siraj-cricket

ദാ ഇങ്ങനെ ഒരു പരമ്പരയ്ക്കായി  അയാൾ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറച്ചായി. ഇന്ത്യൻ ബോളിങ് എന്നാൽ ജസ്പ്രീത് ബുമ്ര എന്നും ബുമ്ര ഇല്ലെങ്കിൽ ടീം വട്ടപ്പൂജ്യം എന്നും പരിഹസിച്ചവർക്ക് ഇനി വായടയ്ക്കാം.  അക്കിന്‍സന്‍റെ കുറ്റി തെറിപ്പിച്ച് റൊണാള്‍ഡോ സ്റ്റൈലില്‍ നെഞ്ചുവിരിച്ചുനിന്ന് കൃത്യമായ സ്റ്റേറ്റ്മെന്‍റ് സിറാജ് നൽകി കഴിഞ്ഞു.  നിര്‍ണായക ക്യാച്ച് വിട്ടുകളഞ്ഞതിന് വേട്ടയാടപ്പെടാൻ നിന്ന് കൊടുക്കാതെ അയാൾ തന്നെ മുന്നിൽ നിന്ന് നേടിക്കൊടുത്ത വിജയം. ഓവലില്‍ നാലാം ദിവസം കൈവിട്ട കളിയാണ് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. അടുത്ത കാലത്തൊന്നും ടെസ്റ്റ് ക്രിക്കറ്റിൽ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടാകില്ല.  രണ്ടാം ഇന്നിങ്സിൽ 30.1 ഓവറുകൾ പന്തെറിഞ്ഞ  മുഹമ്മദ് സിറാജ് 104 റൺസ് വഴങ്ങി വീഴ്ത്തിയത് അഞ്ചു വിക്കറ്റുകൾ. ആദ്യ ഇന്നിങ്സിൽ നാലു വിക്കറ്റുകൾ നേടിയ സിറാജ് ആകെ ഒൻപതു വിക്കറ്റുകളാണ് ഓവലിൽ വീഴ്ത്തിയത്.

ടെസ്റ്റുകളിൽ ബോളർമാർക്ക് റസ്റ്റ്‌ കൊടുക്കും. ടീം കോംബിനേഷൻ മാറി മാറി ട്രൈ ചെയ്യും. എന്നാൽ ഇതൊന്നും സിറാജിന് ബാധകമായിരുന്നില്ല. ഈ പരമ്പരയിൽ 5 മത്സരം കളിച്ച ഏക പേസർ മുഹമ്മദ് സിറാജ് ആണ്. ആരൊക്കെ റസ്റ്റ്‌ എടുത്താലും ആരെയൊക്കെ  മാറ്റി ട്രൈ ചെയ്താലും സിറാജ് അവിടെ തന്നെ കാണും. ക്യാപ്റ്റൻ എപ്പോ ബോൾ ചെയ്യാൻ പറഞ്ഞാലും എത്ര ലെങ്ത്തി ആയിട്ടുള്ള സ്പെൽ ആയാലും അയാൾക്ക് പ്രശ്നമല്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സഹതാരങ്ങൾ തളർന്നാലും തന്റെ അഗ്രഷന്‍ തുടരും. ഫീൽഡിൽ ടീമിനായി തന്റെ 100% കൊടുക്കും. ഇനിയൊരു 10 ടെസ്റ്റ്‌ അടുപ്പിച്ചു വന്നാലും NO എന്ന രണ്ടക്ഷരം അയാളിൽ നിന്നുയരില്ല. അതാണ് മുഹമ്മദ്‌ സിറാജെന്ന 31കാരൻ. 

