asiya-nandakumar

TOPICS COVERED

 കോട്ടയം പുതുപ്പള്ളി സ്വദേശി നന്ദകുമാറിനേയും (22) മര്യാത്തുരുത്ത് സ്വദേശി ആസിയ(20)യേയും വെള്ളിയാഴ്ച്ചയാണ് ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച്ച വൈകിട്ടാണ് ശാസ്ത്രി റോഡിലെ ഹോട്ടലില്‍ ഇവര്‍ മുറിയെടുക്കുന്നത്. ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

ആസിയയും നന്ദകുമാറും പ്രണയത്തിലായിരുന്നുവെന്ന് വെസ്റ്റ്‌പൊലീസ് കണ്ടെത്തിയിരുന്നു. കല്യാണം കഴിച്ച് ഒന്നിച്ചു ജീവിക്കാന്‍ ഇരുവരും ആഗ്രഹിച്ചിരുന്നു, എന്നാല്‍ കല്യാണം നടത്താന്‍ സമ്മതിക്കില്ലെന്ന് ഇരുവീട്ടുകാരും തറപ്പിച്ചു പറഞ്ഞു. അതോടെ ഒന്നിച്ചു മരിക്കാന്‍ തീരുമാനിച്ചെന്നും മുറിയില്‍ നിന്നും കിട്ടിയ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

 

ഒന്നിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നു പറഞ്ഞ് മുന്‍പും ഇരുവരും വീടു വിട്ടു പോയിരുന്നു. എന്നാല്‍ അന്ന് വീട്ടുകാര്‍ പിന്നാലെയെത്തി രണ്ടുപേരെയും വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാവാതിരുന്ന ഇരുവരും വ്യാഴാഴ്ച വീണ്ടും കണ്ടുമുട്ടുകയായിരുന്നു. പിന്നാലെയാണ് ഹോട്ടലില്‍ മുറിയെടുത്തത്. ആസിയയെ കാണാനില്ലെന്ന് കാട്ടി കുടുംബം വ്യാഴാഴ്ച ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 

ഹോട്ടല്‍ മുറി തുറക്കാതിരുന്നതിനെത്തുടര്‍ന്ന് രാത്രി ഒമ്പതേകാലോടെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. എസ്എച്ച്ഒ എം.ജെ.അരുണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

A tragic incident involving a young couple, Nandakumar (22) and Aasiya (20) from Kottayam, has come to light, with their bodies found in a hotel room. The couple, reportedly in love and wishing to marry despite family opposition, seemingly decided to end their lives together, as indicated by a suicide note found at the scene.