Former sprinter Usain Bolt strikes his signature pose for the crowd at Japan National Stadium during the World Athletics Championships in Tokyo on Monday. (Image: Reuters)

Former sprinter Usain Bolt strikes his signature pose for the crowd at Japan National Stadium during the World Athletics Championships in Tokyo on Monday. (Image: Reuters)

TOPICS COVERED

ഇന്ന് താന്‍ പടികള്‍ കയറാന്‍ പോലും ബുദ്ധിമുട്ടുന്നുണ്ടെന്ന് വെളിപ്പെടുത്തി സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട്. ഞായറാഴ്ച രാത്രി ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന ടോക്കിയോയിലെ നാഷണൽ സ്റ്റേഡിയം സന്ദര്‍ശിക്കവേയാണ് താരം വിരമിക്കലിന് ശേഷമുള്ള ജീവിതത്തെകുറിച്ച് തുറന്നുപറഞ്ഞത്. ഇന്ന് തന്‍റെ സമയത്തിന്‍റെ ഭൂരിഭാഗവും വീട്ടിൽ വിശ്രമിക്കാനും, ഷോകൾ കാണാനും, കുട്ടികളോടൊപ്പം സമയം പങ്കുവയ്ക്കാനുമാണ് ചെലവഴിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടോക്കിയോയില്‍ തിങ്ങി നിറഞ്ഞ ആരാധകർക്ക് മുന്നിൽ തന്‍റെ പ്രശസ്തമായ ‘ടു ​​ഡാ വേൾഡ്’ പോസും അദ്ദേഹം വീണ്ടും അനുകരിച്ചു. ഒരിക്കല്‍ ഉസൈന്‍ ബോള്‍ട്ട് ട്രാക്കുകള്‍‌ കീഴടക്കുന്നത് കണ്ട ആരാധകർക്ക് ഇന്ന് പടികൾ തന്നെ ശ്വാസംമുട്ടിക്കുന്നുവെന്ന് താരം തന്നെ തുറന്ന് പറയുമ്പോള്‍ വിശ്വസിക്കാനാകുന്നില്ല. ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

usain-bolt-world-athletics

‘സാധാരണയായി കുട്ടികളെ സ്കൂളിൽ അയയ്ക്കാന്‍ കൃത്യസമയത്ത് ഉണരും, പിന്നെ എന്തുചെയ്യണമെന്ന ചിന്ത. ഒന്നും ചെയ്യാനില്ലെങ്കിൽ, വിശ്രമിക്കും. നല്ല മാനസികാവസ്ഥയിലാണെങ്കിൽ ചിലപ്പോൾ വ്യായാമം ചെയ്യും. കുട്ടികൾ തിരിച്ചെത്തുന്നതുവരെ ഷോകള്‍ കാണുകയോ വിശ്രമിക്കുകയോ ചെയ്യും’ അദ്ദേഹം പറയുന്നു. ട്രാക്കിൽ നിന്ന് മാറിയതോടെ തന്‍റെ ഫിറ്റ്നസ് ഗണ്യമായി കുറഞ്ഞുവെന്ന് ഉസൈന്‍ ബോള്‍ട്ട് സമ്മതിക്കുന്നുണ്ട്. അക്കില്ലസിനേറ്റ (കാലിലെ ശക്തിയേറിയ പ്രധാനപേശികളെ ഉപ്പൂറ്റിയുമായി ബന്ധിപ്പിക്കുന്നതും നെരിയാണിയുടെ പിറകിലായി സ്ഥിതി ചെയ്യുന്നതുമായ ഒരു തന്തുരൂപ സംയോജകലയേയാണ് അക്കില്ലസ് ടെൻഡൻ) പരുക്ക് ഓട്ടം പതിയെ അവസാനിപ്പിച്ചു. ജിമ്മിൽ പോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥിരത നിലനിർത്താൻ പ്രയാസമാണെന്നും അദ്ദേഹം പറയുന്നു. ഒരുകാലത്ത് സ്പ്രിന്‍റില്‍ ചരിത്രം കുറിച്ച മനുഷ്യന്‍ ഇന്ന് പ്രായത്തിന്‍റെയും വിരമിക്കലിന്‍റെയും യാഥാര്‍ഥ്യങ്ങളിലാണ് ജീവിക്കുന്നത്. 

ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിൽ പരാമർശിച്ചില്ലെങ്കിലും അക്കില്ലസിനുണ്ടായ  പൊട്ടൽ കൂടാതെ സ്കോളിയോസിസ് (Scoliosis) എന്ന രോഗാവസ്ഥയും ഉസൈന്‍ ബോള്‍ട്ടിനുണ്ട്. നട്ടെല്ലിന്‍റെ, ഒരു വശത്തേക്കുള്ള അസാധാരണമായ വളവാണ് സ്കോളിയോസിസ്. ഈ അവസ്ഥ തന്നെയാണ് ഉസൈന്‍ ബോള്‍ട്ടിന്‍റെ കരിയര്‍ അവസാനിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടർച്ചയായ തെറാപ്പിയിലൂടെയും ചികില്‍സയിലുടെയും അദ്ദേഹം ഈ അവസ്ഥ കൈപ്പിടിയില്‍ ഒതുക്കിയിരുന്നു. 2011 ല്‍ ഇ.എസ്.പി.എന്നിനോട് സംസാരിക്കവേ തന്‍റെ കരിയറിന്‍റെ തുടക്കത്തിൽ ഈ അവസ്ഥ നിരവധി പരിക്കുകള്‍ക്ക് കാരണമായതായി ഉസൈന്‍ ബോള്‍ട്ട് സമ്മതിച്ചിട്ടുണ്ട്. ‘ഞാൻ ചെറുപ്പമായിരുന്നപ്പോൾ അതൊരു പ്രശ്‌നമേ ആയിരുന്നില്ല. എന്നാല്‍ പ്രായമാകുന്തോറും അത് കൂടുതൽ വഷളാകുന്നു’ അദ്ദേഹം പറയുകയുണ്ടായി. 

usain-bolt-iconic-pose

2017 ൽ വിരമിച്ചതിനുശേഷം അടുത്ത കാലം വരെ കായിക മല്‍സരങ്ങള്‍ ഒന്നും ഉസൈന്‍ ബോള്‍ട്ട് കണ്ടിരുന്നില്ല. എന്നാല്‍ ടോക്കിയോയില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോകത്തെ ഏറ്റവും വേഗമേറിയ പുരുഷ താരമായി ജമൈക്കയുടെ ഒബ്ളിക് സെവിലും വനിതാതാരമായി അമേരിക്കയുടെ മെലിസ ജെഫേഴ്സൺ വൂഡനും മാറിയത് സ്പോര്‍ട്സിലെ അദ്ദേഹത്തിന്റെ താൽപ്പര്യം വീണ്ടും ജ്വലിപ്പിച്ചു. അതേസമയം, മെച്ചപ്പെട്ട ട്രാക്കുകളും സൂപ്പർ സ്പൈക്കുകളും ഉണ്ടായിരുന്നിട്ടും നിലവിലെ പുരുഷ സ്പ്രിന്‍റര്‍മാര്‍ ഉസൈന്‍ ബോള്‍ട്ടിന്‍റെ തലമുറയിലെ സ്പിന്‍റര്‍മാരെ പോലെ ഓടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് തങ്ങൾ കൂടുതൽ കഴിവുള്ളവരായിരുന്നു എന്നായിരുന്നു താരത്തിന്‍റെ മറുപടി. സ്ത്രീകളുടെ കഴിവുകള്‍ ഇന്ന് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പുരുഷന്മാര്‍ പിന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഒരു പതിറ്റാണ്ടോളം മനുഷ്യന്‍റെ കായികക്ഷമതയുടെ പരിധികൾ പുനർനിർവചിച്ചയാളാണ് ഉസൈന്‍ ബോള്‍ട്ട്. അദ്ദേഹത്തിന്‍റെ പല റെക്കോര്‍ഡുകളും ഇന്നും ആര്‍ക്കും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. വേഗതയില്‍ 100 മീറ്റർ (9.58 സെക്കൻഡിൽ), 200 മീറ്റർ (19.19 സെക്കൻഡ്), 4x100 മീറ്റർ റിലേ (36.84) എന്നീ ലോക റെക്കോർഡുകൾ ഇപ്പോഴും അദ്ദേഹത്തിന്‍റെ പേരിലാണ്. ഇത് എക്കാലത്തെയും മികച്ച അത്‌ലറ്റുകളിൽ ഒരാളായി ഉസൈന്‍ ബോള്‍ട്ടിനെ മാറ്റി. 2008 നും 2016 നും ഇടയിൽ, എട്ട് ഒളിമ്പിക് സ്വർണ്ണ മെഡലുകളും 11 ലോക കിരീടങ്ങളും ജമൈക്കന്‍ താരം നേടിയിട്ടുണ്ട്. 2017 ലാണ് ഉസൈന്‍ ബോള്‍ട്ട് വിരമിക്കുന്നത്. 

ENGLISH SUMMARY:

Sprint legend Usain Bolt, once the fastest man in the world, revealed that he now struggles even to climb stairs. In a candid interview during his Tokyo visit, Bolt spoke about his daily life, declining fitness, Achilles tendon injury, and scoliosis, which plagued his career. Despite his retirement in 2017, his world records in 100m, 200m, and 4x100m relay remain unbroken, cementing his legacy as one of the greatest athletes in history.