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോൾ തന്നെ പരമ്പരയിലെ മുഴുവൻ മത്സരങ്ങളും ബുമ്ര കളിക്കില്ലെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കര്‍ വ്യക്തമാക്കിയതാണ്.  ബുമ്ര കളിച്ച മൂന്നു മത്സരങ്ങളിലും രണ്ടാം പേസറുടെ ചുമതല മാത്രമായിരുന്നു സിറാജിന്. അതായത് സപ്പോർട്ടിംഗ് റോൾ. ആ മൂന്ന് മത്സരങ്ങളിൽ നിന്നും നേടാനായത്  വെറും 7 വിക്കറ്റ്. എന്നാൽ ബുമ്ര ഇല്ലാതെ ഇറങ്ങിയ രണ്ടു മത്സരങ്ങൾ സിറാജ് എന്ന പേസറുടെ പ്രതിഭ ലോകത്തോട് വിളിച്ചോതി. ബുമ്രയുടെ അഭാവത്തിൽ ഇന്ത്യൻ ബോളിങ് യൂണിറ്റിന്‍റെ ഉത്തരവാദിത്വം ഒരു കപ്പിത്താനെപ്പോലെ സിറാജ് ഏറ്റെടുത്തു. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ചരിത്ര ജയം കുറിച്ചപ്പോൾ സിറാജ് വീഴ്ത്തിയത് രണ്ട് ഇന്നിങ്സുകളിൽ നിന്ന് 7 വിക്കറ്റ്. ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റുമായി ഇംഗ്ലീഷുകാരുടെ നടുവൊടിച്ചു. 

ഓവലിലും അതേ പ്രകടനം തന്നെ കണ്ടു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് ബാറ്റ് വീശിയത് ടി20 സ്റ്റൈലിൽ. ബ്രണ്ടൻ മക്കല്ലത്തിന്റെ ബാസ്ബോളിന്റെ ചൂട് ഇന്ത്യൻ ബോളർമാർ ശരിക്ക് അറിഞ്ഞു. എന്നാൽ വിട്ടുകൊടുക്കാൻ സിറാജ് തയ്യാറായില്ല. 129-1 എന്ന ശക്തമായ നിലയിൽ നിന്ന് പ്രസിദ്ധ് കൃഷ്ണയ്ക്കൊപ്പം ചേർന്ന് 247ന് ഇംഗ്ലീഷുകാരെ കൂടാരം കയറ്റി. പരമ്പരയിലെ നിർണായക മത്സരത്തിൽ ഇന്ത്യൻ പ്രതീക്ഷകൾ ഊതി കത്തിച്ച പ്രകടനം.  4 വിക്കറ്റ് വീതം സിറാജും  പ്രസിദ്ധ് കൃഷ്ണയും വീഴ്ത്തി. ഇംഗ്ലണ്ടിന് നേടാനായത് വെറും 23 റൺസിന്റെ ലീഡ്. മൂന്നാം ദിവസത്തെ അവസാന പന്തെറിയാന്‍ സിറാജ് വന്നത് കണ്ടില്ലേ. ബൗണ്‍സര്‍ എറിയാന്‍ എന്ന പ്ലാനില്‍ രണ്ട് ഫീല്‍ഡര്‍മാരെ ലെഗ് സൈഡില്‍ നിര്‍ത്തുന്നു. എന്നിട്ട് ആരും പ്രതീക്ഷിക്കാതെ ഒരു യോര്‍ക്കര്‍. നിസ്സഹായനായി തലതാഴ്ത്തി മടങ്ങാനേ സാക് ക്രൗളിക്ക് സാധിച്ചുള്ളൂ.

ന്യൂ ബോൾ സ്പെഷലിസ്റ്റ് ആണ്  മുഹമ്മദ് സിറാജ്. ബുമ്രയുടെ അഭാവത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതും സിറാജിന് ബോണസ്സായി. ഫിറ്റ്‍നെസ് പ്രശ്നങ്ങൾ കാരണം ദീർഘമായ പരമ്പരകളിലെ എല്ലാ മത്സരങ്ങളിലും ജസ്‌പ്രീത് ബുമ്രയ്ക്ക് കളിക്കാനാവില്ലെന്നു ഉറപ്പാണ്. പക്ഷേ ബുമ്ര ഇല്ലാത്ത ഇന്ത്യൻ പേസ് നിരയെ ഇനി എതിരാളികൾ ആരും കുറച്ചു കാണില്ല. ആ ടീമിനെ എഴുതിത്തള്ളില്ല. ബുമ്ര ഇല്ലെങ്കിൽ നമുക്കൊരു സിറാജുണ്ട്. നമ്മുടെ സ്വന്തം ഡിഎസ്പി സിറാജ്.

ENGLISH SUMMARY:

How Mohammed Siraj silenced critics who believed the Indian bowling attack was solely dependent on Jasprit Bumrah. The author notes that Siraj stepped up as the lead pacer in Bumrah's absence, delivering crucial victories for Team India.