ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കാര്‍ലോസ് അല്‍ക്കരാസിന് ഓസീസ് താരം അലക്സ് ഡി മിനോര്‍ എതിരാളി. അരീന സബലേങ്കയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ റഷ്യയുടെ ഡനില്‍ മെദ്‍വദെവ് തോറ്റുപുറത്തായി. നാലാം റൗണ്ട് എതിരാളിയായ ജേക്കബ് മെൻസിച്ച് പരുക്കുമൂലം പിന്മാറിയതിനെത്തുടർന്ന് നൊവാക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനല്‍ ഉറപ്പിച്ചു.
ടോമി പോളിനെ തോല്‍പിച്ചാണ് കാര്‍ലോസ് അല്‍ക്കരാസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള മുന്നേറ്റം. സെര്‍വില്‍ മാറ്റം വരുത്തിയ അല്‍ക്കരാസ് മത്സരത്തിൽ ഒരു ഡബിൾ ഫോൾട്ട് പോലും വഴങ്ങിയില്ല. പത്താം സീഡ് കസഖ്സ്ഥാൻ താരം അലക്സാണ്ടർ ബുബ്ലിക്കിന്റെ പ്രതിരോധം തകർത്താണ് ഓസ്ട്രേലിയൻ ഒന്നാം നമ്പർ താരം അലക്സ് ഡി മിനോർ ക്വാര്‍ട്ടറിലെത്തിയത്.
ഡാനിൽ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് 20കാരനായ അമേരിക്കൻ താരം ടിയെൻ ലേണര്‍ കരിയറിലാദ്യമായി ഗ്രാൻസ്‌ലാം ക്വാർട്ടർ ഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ മൂന്നാം സീഡ് അലക്സാണ്ടർ സ്വെരേവാണ് ടിയെന്റെ എതിരാളി. ഫ്രാൻസിസ്കോ സെറുൻഡോലോയെ തകർത്താണ് സ്വെരേവിന്റെ വരവ്. നൊവാക് ജോക്കോവിച്ചിമായുള്ള മല്‍സരത്തിന് ഒരുദിവസം മുമ്പ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുന്നതായി ജേക്കബ് മെന്‍സിച്ച് പറഞ്ഞു. ഉദരത്തിലെ പേശികൾക്കേറ്റ പരുക്കാണ് യുവതാരത്തിന് തിരിച്ചടിയായത്.