ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റുകളില്‍ താരങ്ങളുടെ വിശ്രമമുറിയിലെ ക്യാമറകള്‍ വിവാദത്തില്‍. പരാതിയുമായി വനിതാ താരങ്ങളെത്തിയതോടെ സ്വകാര്യത മാനിക്കണമെന്ന് വനിതാ ടെന്നിസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടതിന് പിന്നാലെ കൊക്കോ ഗോഫ് റാക്കറ്റ് അടിച്ചുപൊട്ടിക്കുന്ന ദൃശ്യങ്ങൾ തല്‍സമയം സംപ്രേഷണം െചയ്തിരുന്നു. സ്റ്റേഡിയത്തില്‍ താരങ്ങള്‍ വിശ്രമിക്കുന്നിടത്തുവച്ചായിരുന്നു ഗോഫിന്റെ രോഷപ്രകടനം. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിനെ ഗോഫ് പരസ്യമായി വിമര്‍ശിച്ചിരുന്നു. മാത്രമല്ല സ്വകാര്യത നഷ്ടപ്പെടുന്നുവെന്ന് ആരോപിച്ച് ഇഗ ഷ്യാംതെക്, ജെസീക്ക പെഗുല, അമാന്‍ഡ അനിസിമോവ എന്നീ താരങ്ങള്‍ WTAയ്ക്ക് പരാതി നല്‍കി. സ്വകാര്യ ഇടങ്ങളിലെ ക്യാമറകള്‍ നീക്കണമെന്നത് മാനുഷികവും ന്യായവുമായ ആവശ്യമാണെന്ന് വനിതാ ടെന്നിസ് അസോസിയേഷന്‍ പ്രതികരിച്ചു. WTA ടൂർണമെന്റുകളിൽ, കളിക്കളത്തിനു പുറത്തുള്ള ഇടങ്ങളിലെ ക്യാമറകളുടെ എണ്ണം കുറയ്ക്കാൻ നടപടി സ്വീകരിച്ചതായി WTA അറിയിച്ചു. സമാനമായ നടപടി സ്വീകരിക്കാൻ ഗ്രാന്‍സ്‌ലാം ടൂർണമെന്റ് സംഘാടകരും സംപ്രേഷകരും തയ്യാറാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.