പതിനഞ്ചുകാരന്‍ ആ വെള്ളക്കുപ്പായം അണിഞ്ഞ് മഡ്രിഡില്‍ ഇറങ്ങിയപ്പോള്‍ ഒരിക്കൽ കണ്ടുമറന്ന ദൃശ്യം വീണ്ടും മുന്നിലെത്തിയതുപോലെ. മഡ്രിഡ് നഗരത്തിന് എന്തും സാധ്യമാണെന്ന് ഒരിക്കൽ വിശ്വസിപ്പിച്ച ഇതിഹാസത്തിന്റെ ഓര്‍മകള്‍ അലയടിച്ചു. ക്ലബ്ബിന്റെ 'കഡേറ്റ് എ' അഥവാ അണ്ടർ 16 ടീമിനൊപ്പമായിരുന്നു ക്രിസ്റ്റ്യാനൊ ജൂനിയറിന്റെ പരിശീലനം. അൽ നസ്ർ അക്കാദമിക്ക് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനൊ ജൂനിയർ ഇപ്പോൾ കുടുംബത്തോടൊപ്പം മഡ്രിഡിലാണ്. പരുക്കേറ്റ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ വിശ്രമത്തിനായാണ് സൗദിയിലെ റിയാദില്‍ നിന്ന് മഡ്രിഡിലെത്തിയത്.
ഇറാനിലെ സംഘർഷങ്ങളെ തുടർന്ന് മധ്യപൂർവേഷ്യയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ കണക്കിലെടുത്ത്, തങ്ങളുടെ മുൻതാരത്തിന്റെ മകന് പരിശീലനത്തിനായി റയല്‍ മഡ്രിഡ് അവസരം നല്‍കുകയായിരുന്നു. എന്നാൽ, ഈ നീക്കം അക്കാദമി പ്രവേശനത്തിലേക്ക് നയിക്കുമോ എന്ന് പറയാൻ സമയമായിട്ടില്ലെന്നും ക്ലബ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. എങ്കിലും തൂവെള്ള ജേഴ്സിയില്‍ അയാളുടെ മകന്റെ വരവ്, തുടങ്ങാനിരിക്കുന്ന ഒരു പുതിയ കഥയിലെ നായകന്റെ വരവായി കാണാനാണ് ആരാധകര്‍ക്കിഷ്ടം.
വിവിധ പ്രായവിഭാഗങ്ങളില്‍ പോര്‍ച്ചുഗല്‍ ജേഴ്സിയണിഞ്ഞിട്ടുണ്ട് ക്രിസ്റ്റ്യാനൊ ജൂനിയര്‍. ക്രൊയേഷ്യയ്ക്കെതിരെ നടന്ന വ്ലാറ്റ്കോ മാര്‍ക്കോവിച്ച് ടൂര്‍ണമെന്റില്‍ ഫൈനലില്‍ ഇരട്ടഗോളുകമായി ജൂനിയര്‍ പോര്‍ച്ചുഗലിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. ഫെഡറേഷന്‍ കപ്പ് കിരീടം നേടിയ അണ്ടര്‍ 16 ടീമംഗമായിരുന്നു. ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് പോര്‍ച്ചുഗല്‍ അന്ന് കിരീടം സ്വന്തമാക്കിയത്.