് ബാലിസ്റ്റിക് മിസൈലായ ഇറാന്റെ ഖൈബര് ഷെഖന് സമാനമായ ബാലിസ്റ്റിക് മിസൈല് നിര്മിക്കാന് സഹായിക്കുന്നതാണ് ഹൂതികള്ക്കായി എത്തിയ പാഴ്സലിലുള്ള വസ്തുക്കളെന്നാണ് ഗവേഷകര് പറയുന്നത്. റിപ്പോര്ട്ട് ശരിയെങ്കില് ഇത്തരത്തിലെത്തുന്ന സാമഗ്രികള് യെമനുള്ളില് വച്ചു തന്നെ കൃത്യമായി കൂട്ടിച്ചേര്ക്കാനും ഉപയോഗിക്കാനുള്ള പരിശീലനം ഹൂതികള്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അനുമാനിക്കേണ്ടത്. മാത്രവുമല്ല, ഇത്തരത്തില് പാര്ട്സുകള് തദ്ദേശീയമായി യോജിപ്പിക്കുന്നതിലൂടെ പൂര്ണസജ്ജമായ ആയുധങ്ങള് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാനും അതുവഴിയുണ്ടാകുന്ന സാമ്പത്തിക ചെലവ് ഒഴിവാക്കാനും ഹൂതികള്ക്ക് കഴിയുന്നുണ്ടെന്നും വിദഗ്ധര് പറയുന്നു.
ചൈനയില് നിന്നെത്തിയതായി കണ്ടെത്തിയ അസംസ്കൃത വസ്തുക്കള്:
ഇവയ്ക്ക് പുറമെ ഫെനോളിക് റെസിനും ചരക്കിലുള്ളതായി കണ്ടെത്തി. സൂപ്പര്സോണിക് വേഗതയില് മിസൈല് കുതിക്കുമ്പോള് വായുവിന്റെ ഘര്ഷണം മൂലം ശക്തിയേറിയ ചൂട് ഉണ്ടാകും. ഈ ചൂടില് നിന്ന് മിസൈലിന്റെ ഉള്ഭാഗത്തെ സംരക്ഷിക്കുന്ന താപപ്രതിരോധ കവചം നിര്മിക്കാനാണ് ഫെനോളിക് റെസിന് ഉപയോഗിക്കുന്നത്.
പുറത്തുവന്ന വിവരങ്ങള് ആശങ്കാജനകമാണെന്നും ഹൂതികളെ കുറിച്ചുള്ള മുന്ധാരണകള് തിരുത്തുന്നതാണെന്നും റിപ്പോര്ട്ട് പറയുന്നു. അതേസമയം റിപ്പോര്ട്ടിന്മേല് ചൈന ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല് ഉത്തരവാദിത്തത്തോടെയുള്ള സൈനിക സാമഗ്രികളുടെ കയറ്റുമതി മാത്രമേ ചൈന ചെയ്യുന്നുള്ളൂവെന്ന് വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു ചാങ് പ്രതികരിച്ചു. ഇറാനുമായും സൗദിയുമായും അടുത്ത സാമ്പത്തിക ബന്ധമാണ് ചൈനയ്ക്കുള്ളത്. സൗദിക്ക് മേല് നടക്കുന്ന ഹൂതി ആക്രമണങ്ങളില് ചൈന അപലപിക്കുകയും ചെയ്തിരുന്നു.
യെമന് സൈന്യത്തില് നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്ക്ക് പുറമെയാണ് ഇറാന്റെ സഹായത്തോടെയും അല്ലാതെയും ഹൂതികള് മിസൈല് വികസിപ്പിക്കാന് തുടങ്ങിയത്. ബാലിസ്റ്റിക് മിസൈലുകളും ദീര്ഘദൂര ഡ്രോണുകളും ഹൂതികള് ഇത്തരത്തില് വികസിപ്പിക്കുകയും പ്രാദേശിക എതിരാളികള്ക്ക് മേല് പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇറാന് മേല് ഉപരോധം വന്നതോടെ മറ്റ് രാജ്യങ്ങളെ ഹൂതികള് കൂടുതലായി ആശ്രയിക്കുന്നുവെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
ആഴ്ചകളായ സൗദിക്ക് നേരെ കനത്ത ആക്രമണമാണ് ഹൂതികള് നടത്തുന്നത്. റിയാദിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ബാലിസ്റ്റിക് മിസൈല് ആക്രമണത്തില് ഇന്ത്യക്കാരന് ഉള്പ്പടെ 13 പേര് കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തിരുന്നു.