Image Credit:X
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റ് തുടങ്ങി. ഓരോ വര്‍ഷത്തെയും ആദ്യ ഗ്രാന്സ്ലാം ടൂര്‍ണമെന്‍റാണല്ലോ ഓസ്ട്രേലിയന്‍ ഓപ്പണ്‍. മേയില്‍ ഫ്രഞ്ച് ഓപ്പണ്‍ വരും, ജൂണില്‍ വിംബിള്‍ഡണ്‍, ഒടുവില്‍ ഓഗസ്റ്റില്‍ യുഎസ് ഓപ്പണോടെ ഒരു വര്‍ഷത്തെ ഗ്രാന്സ്ലാം പൂര്‍ത്തിയാകും. എന്തിനാണ് ഈ ടൂര്‍ണമെന്‍റുകളെ ഗ്രാന്സ്ലാം എന്നുവിളിക്കുന്നത്? എവിടെനിന്നാണ് ആ പ്രയോഗം വന്നത്?
വിംബിള്‍ഡണ്‍ ആരംഭിച്ചിട്ട് അടുത്തകൊല്ലം 150 വര്‍ഷമാകും. യുഎസ് ഓപ്പണ്‍ തുടങ്ങിയിട്ട് 145 വര്‍ഷമായി. പക്ഷേ ഗ്രാന്സ്ലാം എന്ന പ്രയോഗം വന്നിട്ട് നൂറുകൊല്ലം പോലും ആയിട്ടില്ല. പണ്ട് ചീട്ടുകളിയിലെ 13 ട്രിക്കുകളിലും വിജയിക്കുന്നതിനാണ് ഗ്രാന്സ്ലാം എന്ന് വിളിച്ചുപോന്നത്. 1933ല്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോണ്‍ കീറന്‍ ആണ് ആദ്യമായി ടെന്നിസില്‍ ഗ്രാന്സ്ലാം എന്ന പ്രയോഗം നടത്തിയത്. ഓസ്ട്രേലിയന്‍ ടെന്നിസ് താരം ജാക്ക് ക്രാഫോഡ് നാല് പ്രധാന ടൂര്‍ണമെന്‍റുകളും വിജയിക്കാനുള്ള സാധ്യത പ്രവചിച്ചായിരുന്നു കീറന്‍റെ ഗ്രാന്സ്ലാം പ്രയോഗം. യുഎസ് ഓപ്പണ്‍ ഫൈനലില്‍ ജാക്ക് ക്രാഫോഡ് ഫ്രെഡ് പെറിയോട് തോറ്റതോടെ പ്രവചനം തെറ്റിയെങ്കിലും ഗ്രാന്സ്ലാം എന്ന പ്രയോഗം ഉറച്ചു.
1938ല്‍ അമേരിക്കന്‍ ടെന്നിസ് താരം ഡോണള്‍ഡ് ബഡ്ജ് ആണ് ആദ്യമായി ഗ്രാന്സ്ലാം നേടിയത്. ഓസ്ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും യുഎസ് ഓപ്പണും ഒരേ വര്‍ഷം നേടി ബഡ്ജ് ചരിത്രം കുറിച്ചു. സിംഗിള്‍സില്‍ ഇതുവരെ അഞ്ചുപേര്‍ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളു. മൗറീന്‍ കൊണോലി, റോഡ് ലേവര്‍, മാര്‍ഗരറ്റ് കോര്‍ട്ട്, സ്റ്റെഫി ഗ്രാഫ് എന്നിവര്‍. ഇതില്‍ ടെന്നിസ് ഇതിഹാസം റോഡ് ലേവര്‍ 1962ലും 69ലും ഗ്രാന്സ്ലാം നേടി റെക്കോര്‍ഡിട്ടു. ഇതുവരെ തകര്‍ക്കപ്പെടാത്ത ചരിത്രം.
Former German tennis legend Steffi Graf smiles as she watches a match during a charity tournament in Hamburg, northern Germany, on Wednesday, June 30, 2010. (AP Photo/dapd, Axel Heimken)
ഗ്രാന്സ്ലാമിനൊപ്പം അതേവര്‍ഷം ഒളിംപിക്സ് സ്വര്‍ണം കൂടി നേടിയാല്‍ ഗോള്‍ഡന്‍ സ്ലാം ആയി. അത് കൈവരിച്ചിട്ടുള്ളത് ഒരേയൊരു സ്റ്റെഫി ഗ്രാഫ് മാത്രം. 1988ല്‍. ഗ്രാന്സ്ലാം ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ളവരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് മാര്‍ഗരറ്റ് കോര്‍ട്ടും നൊവാക് ജോക്കോവിച്ചുമാണ്. ഇരുവര്‍ക്കും 24 സിംഗിള്‍സ് കിരീടങ്ങള്‍ വീതമുണ്ട്. ഒരു കിരീടം കൂടി നേടിയാല്‍ ജോക്കോവിച്ച് മാത്രമാകും ഒന്നാംനമ്പറില്‍. ജോക്കോയ്ക്ക് ഗ്രാന്സ്ലാം പക്ഷേ ഇനിയും അകലെയാണ്.