ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ഹാട്രിക് കിരീടം. ഹരിയാന ഭിവാനിയില്‍നടന്ന മീറ്റില്‍ 67 പോയിൻ്റു നേടിയാണ് തുടർച്ചയായ മൂന്നാം തവണയും കേരളം ഓവറോൾ ചാംപ്യന്മാരായത്. എട്ടു സ്വർണവും മൂന്നു വെള്ളിയും ആറു വെങ്കലവുമടക്കം 17 മെഡലുകളാണ് കേരളം സ്വന്തമാക്കിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിൻ്റെ സി.കെ. ഫസലുൽ ഹഖാണ് മികച്ച താരം.
110 മീറ്റർ ഹർഡിൽസിലും 4-100 മീറ്റർ റിലേയിലും സ്വർണം നേടിയ ഫസലുൽ, മലപ്പുറം തിരുനാവായ നവാമുകുന്ദ എച്ച്എസ്എസ് വിദ്യാർഥിയാണ്. ആൺകുട്ടികളുടെ വിഭാഗത്തിലും കേരളമാണ് ചാംപ്യന്മാർ. 64 പോയിന്റു നേടിയ ആതിഥേയരായ ഹരിയാനയ്ക്കാണ് രണ്ടാം സ്ഥാനം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മഹാരാഷ്ട്ര ഇത്തവണ മൂന്നാമതായി.