Image credit: instagram/simranxavik
കാമുകിയുടെ പിറന്നാളിന് എന്ത് സമ്മാനം കൊടുക്കും? ചോക്കലേറ്റുകള്‍ മുതല്‍ വണ്ടി വരെ സര്‍പ്രൈസ് സമ്മാനമായി കൊടുക്കുന്ന കാമുകന്‍മാരുണ്ട്. പക്ഷേ സമ്മാനം അല്‍പം വ്യത്യസ്തമാക്കിയിരിക്കുകയാണ് അവിക് ഭട്ടാചാര്യ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവിക് താന്‍ കാമുകിക്ക് നല്‍കിയ സമ്മാനത്തെ കുറിച്ച് പറഞ്ഞത്. 26 കിലോ മീറ്റര്‍ ഓടിയാണ് കാമുകിയുടെ 26–ാം പിറന്നാള്‍ അവിക് ആഘോഷിച്ചത്.വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ എന്തായാലും വൈറലായി.
26–ാം പിറന്നാളിന് 26 കിലോമീറ്റര്‍ ഓടണമെന്നായിരുന്നു അവികിന്‍റെ കാമുകിയായ സിമ്രാന്‍റെ ആഗ്രഹം. എന്നാല്‍ പിറന്നാളായപ്പോള്‍ സിമ്രാന് സുഖമില്ലാതെയായി. ഇതോടെ കാമുകിയുടെ ആഗ്രഹ പ്രകാരം അവിക് 26 കിലോമീറ്റര്‍ ഓടുകയായിരുന്നു. സര്‍പ്രൈസിന്‍റെ കാര്യം സിമ്രാനോട് പറഞ്ഞതമില്ല. ഓടുന്നതിനിടെ സിമ്രാന് ആയുരാരോഗ്യം ഉണ്ടാവാനുള്ള കുഞ്ഞ് പ്രാര്‍ഥനയും തന്‍റെ ആഗ്രഹവും ചിന്തകളും അവിക് പങ്കുവയ്ക്കുന്നുണ്ട്. ഹെഡ്ഫോണ്‍ ഒഴിവാക്കി, പൂര്‍ണമായും താന്‍ ചെയ്ത കാര്യത്തില്‍ മനസ് അര്‍പ്പിച്ചായിരുന്നു അവികിന്‍റെ ഓട്ടം.
രണ്ടാഴ്ചയ്ക്കപ്പുറം നടക്കാനിരിക്കുന്ന മുംബൈ മാരത്തണില്‍ പങ്കെടുക്കാന്‍ ഇരുവരും തയാറെടുപ്പുകള്‍ നടത്തി വരികയായിരുന്നുവെന്നും അവിക് വെളിപ്പെടുത്തി. തനിക്കായി 26 കിലോമീറ്റര്‍ ഓടിയ കാമുകന്‍റെ വിഡിയോ കണ്ടതും, 'ഈ മനുഷ്യന് പകരം വയ്ക്കാന്‍ ഒന്നുമില്ലെന്നായിരുന്നു സിമ്രാന്‍റെ പ്രതികരണം'. നിരവധിപ്പേരാണ് വിഡിയോയ്ക്ക് ചുവടെ അവികിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കുന്ന സമ്മാനമെന്നും, മധുരമുള്ള സമ്മാനമെന്നുമെല്ലാം ആളുകള്‍ കുറിച്ചിട്ടുണ്ട്.