Mumbai: Mumbai Indians' captain Hardik Pandya during an Indian Premier League (IPL) 2026 T20 cricket match between Mumbai Indians and Sunrisers Hyderabad, in Mumbai, Maharashtra, Wednesday, April 29, 2026. (PTI Photo/Kunal Patil)(PTI04_29_2026_000506A)
അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്‍റെ ഈ സീസണിലെ ദയനീയ പ്രകടനത്തില്‍ ഹാര്‍ദിക് പാണ്ഡ്യ കുറ്റസമ്മതം നടത്തിയെന്നും ഹാര്‍ദികിനെ മാത്രം ക്രൂശിക്കുന്നതില്‍ അര്‍ഥമില്ലെന്നും വിന്‍ഡീസ് മുന്‍ സൂപ്പര്‍ താരം ഇയാന്‍ ബിഷപ്. ഹാര്‍ദികിന്‍റെ മോശം ക്യാപ്റ്റന്‍സിയാണ് ടീമിനെ പരാജയത്തിന്‍റെ പടുകുഴിയില്‍ എത്തിച്ചതെന്നും ചാംപ്യന്‍മാരായിരുന്നതിന്‍റെ നിഴല്‍ പോലും എവിടെയും കാണാനില്ലെന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഇയാന്‍ ബിഷപിന്‍റെ പ്രതികരണം.
'മുംബൈയുടെ തോല്‍വിയുടെ ഭാരം ഒരാളുടെ തലയിലേക്ക് മാത്രം ഇട്ടുകൊടുക്കുന്നതില്‍ ന്യായീകരണമില്ല. തന്‍റെ മോശം ഫോമില്‍ ഹാര്‍ദികിന് കുറ്റബോധമുണ്ട്. അദ്ദേഹം അത് തുറന്ന് സമ്മതിക്കുകയും ചെയ്തു. മാറ്റങ്ങള്‍ താന്‍ വരുത്തേണ്ടതുണ്ടെന്നും ഹാര്‍ദിക് സമ്മതിക്കുന്നു. ഹാര്‍ദികിനൊപ്പം ടീമിലെ മറ്റ് സൂപ്പര്‍താരങ്ങളും മികച്ച പ്രകടനം കാഴ്ച വയ്ക്കേണ്ടതുണ്ട്' എന്നായിരുന്നു സൂര്യകുമാര്‍ യാദവിനെയും ജസ്പ്രീത് ബുംറയെയും ചൂണ്ടിക്കാട്ടി ഇയാന്‍ ബിഷപ് തുറന്നടിച്ചത്.
'ക്യാപ്റ്റനായിരിക്കുമ്പോള്‍ എങ്ങനെ കളിക്കണമെന്നതില്‍ തീരുമാനം നിങ്ങളുടേതായിരിക്കും. പക്ഷേ ടീമിലെ മറ്റുള്ളവര്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ എന്ത് ചെയ്യാനാണ്? സ്വാഭാവികമായും ക്യാപ്റ്റന് നേര്‍ക്ക് ചോദ്യശരങ്ങള്‍ വരും. പൊള്ളാര്‍ഡും ജയവര്‍ധനെയും പറഞ്ഞതേ എനിക്കും പറയാനുള്ളൂ, ഈ തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഹാര്‍ദിക് ഒറ്റയ്ക്ക് ഈ പാപഭാരം ചുമക്കേണ്ടതില്ല'- അദ്ദേഹം വിശദീകരിച്ചു.
എട്ട് കളികളില്‍ നിന്ന് വെറും 162 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ യാദവിന്‍റെ സമ്പാദ്യം. ബുംറയാവട്ടെ ഏറ്റവും മോശം ഐപിഎല്‍ കരിയറിലൂടെയാണ് കടന്ന് പോകുന്നത്. ആകെ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് ഇതുവരെയും വീഴ്ത്താനായത്. ബ്രേക്കെടുത്ത് സ്വന്തം കളി വിലയിരുത്തി, പ്രകടനം മെച്ചപ്പെടുത്തി തിരിച്ചുവരാന്‍ ബുംറയും സൂര്യകുമാറും ശ്രമിക്കേണ്ടതുണ്ടെന്നും ഇയാന്‍ ബിഷപ് കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദിനെതിരായ കഴിഞ്ഞ കളിയില്‍ ട്രാവിസ് ഹെഡിന്‍റെ ബാറ്റില്‍ പന്ത് കൊണ്ടിട്ടും മുംബൈ താരങ്ങള്‍ അപ്പീല്‍ ചെയ്യാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. 30 പന്തില്‍ നിന്ന് 76 റണ്‍സാണ് ഹെഡ് അന്ന് അടിച്ചെടുത്തത്. മുംബൈ താരങ്ങള്‍ ഉറങ്ങുകയായിരുന്നോ, ഗെയിം ചെയ്ഞ്ചിങ് നിമിഷമായിരുന്നു അതെന്നായിരുന്നു അശ്വിന്‍റെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് ഹാര്‍ദികിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുള്ള മുറവിളി ഉയര്‍ന്നത്. ഇനിയുള്ള ആറ് മല്‍സരങ്ങളും ജയിച്ചാല്‍ മാത്രമേ ഇത്തവണ പ്ലേ ഓഫില്‍ കയറാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിയുകയുള്ളൂ.