മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പ്രണയിനിയെ പരിചയപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഐറിഷ് വനിത സോഫി ഷൈനാണ് ധവാന്റെ കാമുകി. ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചുകൊണ്ടാണ് ധവാന്‍റെ വെളിപ്പെടുത്തല്‍. 'എന്റെ പ്രണയം' എന്ന അടിക്കുറിപ്പിനൊപ്പമുള്ള ചിത്രം സോഫിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അത് ധവാനും ഷെയല്‍ ചെയ്തതോടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.
ചാംപ്യൻസ് ട്രോഫിക്കിടെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാലറിയിൽ ശിഖർ ധവാനൊപ്പം ഒരു അജ്ഞാത സുന്ദരിയെത്തിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ടൂർണമെന്റിൽ ഇന്ത്യ ബംഗ്ലദേശിനെതിരായ ആദ്യ മത്സരം കളിക്കുമ്പോഴാണ് ഗാലറിയിൽ ധവാനും ഐറിഷ് യുവതിയും ശ്രദ്ധ കവർന്നത്. ഇവരുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തെ ചൂടുപിടിപ്പിച്ചു. എന്നാല്‍ പ്രണയത്തെക്കുറിച്ച് ധവാനോ സോഫിയയോ തുറന്നുപറഞ്ഞിരുന്നില്ല.
ആദ്യ ഭാര്യയായ അയേഷ മുഖർജിയും ധവാനും 2023ൽ ഔദ്യോഗികമായി വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. മകന് ഇപ്പോൾ 11 വയസ്സുണ്ട്. പക്ഷേ രണ്ടര വയസ്സുവരെ മാത്രമാണു താൻ അവനെ കണ്ടിട്ടുള്ളതെന്ന് ധവാന്‍ ഒരിക്കല്‍ പ്രതികരിച്ചിരുന്നു. 2025 ഫെബ്രുവരിയിലാണ് ഇങ്ങനെയൊരു പ്രതികരണം ധവാന്‍ നടത്തിയത്.
‘മകനെ കണ്ടിട്ട് രണ്ടു വർഷത്തോളമായി. ഒരു വർഷമായി അവനോട് ഒന്ന് സംസാരിച്ചിട്ട്. ധ്യാനത്തിനിരിക്കുന്ന സമയത്ത് അവന്‍ അടുത്തുള്ളതായും ഞാന്‍ അവനോട് സംസാരിക്കുന്നതായുമൊക്കം ചിന്തിക്കും. മകന് ഇപ്പോൾ 11 വയസ്സുണ്ട്. പക്ഷേ രണ്ടര വയസ്സുവരെ മാത്രമാണ് ഞാൻ അവനെ കണ്ടിട്ടുള്ളത്. അവൻ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കണമെന്നാണ് എന്റെ ആഗ്രഹം. മൂന്നോ, നാലോ ദിവസം കൂടുമ്പോൾ ഞാൻ അവന് സന്ദേശങ്ങൾ അയക്കാറുണ്ട്. പക്ഷേ എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അവന്‍ എന്റെ സന്ദേശങ്ങൾ കാണുന്നുണ്ടോയെന്നു പോലും അറിയില്ല. എങ്കിലും ഞാനിത് തുടരും’ എന്നാണ് അന്ന് ധവാന്‍ പറഞ്ഞത്.
ഇതിനിടെയാണ് കഴിഞ്ഞ നവംബറില്‍ ധവാനൊപ്പമുള്ള അജ്ഞാത സുന്ദരിയെക്കുറിച്ചുള്ള വാര്‍ത്തകളെത്തിയത്. പലയിടത്തും ഇരുവരും ഒരുമിച്ചെത്തി. ധനകാര്യ സേവന കമ്പനിയായ നോര്‍ത്തേണ്‍ ട്രസ്റ്റ് കോര്‍പ്പറേഷനില്‍ സെക്കന്‍ഡ് വൈസ് പ്രസിഡന്റ്- പ്രൊഡക്റ്റ് കണ്‍സള്‍ട്ടന്റാണ് സോഫി ഷൈന്‍ എന്നാണ് പുറത്തുവരുന്ന വിവരം. യുഎഇയിലാണ് ഇവര്‍ താമസിക്കുന്നത്.
2011ലാണ് അയേഷ മുഖർജിയും ധവാനും വിവാഹിതരായത്. അയേഷയുടെ രണ്ടാം വിവാഹമായിരുന്നു. അയേഷയ്ക്കൊപ്പമാണ് മകനുള്ളത്. മകനെ കാണാനും സംസാരിക്കാനും താരത്തിന് കോടതി അനുമതി നൽകിയിട്ടുണ്ടെങ്കിലും അതിനു സാധിക്കുന്നില്ലെന്ന് ധവാന് പരാതിയുണ്ടായിരുന്നു.