മുഹമ്മദ് റബ്ബാനി അഹമ്മദ് കുട്ടി

മുഹമ്മദ് റബ്ബാനി അഹമ്മദ് കുട്ടി

സൗദി അറേബ്യയിലെ റിയാദ് രാജ്യാന്തര വിമാനത്താവളത്തിൽ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി യുവാവ് മുഹമ്മദ് റബ്ബാനിയുടെ ആരോഗ്യനിലയിൽ ആശങ്കയെന്ന് കുടുംബം. പാലക്കാട് ആലത്തൂർ സ്വദേശിയായ ഇരുപത്തൊമ്പതുകാരൻ വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ റബ്ബാനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

വിമാനത്താവളത്തിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് മുഹമ്മദ് റബ്ബാനിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. വിമാനത്താവളത്തില്‍ 'മീദ്' കമ്പനി സ്ഥാപിച്ചിട്ടുള്ള വെന്‍ഡിങ് മെഷീനുകളുടെ മെയിന്റനന്‍സ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു റബ്ബാനി. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് നിലവില്‍ കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവാവ്.

എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ മാത്രമാണ് റബ്ബാനിയ്ക്ക് പരിക്കേറ്റ വിവരം കുടുംബം അറിയുന്നത്. തുടക്കത്തിൽ കൃത്യമായ വിവരങ്ങൾ ലഭിക്കാതെ ആശങ്കയിലായ കുടുംബം ഏറെ അന്വേഷിച്ചശേഷമാണ് റബ്ബാനിയെ റിയാദിലെ ആശുപത്രിയിൽ കണ്ടെത്തിയത്. തിരിച്ചറിയൽ കാർഡും ഫിംഗർപ്രിന്റും പരിശോധിച്ചാണ് ആശുപത്രി അധികൃതർ വിവരങ്ങൾ സ്ഥിരീകരിച്ചത്. നിലവില്‍ സൗദിയിലെ ഒരു സുഹൃത്ത് വഴിയാണ് കുടുംബത്തിന് വിവരങ്ങൾ ലഭിക്കുന്നത്.

റബ്ബാനിയുടെ ആരോഗ്യനിലയിൽ ചെറിയ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തിൽ ഇന്ത്യൻ എംബസി അധികൃതർ ഇടപെടുകയും കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. തുടർചികിത്സയ്ക്കുള്ള എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകിയിട്ടുണ്ടെന്ന് കുടുംബം അറിയിച്ചു. 

അതേസമയം, സൗദി റിയാദ് വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതരുടെ ആക്രമണമുണ്ടായി. മൂന്ന് ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് റിയാദ് വിമാനത്താവളം അടച്ചതോടെ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കിയിട്ടുണ്ട്. ജിദ്ദ, ദമാം വിമാനസര്‍വീസുകള്‍ക്കും നിയന്ത്രണമുണ്ട്.

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആക്രമണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എംബസി വ്യക്തമാക്കി. എംബസിയുടെ മേല്‍നോട്ടത്തില്‍ 24മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. സൗദിയില്‍ നിന്നുള്ളവര്‍ക്ക് 80 02 47 12 34 എന്ന നമ്പരിലും ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ക്ക് 966 11 48 84 69 എന്ന നമ്പരിലും, 966 53 62 16 082 എന്ന വാട്‍സാപ്പ് നമ്പരിലും അടിയന്തരാവശ്യങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

ENGLISH SUMMARY:

A young Keralite from Alathur, Palakkad, named Muhammad Rabbani, sustained critical burn injuries in a Houthi rebel missile and drone attack targeting the Riyadh International Airport in Saudi Arabia. Working as a vending machine maintenance technician, Rabbani is currently undergoing treatment in the intensive care unit at King Saud Medical City after his family spent days tracking him down. Meanwhile, fresh drone attacks prompted authorities to temporarily shut down Riyadh airport, suspend flight services, and issue urgent safety advisories for Indian nationals. The Indian Embassy has intervened, establishing a 24-hour control room and promising all necessary medical support for the injured youth.