റിയാദിലുള്ള കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ യെമനിലെഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് പുകയും തീയും ഉയരുന്നു (2026 ഒക്ടോബർ 8-ലെ സമൂഹമാധ്യമ വീഡിയോയിൽ നിന്നുള്ള ചിത്രം).
സൗദി റിയാദ് വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതരുടെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി. അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആക്രമണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എംബസി വ്യക്തമാക്കി. എംബസിയുടെ മേല്‍നോട്ടത്തില്‍ 24മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
സൗദിയില്‍ നിന്നുള്ളവര്‍ക്ക് 80 02 47 12 34 എന്ന നമ്പരിലും ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ക്ക് 966 11 48 84 69 എന്ന നമ്പരിലും, 966 53 62 16 082 എന്ന വാട്‍സാപ്പ് നമ്പരിലും അടിയന്തരാവശ്യങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. ഇമെയിൽ: pbskcgi@gmail.com. അതേസമയം, യാത്രക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും കോൺസുലേറ്റ് അധികൃതർ അഭ്യർഥിച്ചു.
വിമാന സർവീസുകള്‍ തടസപ്പെടുന്നത് കണക്കിലെടുത്ത് തീർത്ഥാടകരും യാത്രക്കാരും അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റുകളുടെ ഏറ്റവും പുതിയ വിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് കോൺസുലേറ്റ് അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് ഫ്ലൈറ്റ് റദ്ദാക്കലുകൾ, സമയം മാറ്റൽ, ബദൽ യാത്രാ സൗകര്യങ്ങൾ, താമസ സൗകര്യം എന്നിവ സംബന്ധിച്ച് ട്രാവൽ ഏജന്റുകളുമായും ടൂർ ഓപ്പറേറ്റർമാരുമായും കൃത്യമായ ആശയവിനിമയം നടത്തണമെന്നും നിർദ്ദേശമുണ്ട്.
ഇന്ത്യൻ പൗരന്മാർക്ക് സഹായം ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട എയർലൈനുകളുമായും പ്രാദേശിക അധികാരികളുമായും കോൺസുലേറ്റ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി പറഞ്ഞു. വിമാന സർവീസുകൾ, സർവീസുകൾ റദ്ദാക്കൽ, സമയം മാറ്റൽ എന്നിവ സംബന്ധിച്ച് എയർലൈനുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കോൺസുലേറ്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴി പങ്കുവെക്കുന്നതാണെന്നും എംബസി വ്യക്തമാക്കി.
അതേസമയം, സൗദി റിയാദ് വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതരുടെ ആക്രമണമുണ്ടായി. മൂന്ന് ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് റിയാദ് വിമാനത്താവളം അടച്ചതോടെ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കിയിട്ടുണ്ട്. ജിദ്ദ, ദമാം വിമാനസര്‍വീസുകള്‍ക്കും നിയന്ത്രണമുണ്ട്.