ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന പ്രധാനമന്ത്രി എന്ന സ്ഥാനം ഇനി സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനത്തിന് സിംഗപ്പൂർ സർക്കാർ അംഗീകാരം നൽകി. ഇതോടെ വോങ്ങിന്റെ വാർഷിക ശമ്പള പാക്കേജ് 22 ലക്ഷം സിംഗപ്പൂർ ഡോളറിൽനിന്ന് 36 ലക്ഷം സിംഗപ്പൂർ ഡോളറായി ഉയരും. ഇന്ത്യൻ രൂപയിൽ ഏകദേശം 27 കോടി രൂപ.
2026 ഒക്ടോബർ 15 മുതൽ പുതിയ ശമ്പളക്രമം പ്രാബല്യത്തിൽ വരും. പുതിയ തുകയിൽ ബോണസുകളും ഉൾപ്പെടുന്നുണ്ട്. 36 ലക്ഷം സിംഗപ്പൂർ ഡോളർ എന്നത് ഏകദേശം 28.5 ലക്ഷം യുഎസ് ഡോളറിന് തുല്യമാണ്. നിലവിലെ 22 ലക്ഷം സിംഗപ്പൂർ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 64 ശതമാനമാണ് വർധന.
മികച്ച പ്രതിഭകളെ സർക്കാർ സേവനത്തിലേക്ക് ആകർഷിക്കുന്നതിനും രാഷ്ട്രീയ നേതാക്കളുടെ ശമ്പളം സ്വകാര്യ മേഖലയിലെ ഉയർന്ന വരുമാനവുമായി മത്സരക്ഷമമാക്കുന്നതിനുമാണ് ശമ്പള പരിഷ്കരണമെന്ന് സിംഗപ്പൂർ സർക്കാർ വിശദീകരിച്ചു. ഉയർന്ന ശമ്പളം നൽകുന്നത് അഴിമതി തടയാനും മികച്ച പ്രതിഭകളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാനും സഹായിക്കുമെന്നാണ് സർക്കാരിന്റെ നിലപാട്.
എന്നാൽ ശമ്പള വർധനയ്‌ക്കെതിരെ സിംഗപ്പൂരിൽ വിമർശനവും ഉയർന്നിട്ടുണ്ട്. സാധാരണക്കാരുടെ ജീവിതച്ചെലവ് ഉയരുകയും സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നേതാക്കളുടെ ശമ്പളം ഇത്രയധികം വർധിപ്പിക്കുന്നത് ഉചിതമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. വോങ് തന്‍റെ ശമ്പള വർധനയിൽനിന്നുള്ള അധിക തുക അടുത്ത അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ശമ്പളം സ്വീകരിക്കുമെന്നും വർധനയിലൂടെ ലഭിക്കുന്ന അധിക തുക വിവിധ നല്ലകാര്യങ്ങൾക്കായി സംഭാവന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഔദ്യോഗിക വാർഷിക ശമ്പളം 4 ലക്ഷം യുഎസ് ഡോളറാണ്. സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പുതിയ വാർഷിക ശമ്പള പാക്കേജ് ഇതിന്റെ ഏഴിരട്ടിയിലേറെയാണ്.