Screen grab from PTI video

Screen grab from PTI video

ഓഗസ്റ്റ് 26ന് നേപ്പാൾ- ചൈന അതിർത്തി പ്രദേശങ്ങളിൽ ഉണ്ടായ മഹാപ്രളയത്തില്‍ ചൈനീസ് പ്രദേശങ്ങളിലുണ്ടായ ആഘാതം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ. അതിർത്തിയിലെ പ്രമുഖ കേന്ദ്രമായ ജിറോങ് ഇമിഗ്രേഷൻ പോസ്റ്റ് പൂർണ്ണമായും തകർന്നുതരിപ്പണമായതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മിന്നല്‍ പ്രളയമുണ്ടായി മിനിറ്റുകൾക്കുള്ളിൽ കൂറ്റൻ പാറക്കല്ലുകളും ചെളിയും കുത്തിയൊഴുകിയ വെള്ളവും ഇമിഗ്രേഷൻ കെട്ടിടത്തെ വിഴുങ്ങുകയായിരുന്നു.

ജിറോങ് ഇമിഗ്രേഷൻ പോസ്റ്റിനെ സെക്കൻഡുകൾക്കുള്ളിൽ പ്രളയം വിഴുങ്ങുന്ന വിഡിയോ നേരത്തേ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രകൃതിയുടെ രൗദ്രഭാവവും അതുണ്ടാക്കിയ വിനാശകരമായ ആഘാതത്തിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ഇതുവരെ ഈ ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമായും നേപ്പാൾ ഭാഗത്തുനിന്നാണ് ലോകം കണ്ടത്. ഇതിന് പിന്നാലെയാണ് ചൈനയുടെ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പിടിഐ പുറത്തുവിടുന്നത്. തകർന്ന ഇമിഗ്രേഷൻ പോസ്റ്റ് സ്ഥിതിചെയ്യുന്ന തിബറ്റിലെ ജിറോങ് കൗണ്ടി തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾക്കായി ചൈന തുറന്നുകൊടുക്കുകയായിരുന്നു.

പിടിഐ പുറത്തുവിട്ട ദൃശ്യങ്ങളില്‍ പ്രളയം വിതച്ച വിനാശവും അവിടെ നടക്കുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളും വ്യക്തമാണ്. അതിർത്തി പോസ്റ്റിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ ചൈന റോഡുകൾ പുനർനിർമ്മിക്കുകയും നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ അയക്കുകയും ചെയ്യുന്നുണ്ട്. ചൈനീസ് അധികൃതരുടെ കണക്കനുസരിച്ച്, ദുരന്തത്തില്‍ തിബറ്റിൽ 31 പേർ മരിക്കുകയും 531 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇമിഗ്രേഷൻ കെട്ടിടത്തിന്റെ ഇരുവശങ്ങളിലുമായുണ്ടായിരുന്ന വിദേശികളാണ് മരിച്ചവരിലും കാണാതായവരിലും ഭൂരിഭാഗവും. അതേസമയം, നേപ്പാളിൽ മരിച്ചവരുടെ എണ്ണം 1,300 കടന്നു, 5,000-ത്തോളം പേരെ കാണാതായിട്ടുമുണ്ട്. കാണാതായവരിൽ ഇന്ത്യയിൽ നിന്നുള്ള 49 പേരും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 22 പേരും ഉൾപ്പെടെ 250-ഓളം വിദേശികളുമുണ്ട്.

china-border-flood

ഓഗസ്റ്റ് 26-ന് നേപ്പാൾ-തിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ കൂറ്റൻ ഹിമപാതമാണ് ദുരന്തത്തിന് വഴിവെച്ചത്. ഇത് ഭോടെകോശി നദിയിലൂടെ കുത്തിയൊഴുകി നേപ്പാളിന്റെ വടക്കൻ, മധ്യ മേഖലകളിലെ ജനവാസകേന്ദ്രങ്ങളെ തകർത്തെറിയുകയായിരുന്നു. മഞ്ഞുമല ഇടിഞ്ഞുവീണതാണ് ദുരന്തത്തിന് കാരണമായതെന്ന് ചൈനയും നേപ്പാളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, തിബറ്റൻ പീഠഭൂമിയിലെ മഞ്ഞുമലകൾ കൂടുതൽ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്നും  ഇത് സമാനമായ ദുരന്തങ്ങൾക്ക് വഴിതെളിച്ചേക്കാമെന്നും ചൈനീസ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിബറ്റൻ പ്ലേറ്റോ റിസർച്ച് തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച് മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയജലം താഴ്‌വരയിലൂടെ 22 കിലോമീറ്റർ സഞ്ചരിച്ച് വെറും ഏഴ് മിനിറ്റിനുള്ളിലാണ് തിബറ്റ് അതിർത്തിയിലെ ജിറോങ് പോർട്ടിൽ എത്തിയത്.

flood-china
ENGLISH SUMMARY:

Press Trust of India (PTI) released footage exposing the severe impact of the August 26 flash floods on the Chinese side of the Nepal-China border, showing the complete destruction of the Gyirong Immigration Post in Tibet. Triggered by a massive avalanche that coursed through the Bhote Koshi River, floodwaters carrying rocks and mud traveled 22 kilometers in just seven minutes to submerge the facility. According to Chinese officials, 31 people died and 531 remain missing in Tibet—mostly foreign nationals. In Nepal, the death toll has crossed 1,300 with nearly 5,000 missing, including around 250 foreigners (49 Indians). China opened the affected Gyirong County to select media, highlighting ongoing road reconstruction and relief material shipments to Nepal.