Image Credit : Twitter
ജയിലില്‍ കാമുകനെ സര്‍പ്രൈസായി കാണാനെത്തിയ കാമുകി കാമുകന്‍റെ പ്രതികരണം റീല്‍സാക്കി പ്രചരിപ്പിച്ചു. റായ്പൂരിലെ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. വിഡിയോ വൈറലായതോടെ സംഭവം വന്‍ വിവാദത്തിലുമായി. മൊബൈല്‍ ഫോണുമായി ജയിലിനുളളില്‍ പ്രവേശിച്ചതും അനുമതിയില്ലാതെ വിഡിയോ ചിത്രീകരിച്ചതും ജയില്‍ നിയമങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിക്ക് നേരെ വ്യാപക വിമാര്‍ശനമാണ് ഉയരുന്നത്. അതോടൊപ്പം ജയില്‍ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളും സൈബറിടത്ത് വന്‍ ചര്‍ച്ചയായി.
ഇന്ന് എന്റെ കാമുകന്റെ ജന്മദിനമാണ് എന്നുപറഞ്ഞുകൊണ്ടാണ് യുവതി വിഡിയോ പങ്കുവച്ചിരിക്കുന്നത്. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ...'ഇന്ന് എന്റെ കാമുകന്റെ ജന്മദിനമാണ്. ഞാന്‍ അവനെ കാണാനായി സെന്‍ട്രല്‍ ജയിലിലേക്ക് വന്നിരിക്കുന്നു. അവന്‍ എന്നോടൊപ്പം ഇല്ലാത്തത് എന്നെ വളരെയധികം വേദനിപ്പിച്ചു. പക്ഷേ ഞാന്‍ അവനെ കാണാന്‍ വന്നു, അവന്‍റെ പ്രതികരണം നമുക്ക് നോക്കാം' യുവതി പറയുന്നു. ഇരുവരും വിസിറ്റിങ് റൂമില്‍ നിന്ന് സംസാരിക്കുന്നതാണ് വിഡിയോയിലുളളത്.
നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് കേസില്‍ പ്രതിയായ തര്‍ക്കേശ്വര്‍ ആണ് വിഡിയോയിലുളളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ജയില്‍ അധികൃതര്‍ തയാറായിട്ടില്ല.