Image Credit: Reuters

Image Credit: Reuters

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയുടെ പ്ലാന്റുകളും ഓഫിസുകളും തകർക്കുമെന്ന് യെമനിലെ ഹൂതി വിമതരുടെ ഭീഷണി. കമ്പനി പരിസരങ്ങളിൽ നിന്ന് ജനങ്ങൾ മാറിനിൽക്കണമെന്നും മുന്നറിയിപ്പ്. വിമാനത്താവളങ്ങൾക്കും ഭീഷണിയുണ്ട്. സംഘർഷം രൂക്ഷമായതോടെ സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യൻ എയർലൈനുകൾ ഈ മാസം 17 വരെ റദ്ദാക്കി. തീർഥാടകർക്കായി ജിദ്ദ കോൺസുലേറ്റ് 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

യെമൻ തലസ്ഥാനമായ സനാ പിടിച്ചെടുക്കാൻ സൗദി സഖ്യസേന ശ്രമിച്ചാൽ റിയാദിൽ അതിന് വേദനാജനകമായ മറുപടി നൽകുമെന്നും അരാംകോ പ്ലാന്റുകൾ തകർക്കുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി. ജീവനക്കാരും സാധാരണക്കാരും കമ്പനി പരിസരങ്ങളിൽ നിന്ന് മാറണമെന്നാണ് ഭീഷണി. ദമാമിലെ അരാംകോ ആസ്ഥാനം, റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, അരാംകോയുടെ റിഫൈനറി എന്നിവ ലക്ഷ്യമിട്ടേക്കുമെന്നാണ് സൂചന. അതേസമയം, സനായിലെ പെട്രോളിയം കമ്പനിക്ക് സമീപമുള്ള ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് സഖ്യസേനയും അറിയിച്ചു. ഹൂതികളുടെ ആക്രമണങ്ങളെ ശക്തമായി നേരിടുമെന്നും ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സൗദി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, റിയാദ് ലക്ഷ്യമാക്കി ഹൂതികൾ തൊടുത്ത മൂന്ന് ഡ്രോണുകൾ സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. ശനിയാഴ്ച റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശി മുഹമ്മദ് യൂസഫ് അലിയുടെ കബറടക്കം റിയാദിൽ പൂർത്തിയായി. ഇന്ത്യൻ സ്ഥാനപതി വിപുലും എംബസി ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. പരുക്കേറ്റവരിൽ ഒരു മലയാളിയടക്കം നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദ്, ദമ്മാം, ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ 17 വരെ നിർത്തിവെച്ചു. യാത്ര തിരിക്കുന്നതിന് മുൻപ് വിമാന സർവീസ് ഉണ്ടെന്ന് സ്ഥിരീകരിക്കണമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉംറ തീർഥാടകർക്ക് കർശന നിർദേശം നൽകി. പ്രവാസികൾക്കും തീർഥാടകർക്കുമായി ജിദ്ദ കോൺസുലേറ്റിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കും തുറന്നിട്ടുണ്ട്.

ENGLISH SUMMARY:

Yemen's Houthi rebels have issued a grave threat to target Saudi Arabia's Aramco oil plants and vital airports, urging civilians to stay away from company premises. In response to escalating security risks and recent drone attacks, Indian airlines have suspended flight services to Saudi destinations until October 17. Meanwhile, the funeral of Hyderabad native Mohammed Yusuf Ali, who died in the Riyadh airport attack, was completed in Riyadh as four Indians remain in intensive care. The Indian Consulate in Jeddah has established a 24-hour control room and urged Umrah pilgrims to verify flight statuses before traveling.