TOPICS COVERED

വിമ്പിള്‍ഡന്‍ ആണ്‍കുട്ടികളുടെ വിഭാഗം ചാംപ്യനായി റാഫ നദാല്‍ അക്കാദമിയില്‍ നിന്നുള്ള  ബള്‍ഗേറിയന്‍ താരം ഐവാന്‍ ഐവനോവ്.  അമേരിക്കയുടെ  റോണിറ്റ് കര്‍ക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് 16 വയസുകാരന്‍ ഐവാന്റെ ആദ്യ ജൂനിയര്‍ ഗ്രാന്‍സ്ലാം കിരീടനേട്ടം.  ഗ്രിഗോര്‍ ദിമിത്രോവിന് ശേഷം വിമ്പിള്‍ഡന്‍ ബോയ്സ്  ചാംപ്യനാകുന്ന ആദ്യ ബള്‍ഗേറിയക്കാരനാണ് ഐവാന്‍.  ജൂനിയര്‍ സര്‍ക്യൂട്ടില്‍ ആറാം സീഡായ ഐവാന്‍ ഒരു സെറ്റുപോലും കൈവിടാതെയാണ്  കിരീടമുയര്‍ത്തിയത്. സ്പെയിനിലെ മയ്യോര്‍ക്കയിലെ റാഫ നദാല്‍ സ്കൂളിലാണ് ഐവാന്‍ പഠിക്കുന്നത്. പരിശീലനം റാഫ നദാല്‍ അക്കാദമിയിലും. പരിശീലനം നദാലിന്റെ അക്കാദമിയിലെങ്കിലും ഐവാന്റെ ടെന്നിസ് ശൈലി താരതമ്യപ്പെടുത്തുന്നത് നൊവാക് ജോക്കോവിച്ചുമായാണ്. രണ്ടുവര്‍ഷം മുമ്പാണ് ഐവാന്‍ നദാലിന്റെ അക്കാദമിയിലെത്തുന്നത്. ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ സെമിഫൈനല്‍ എത്തിയെങ്കിലും പരാജയപ്പെട്ടു. അതിവേഗ സര്‍വുകളാണ് കൗമാരതാരത്തിന്റെ കരുത്ത്. 

2016ല്‍ ആരംഭിച്ച റാഫ നദാല്‍ അക്കാദമിയില്‍ നിന്നുള്ള നാലാം ജൂനിയര്‍ ഗ്രാന്‍സ്ലാം ചാംപ്യനാണ് ഐവാന്‍ ഐവനോവ്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫിലിപ്പീന്‍സിന്റെ അലെക്സ എല രണ്ട് ജൂനിയര്‍ ഡബിള്‍സ് ഗ്രാന്‍സ്ലാമും ഒരു സിംഗിള്‍സ് ഗ്രാന്‍സ്ലാമും നേടിയിരുന്നു. ഇക്കുറി ആദ്യമായി സീനിയര്‍ വിഭാഗത്തില്‍ മല്‍സരിച്ച അലെക്സ ആദ്യ റൗണ്ടില്‍ മുന്‍ ചാംപ്യന്‍ ബാര്‍ബൊറ ക്രെസിക്കോവയോട് മൂന്നുസെറ്റ് പോരാട്ടത്തിലാണ് തോറ്റത്. നദാലിന്റെ ആദ്യ പരിശീലകനും പിതാവിന്റെ സഹോദരനുമായ ടോണി നദാലാണ് റാഫ നദാല്‍ അക്കാദമിയിലെ ഹെഡ് കോച്ച്. 43 കോര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന വമ്പന്‍ അക്കാദമിയിലും ഇന്റര്‍നാഷ്ണല്‍ സ്കൂളും സ്പോര്‍ട്സ് മെഡിസില്‍ വിഭാഗത്തില്‍ ചികില്‍സാ സൗകര്യവുമുണ്ട്. എടിപി ചലഞ്ചര്‍ ലെവര്‍ ടൂര്‍ണമെന്റായ റാഫ നദാല്‍ ഓപ്പണും അക്കാദമി വേദിയാകുന്നു. പത്തുവയസുമുതല്‍ കുട്ടികള്‍ക്ക് അക്കാദമിയില്‍ പ്രവേശനം ലഭിക്കും.